#കേരളചരിത്രം
#books
#literature
ഒരു ഗ്രാമച്ചന്ത
– 80 വര്ഷം മുൻപ്.
കഴിഞ്ഞ നൂറ്റാണ്ടിലെ കോഴിക്കോടിൻ്റെ ചരിത്രം വാഗ്മയചിത്രങ്ങളായി എസ് കെ പൊറ്റെക്കാട്ട് തൻ്റെ നോവലുകളിൽ വിശദമായി വിവരിക്കുന്നുണ്ട്. നാടൻ പ്രേമം എന്ന പ്രശസ്ത നോവലിൻ്റെ പശ്ചാത്തലം 80 വര്ഷം മുൻപ് കുഗ്രാമമായിരുന്ന മുക്കം ആണ്.
അടുത്ത കാലം വരെ ചന്ത ഏത് നാടിൻ്റെയും നാട്ടുകാരുടെയും ആവശ്യമായ ഒരു പ്രസ്ഥാനമായിരുന്നു. ഏല്ലാ ആഴ്ചയും നിശ്ചിത ദിവസങ്ങളിൽ സാധനങ്ങൾ വാങ്ങാനും വിൽക്കാനുമുള്ള വേദി.
കാലം മാറി. ഇന്ന് എല്ലാ കച്ചവട സ്ഥാപനങ്ങളും ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തിക്കുന്നു. പുതിയ തലമുറ കടകളിൽ പോകാറെയില്ല ( വലിയ മാളുകളിൽ പോകും; ഒത്തു കൂടാനും, സിനിമ കാണാനും, ഭക്ഷണം കഴിക്കാനും). ഇന്ന് ഏത് സാധനവും കടകളിൽ കിട്ടുന്ന വിലയ്ക്ക് ( ചിലപ്പോൾ അതിലും വില കുറച്ച്) ഓൺ ലൈനായി വീട്ടിലെത്തും. പണമിടപാടുകളും ഡിജിറ്റലായി.
നോവലിൽ 80 വര്ഷം മുൻപുള്ള മുക്കത്തെ ഒരു ചന്തയുടെ വിവരണം കാണുക.
……………………..
” ഞായറാഴ്ച തോറും ഇവിടെ ഒരു ചന്തകൂടാറുണ്ട്. അന്നുമാത്രമാണ് അങ്ങാടിയുടെ ഒരു ചെറിയ പതിപ്പ് അവിടത്തുകാർക്ക് ദർശിക്കുവാൻ കഴിയുന്നത്. നിത്യാവശ്യത്തിന് ഒഴിച്ചുകൂടാത്ത മിക്ക സാധനങ്ങളും വിൽപ്പനക്കും വിനിമയത്തിനും അവിടെ എത്തിക്കഴിയും . പുഴ വഴിക്കും കാളവണ്ടി വഴിക്കും കാവിൽ ചുമന്നും തലച്ചുമടായും തലേന്ന് രാത്രിതന്നെ പല സാമാനങ്ങളും അവിടെ എത്തിക്കഴിയും.
ഉപ്പുതൊട്ട് കർപ്പൂരംവരെ , ചീനച്ചട്ടി മുതൽ കൈതച്ചക്ക വരെ. ‘
അച്ഛനും അമ്മയും അല്ലാത്ത മുതലുകളെല്ലാം ‘ അവിടെ കിട്ടുമെന്നാണ് കാരണവന്മാരുടെ മൊഴി. ഏതായാലും എന്തു വേണ്ടെന്നിരുന്നാലും , ഉപ്പും മണ്ണെണ്ണയും പുകയിലയും ഉണക്കമത്സ്യവും വാങ്ങുവാൻ അവർക്ക് ചന്തയിൽ പോകാതെ കഴിയില്ല. ചന്തദിവസം മുക്കത്തുകാർക്ക് ഒരു മഹോത്സവമത്രെ. പരിച്ചിതരും അപരിചിതരുമായ അനേകം പേരെ ഒന്നിച്ചുകാണുന്ന അവസരമാണത്.
നഗരത്തിലെ മോടിയേറിയ സാധനങ്ങൾ അവരുടെ മടിശ്ശീലക്കടടുത്ത് വിരുന്നുവരുന്ന ഒരു പുണ്യദിനമാണന്ന്. തങ്ങളുടെ ഉൽപ്പന്നങ്ങൾ എളുപ്പം വിൽപ്പന കഴിച്ച് മടിനിറയെ
‘ പുത്തനും ‘ കൊട്ട നിറയെ സാധനങ്ങളുമായി അവർക്ക് മടങ്ങിപ്പോരാം. അന്നവർക്ക് ഒഴിവുദിവസമാണ്. എന്നാൽ ഏറ്റവും തിരക്കുള്ള ദിവസവും അന്നുതന്നെയാണ്. ചിരട്ടക്കയിൽ മുതൽ ജപ്പാൻമുടിപ്പൂവു വരെ അവിടെ വിൽപ്പനക്ക് വെച്ച ഓരോ സാധനവും അവർക്ക് പരിശോധിക്കണം. ആവശ്യമില്ലെങ്കിലും വില പേശണം “
………………….
അക്കാലത്തെ അവശ്യ സാധനങ്ങളുടെ ലിസ്റ്റ് കേൾക്കുമ്പോൾ പുതിയ തലമുറക്ക് ചിരി വരുമായിരിക്കും. പലതും അവർ കേട്ടിട്ട് കൂടിയുണ്ടാവില്ല.
– ജോയ് കള്ളിവയലിൽ.
Posted inUncategorized