#ഓർമ്മ
സാമുവൽ ജോൺസൺ.
പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഇംഗ്ലീഷ് എഴുത്തുകാരനായ ഡോക്ടർ സാമുവൽ ജോൺസൻ്റെ (1709-1784) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 18.
ഇംഗ്ലീഷിലെ ആദ്യത്തെ ആധികാരികമായ നിഘണ്ടു എഴുതിയത് ഡോക്ടർ ജോൺസനാണ്. ഫ്രഞ്ചുകാർ അവരുടെ നിഘണ്ടു ഉണ്ടാക്കാൻ 40 വര്ഷം എടുത്തപ്പോൾ ജോൺസൺ വെറും 9 വര്ഷം കൊണ്ട് 1755ൽ ആ മഹായത്നം പൂർത്തിയാക്കി.
1765ൽ പൂർത്തിയാക്കിയ 8 വാല്യങ്ങളുള്ള ഷെയിക്സ്പിയർ നിരൂപണത്തെ വെല്ലാൻ വേറേയാർക്കും കഴിഞ്ഞിട്ടില്ല. 1779 മുതൽ 81 വരെ തുടർന്ന 10 വാല്യങ്ങളുള്ള കവികളുടെ ജീവചരിത്രപരമ്പരയുമായി താരതമ്യം ചെയ്യാവുന്ന ഒരു രചന ഉണ്ടായിട്ടില്ല .
ചെറുപ്പത്തിൽ രോഗപീഠയാൽ കഷ്ടപ്പെട്ട ജോൺസൺ, തൻ്റെ ബുദ്ധിശക്തി കൊണ്ട് പ്രതിസന്ധികൾ എല്ലാം തരണം ചെയ്തു.
സ്കൂളിലെ പഠനത്തെക്കുറിച്ച് അദ്ദേഹം എഴുതിയത് , “ആ അധ്യാപകൻ ഒരാളെയും ഒന്നും പഠിപ്പിച്ചിട്ടില്ല. അയാൾ തല്ലി. കുട്ടികൾ പഠിച്ചു ” എന്നാണ്.
1728 ൽ പെമ്പ്രോക്ക് കോളേജിൽ ചേർന്നെങ്കിലും പണമില്ലാത്തത് കൊണ്ട് 13മാസം കഴിഞ്ഞപ്പോൾ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ 1765ൽ ഡബ്ലിനിലെ ട്രിനിറ്റി കോളേജും, 1775ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ഡോക്ടറേറ്റ് നൽകിയതോടെ അദ്ദേഹം ഡോക്റ്റർ ജോൺസൺ എന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന മഹാനായി മാറി.
സ്വച്ഛമായി എഴുതാൻ അദ്ദേഹം കണ്ടുപിടിച്ച മാർഗം, 25 വയസ്സിൽ തന്നെക്കാൾ 20 വര്ഷം പ്രായം കൂടുതലുള്ള എലിസബത്ത് പോർട്ടർ എന്ന ധനികയായ വിധവയെ വിവാഹം ചെയ്യുക എന്നതാണ് .
1738 മുതൽ The Gentleman’s Magazine എന്ന പ്രസിദ്ധീകരണത്തിലാണ് അദ്ദേഹത്തിൻ്റെ നിരവധിയായ സാഹിത്യരചനകൾ വെളിച്ചം കണ്ടത്.
കുറിക്കുകൊള്ളുന്ന ഒറ്റ വാചകങ്ങൾ ജോൺസൻ്റെ ട്രേഡ് മാർക്ക് ആയിരുന്നു.
” Patriotism is the last refuge of the scoundrel”.
“Marriage has many pains, but celibacy has no pleasures”.
1763ലാണ് 22കാരനായ ജയിംസ് ബോസ്വെലിനെ പരിചയപ്പെടുന്നത്. ബോസ്വേൽ എഴുതിയ ഡോക്ടർ ജോൺസൻ്റെ ജീവചരിത്രം , ആ സാഹിത്യശാഖയിലെ ഏറ്റവും മഹത്തായ കൃതിയായി പരിഗണിക്കപ്പെടുന്നു.
– ജോയ് കള്ളിവയലിൽ.






