അയ്യങ്കാളി

#ഓർമ്മ

അയ്യങ്കാളി.

അയ്യങ്കാളിയുടെ (1863-1941) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 28.

അധസ്ഥിതവിഭാഗങ്ങളുടെ വിമോചകൻ എന്ന് ഇന്ന് സർവരാലും അംഗീകരിക്കപ്പെട്ടിരിക്കുന്ന മഹാനാണ് അയ്യങ്കാളി.
അദ്ദേഹം ജനിക്കുമ്പോൾ, അതിന് കുറച്ചുകാലം മുൻപു വരെ അടിമകളായി കഴിഞ്ഞിരുന്ന തന്റെ പുലയസമുദായം ജാതിവ്യവസ്ഥയുടെ ചങ്ങലയിൽ ബന്ധിതരായി തുടരുന്ന സ്ഥിതിയായിരുന്നു.
നമ്പൂതിരിയിൽ നിന്ന് 128 അടിയും, നായരിൽ നിന്ന് 64 അടിയും മാറി മാത്രമേ വഴിനടക്കാൻ പോലും അനുവാദമുള്ളൂ. തലേക്കെട്ടും കെട്ടി വില്ലുവണ്ടിയിൽ അയ്യങ്കാളി സ്വദേശമായ വെങ്ങാനൂരിൽ പൊതുനിരത്തിൽ നടത്തിയ യാത്ര, ആ അടിമച്ചങ്ങല പൊട്ടിക്കാൻ കരുത്തുള്ള ഒരു നേതാവിന്റെ ഉദയമായിരുന്നു.
ജന്മിമാരുടെ ചൂഷണത്തെ അയ്യങ്കാളി എതിർത്തത് അവരുടെ നിലങ്ങൾ കൊയ്യാതെയിട്ടുകൊണ്ടാണ്.
സ്വന്തം സമുദായത്തിൽ നിന്ന് 10 ബി എക്കാരെ സ്വപ്നം കണ്ട ആ മഹാൻ സ്വന്തമായി സ്കൂൾ സ്ഥാപിച്ച് ഒരു വിദ്യാഭ്യാസവിപ്ലവത്തിന് തുടക്കമിട്ടു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അധഃസ്ഥിത ജനത ഒറ്റക്കെട്ടായി മുന്നേറണം എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച സാധുജനപരിപാലന സംഘത്തിന് പക്ഷേ, അതേകാലത്ത് സ്ഥാപിക്കപ്പെട്ട എൻ എസ് എസ്, എസ് എൻ ഡി പി, സംഘടനകൾ പോലെ മുന്നേറാൻ കഴിഞ്ഞിട്ടില്ല. കാരണം ഭൂസ്വത്തിൽ ഉടമസ്ഥതയില്ലായ്‌മ, വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്താനുള്ള സാമ്പത്തികശേഷിയില്ലായ്‌മ, ഉപജാതികളെയും, പരിവർത്തിത ക്രിസ്ത്യാനികളെയും ഒപ്പം കൂട്ടുന്നതിൽ വിജയിക്കാഞ്ഞത്, എന്നിങ്ങനെ ഒട്ടേറെ കാരണങ്ങളുണ്ട്.
തിരുവനന്തപുരം വെള്ളയമ്പലത്തെ പ്രതിമ ദളിത് നവോഥാനനായകന് ഉചിതമായ സ്മാരകമാണ്. വി ജെ ടി ഹോൾ ഇന്ന് അയ്യങ്കാളി ഹോളാണ്. ജന്മവാർഷിക ദിനം പൊതു അവധിയാണ്.
പക്ഷേ സംവരണത്തിന്റെ ആനുകൂല്യങ്ങൾ പോലും ഇന്ന് ഇതര സമുദായങ്ങളുമായി പങ്കുവെക്കേണ്ടിവരുന്നു എന്നതാണ് വസ്തുത.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

    Leave a Reply

    Your email address will not be published. Required fields are marked *