ജാതി സമ്പ്രദായം ഒരു ഹിന്ദുരാഷ്ട്രത്തെ തിരിച്ചറിയാനുള്ള സവിശേഷ അടയാളമാണെന്ന് ഹിന്ദുത്വ ദേശീയതയുടെ പ്രോക്താവായ സവർക്കർ പ്രസ്താവിക്കുന്നുണ്ട് (Institution in Favour of Nationality). “ഏതെങ്കിലും ഒരു ക്ഷത്രിയൻ തന്റെ കടമക്ക് പകരം കൃഷിയോ മറ്റേതെങ്കിലും തൊഴിലോ തെരെഞ്ഞെടുത്താൽ അയാൾക്ക് ലഭിക്കുന്ന ആദരവും അംഗീകാരവും നഷ്ടമാകുന്നു” എന്ന് ഹിന്ദുത്വയിൽ സവർക്കർ രേഖപ്പെടുത്തുന്നു. “ജാതി സമ്പ്രദായം അതിന്റെ വിശ്വാസത്തിന്റെ പാതയിൽ ശുദ്ധരക്തം ഒഴുക്കാനുള്ള വഴികൾ മാത്രമായിരുന്നു” എന്നും ഹിന്ദുത്വയിൽ സവർക്കർ എഴുതുന്നു. 1923 ൽ പ്രസിദ്ധീകരിച്ച ഹിന്ദുത്വ (Hindutva) ഇപ്പോൾ നൂറ് വർഷം പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. നമ്പൂതിരി ബ്രാഹ്മണരുടെ ശൂദ്രസംബന്ധത്തെയും സന്താനോത്പാദനത്തെയും ഗോൾവാൾക്കർ ആര്യൻ വംശോൽക്കർഷ ശാസ്ത്രമായാണ് അവതരിപ്പിച്ചത്. ആർ. എസ്. എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ചുരുക്കത്തിൽ ആര്യൻ വംശീയ സിദ്ധാന്തത്തിലും ചാതുർവർണ്യ അസമത്വവ്യവസ്ഥയിലും ബ്രാഹ്മണ്യ മേൽക്കോയ്മയിലുമാണ് ഹിന്ദുത്വം പടുത്തുയർത്തിയിരിക്കുന്നത്. മറ്റ് വാക്കുകളിൽ പറഞ്ഞാൽ അസമത്വ ബ്രാഹ്മണ്യത്തിന്റെ മറ്റൊരു പേര് മാത്രമാണ് ഹിന്ദുത്വം.
Posted inUncategorized