#ഓർമ്മ
#ചരിത്രം
വി ഓ ചിദംബരം പിള്ള.
വി ഓ സി എന്നും കപ്പലോട്ടിയ തമിഴൻ എന്നും തമിഴകം മുഴുവൻ പ്രകീർത്തിക്കപ്പെടുന്ന വി ഓ ചിദംബരം പിള്ളയുടെ ( 1867-1936)
ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 5.
ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിയിലെ തിരുനൽവേലി ജില്ലയിൽ ജനിച്ച വി ഓ സി, 1895ൽ തിരുച്ചിറപ്പള്ളിയിൽ നിന്ന് നിയമബിരുദം നേടി പ്ലീഡറായി പ്രാക്ടീസ് തുടങ്ങി. യാത്രക്കപ്പലുകൾ ഓടിക്കുന്നതിൽ ബ്രിട്ടീഷ് കമ്പനികൾക്കുളള ആധിപത്യം തകർക്കാൻ തീരുമാനിച്ച വി ഓ സി, 1905ൽ സ്വദേശി ഷിപ്പിങ് കമ്പനി തുടങ്ങി – 10 ലക്ഷം രൂപ മൂലധനം, 25 രൂപയുടെ 40000 ഷെയറുകൾ. ആദ്യം വാടകക്കെടുത്ത കപ്പലിൻ്റെ കരാർ ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനി റദ്ദ് ചെയ്യിച്ചു. സ്വന്തമായി രണ്ടു കപ്പലുകൾ വാങ്ങി വി ഓ സി അവരെ വെല്ലുവിളിച്ചു. തൂത്തുക്കുടി – സിലോൺ യാത്രക്കൂലി അവർ ഒരു രൂപയാക്കി കുറച്ചപ്പോൾ വി ഓ സി കൂലി അര രൂപ( 8 അണ)യാക്കി.
മദ്രാസിൽവെച്ച് പരിചയപ്പെട്ട കവി സുബ്രമണ്യഭാരതി ഉറ്റസുഹൃത്തായി മാറി. ബാലഗംഗാധര തിലകൻ്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ചിദംബരം പിള്ള 1905ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് സേലം ജില്ലാ സമ്മേളനത്തിൻ്റെ അധ്യക്ഷനായി.
ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായി മാറിയ വി ഓ സിയെ രാജ്യദ്രോഹക്കുറ്റം ചാർത്തി 1908 മാർച്ച് 12ന് അറസ്റ്റ് ചെയ്തു ഇരട്ട ജീവപര്യന്തം ( 40 വര്ഷം) തടവിന് ശിക്ഷിച്ചു. ശിക്ഷ പിന്നീട് 4 വര്ഷം തടവായി കുറച്ചു. കപ്പൽ കമ്പനി സര്ക്കാര് 1911ൽ ലിക്വിഡേറ്റ് ചെയ്തു. വി ഓ സി യും കുടുംബവും തികച്ചും നിസ്വരായി മാറി.
ഗാന്ധിജിയുടെ രംഗപ്രവേശത്തിനുശേഷം ഇരുവരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസംമൂലം 1920ൽ വി ഓ സി കോൺഗ്രസ് വിട്ടു. ലൈസൻസ് തിരിയെ ലഭിച്ച അദ്ദേഹം 1927ൽ കോവിൽപ്പട്ടിയിൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. 1929ൽ തൂത്തുക്കുടിയിലേക്ക് താമസം മാറ്റി. ശിഷ്ടജീവിതം പുസ്തകരചനയിൽ മുഴുകി. തികച്ചും ദരിദ്രനായി ഈ സ്വാതന്ത്ര്യസമരപ്പോരാളിയുടെ ജീവിതം അവസാനിച്ചു.
സ്വതന്ത്ര്യപ്രാപ്തിക്കു ശേഷം രാജ്യത്തിൻ്റെ ഈ വീരപുത്രൻ്റെ കീർത്തി എല്ലായിടത്തും പടർന്നു.
ശിവാജി ഗണേശൻ അനശ്വരമാക്കിയ കപ്പലോട്ടിയ തമിഴൻ എന്ന ചലച്ചിത്രം വി ഓ സി യുടെ കഥ പറയുന്നു.
ഇന്ന് തമിഴ്നാട് മുഴുവൻ വി ഓ സിയുടെ പ്രതിമകൾ തലയുയർത്തി നിൽക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized