മദർ തെരേസ

#ഓർമ്മ

മദർ തെരേസ.

മദർ തെരേസയുടെ (1910-1997) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 26.

ജീവിച്ചരിക്കുമ്പോൾത്തന്നെ വിശുദ്ധ എന്നു വിളിക്കപ്പെടാനുള്ള ഭാഗ്യം ലോകത്ത് അധികംപേർക്ക് ഉണ്ടായിട്ടില്ല.
അശരണരുടെയും അഗതികളുടെയും ഈ ദേവത, അൽബേനിയയിലെ സ്കോപ്ജേയിലാണ് ജനിച്ചത്.
തന്റെ ജീവിതം ലോകത്തിനുള്ളതാണ് എന്ന് തിരിച്ചറിഞ്ഞ ആഗ്നസ് കന്യാസ്ത്രീയായി, മിഷനറിജീവിതം തെരഞ്ഞെടുത്ത് ഇന്ത്യയിലെത്തി.
1928മുതൽ 1948വരെ ലൊരേറ്റോ സന്യാസി സമൂഹത്തിലെ അംഗമായിരുന്നു. ഇനി മടങ്ങിപ്പോക്കില്ല എന്ന് തീരുമാനിച്ച തെരേസ 1948ൽ ഇന്ത്യൻപൗരത്വം നേടി.
കൽക്കട്ടയിലെ തെരുവുകളിൽ പുഴുവരിക്കുന്ന ജീവനുകൾ അവരുടെ ജീവിതവീക്ഷണം തിരുത്തി.
കന്യാസ്ത്രീവേഷം ഉപേക്ഷിച്ചു ഒരു സാരിയുമുടുത്തു അവർ തെരുവിലേക്കിറങ്ങി. അനേകായിരങ്ങൾ അവരുടെ കയ്യിൽ കിടന്നു ശാന്തമായി ജീവൻ വെടിഞ്ഞു. സാവധാനം അവരുടെ പ്രവർത്തനം തിരിച്ചറിഞ്ഞു കൂടെക്കൂടാനും, സഹായങ്ങൾ നല്കാനും ആളുകൾ ഉണ്ടായി.
നീല ബോർഡറുള്ള വെളുത്ത കോട്ടൺസാരി ലോകമെങ്ങും കരുണയുടെ പ്രതീകമായിമാറി. ഇന്ന് 133 രാഷ്ട്രങ്ങളിൽ മദർ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സേവനം അനുഷ്ഠിക്കുന്നു. യുദ്ധങ്ങൾക്കും കെടുതികൾക്കും നടുവിൽ അവർ പ്രതീക്ഷയുടെ തിരിനാളങ്ങളായി അഗതിമന്ദിരങ്ങളും ശിശുഭവനങ്ങളും നടത്തുന്നു.
അന്താരാഷ്ട്രതലത്തിൽ നോബൽ സമ്മാനം ഉൾപ്പെടെ നൽകി അവർ ആദരിക്കപ്പെട്ടു.
പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി രാഷ്ട്രം അവരുടെ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു. കത്തോലിക്കാസഭ 2016ൽ മദർ തെരെസയെ വിശുദ്ധ എന്ന് പ്രഖ്യാപിച്ചു.
കോട്ടയത്തുവെച്ച് 1980കളിൽ നേരിൽ കാണാനായതാണ് എന്റെ ജീവിതത്തിലെ ഒരു അനർഘനിമിഷം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *