#ഓർമ്മ
സി എൻ അണ്ണാദുരെയ്.
ദ്രവീഡിയൻ ജനതയുടെ ഉയർത്തെഴുനേൽപ്പിനു കാരണക്കാരനായ അണ്ണാദുരെയുടെ (1909-1969) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 15.
കാഞ്ചീപുരത്ത് ജനിച്ച അണ്ണാ, മദ്രാസ് പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബി എ, എം എ ബിരുദങ്ങൾ നേടി. പെരിയാർ ഇ വി ആറ് പ്രസിഡൻ്റായിരിക്കെ ജസ്റീസ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
തമിഴകം കണ്ട എക്കാലത്തെയും മികച്ച പ്രഭാഷകനായിരുന്നു ജനങ്ങൾ പെരിഞ്ഞർ അണ്ണാ ( വലിയേട്ടൻ) എന്നു വിളിച്ചിരുന്ന ഈ നേതാവ്. തൻ്റെ പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും ബ്രാഹ്മണമേധാവിത്വം തകർക്കാനും ദ്രാവിഡജനതയുടെ മുന്നേറ്റത്തിനുമായി അദ്ദേഹം നിരന്തരം പോരാടി. തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ജനപ്രിയ മാധ്യമമായ സിനിമകളുടെ നിരവധി തിരക്കഥയും എഴുതി. അണ്ണായും ശിഷ്യൻ കരുണാനിധിയുമാണ് എം ജി ആറ് എന്ന വീരനായകന് ജന്മം നൽകിയത്. 1944ൽ ജസ്റ്റീസ് പാർട്ടി ദ്രാവിഡ കഴകം പാർട്ടിയായി മാറി.
പെരിയാറുമായുള്ള അഭിപ്രായഭിന്നത മൂർച്ഛിച്ച് കരുണാനിധി, എം ജി ആറ് തുടങ്ങിയ നേതാക്കളുമായി ചേർന്ന് അണ്ണാദുരെ 1949ൽ ദ്രാവിഡ മുന്നേറ്റ കഴകം (DMK) എന്ന പുതിയ പാർട്ടിയുണ്ടാക്കി.
1952ൽ 15എം എൽ എമാരെ ജയിപ്പിക്കാൻ പുതിയ പാർട്ടിക്ക് കഴിഞ്ഞു. 1957ൽ 50 പേര് ജയിച്ചെങ്കിലും അണ്ണാ തോറ്റു. തുടർന്ന് രാജ്യസഭാ എം പിയായി.
1967ൽ പാർട്ടി വൻഭൂരിപക്ഷം നേടി അധികാരം പിടിച്ചു . അണ്ണാ മുഖ്യമന്ത്രിയായി. ഹിന്ദി ഉൾപ്പെട്ട ത്രിഭാഷാ പദ്ധതി ഉപേക്ഷിച്ചു തമിഴും ഇംഗ്ലീഷും മാത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി.
2 വര്ഷം കഴിഞ്ഞു മദ്രാസ് സംസ്ഥാനത്തിൻ്റെ പേര് തമിഴ് നാട് എന്നാക്കി മാറ്റി. 40 ദിവസം കഴിഞ്ഞപ്പോൾ കാൻസർ മൂലം ലോകത്തോട് വിടപറയേണ്ടി വന്നു. തമിഴകം കണ്ട എക്കാലത്തെയും വലിയ ജനസഞ്ചയമാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിൻ്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized