#books
ഇന്നലെയുടെ തീരത്ത്.
കോൺഗ്രസിൻ്റെ സമുന്നതനേതാവായ പ്രൊഫസർ ജി ബാലചന്ദ്രൻ്റെ ആത്മകഥ കോൺഗ്രസുകാർ എല്ലാവരും നിർബന്ധമായി വായിക്കേണ്ട പുസ്തകമാണ്.
സാധാരണയായി കോൺഗ്രസ് നേതാക്കൾ ആത്മകഥ എഴുതാൻ ധയ്ര്യപ്പെടാറില്ല. കാരണം ഒന്നും തുറന്ന് എഴുതാൻ പറ്റില്ല. വേറൊരു പാർട്ടിയിലും ഇല്ലാത്തത്ര ഗ്രൂപ്പിസവും തൊഴുത്തിൽകുത്തും കുതികാൽവെട്ടലും കാലുവാരലുമാണ് കഴിഞ്ഞ 50 വര്ഷത്തെയെങ്കിലും കോൺഗ്രസിൻ്റെ ചരിത്രം.
ആലപ്പുഴയാണ് പ്രൊഫസർ ബാലചന്ദ്രൻ്റെ തട്ടകം. 50 വർഷത്തെ രാഷ്ട്രീയജീവിതത്തിൽ ഉജ്വലവാഗ്മിയായ ബാലചന്ദ്രന് എം എൽ എ യോ എം പി യോ ഒന്നുമാകാനുള്ള യോഗമുണ്ടായില്ല. ഗ്രൂപ്പ് പോരാളിയായി മുൻപന്തിയിൽ നിന്നില്ല എന്നതാണ് കാരണം എന്ന് അദ്ദേഹം കരുതുന്നു.
ആലപ്പുഴ എന്ന ഒരു ജില്ലയിൽ മാത്രം അരങ്ങേറിയ കളികളുടെ ഒരു നേർച്ചിത്രം അദ്ദേഹം പുസ്തകത്തിലൂടെ പറഞ്ഞുതരുന്നു. അതും നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് തന്നെ.
അതിനുള്ള ധൈര്യം കിട്ടിയത് ഇനിയൊരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന തീരുമാനം എടുക്കാൻ കഴിഞ്ഞത്കൊണ്ടാണ്. നേതാക്കളുടെ കളികൾക്കിടയിലും കയർ ബോർഡ് ചെയർമാൻ സ്ഥാനം നേടിയ കഥ വായിക്കുമ്പോൾ ചിരിക്കണോ കരയണോ എന്ന് നമുക്ക് അറിയില്ല.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ മുൻനിർത്തി നേട്ടം കൊയ്യാനുള്ള കോൺഗ്രസിൻ്റെ ശ്രമം പതിവുപോലെ നേതാക്കൾ തമ്മിലുള്ള കോഴിപ്പോരായി മാറുകയാണ് ചെയ്തത്. പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നായയുടെ വാൽ വളഞ്ഞുതന്നെയിരിക്കും എന്ന ചൊല്ല് കൃത്യമാണ് എന്ന് ബാലചന്ദ്രൻ്റെ ആത്മകഥ പറഞ്ഞുതരുന്നു.
– ജോയ് കള്ളിവയലിൽ.
