#ഓർമ്മ
#ചരിത്രം
ഡെങ്ങ് സിയാവോ പിങ്.
1970 കളുടെ അവസാനം മുതൽ 1997ൽ മരണം വരെ ചൈനയുടെ ഏറ്റവും സ്വാധീനമുളള നേതാവായിരുന്ന ഡെങ് സിയാവോ പിങ്ങിൻ്റെ (1904-1997) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 22.
കമ്മ്യൂണിസ്റ്റ് ചൈനയുടെ പിതാവായിരുന്നു മാവോ സേതൂങ്. പക്ഷെ ആധുനിക ചൈനയുടെ പിതാവ് ഡെങ് ആണ്.
1920 മുതൽ 24 വരെ ഫ്രാൻസിൽ പഠിച്ച ഡെങ്, 1925ൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. 1931 ആയപ്പോഴേക്കും നേതാവായി ഉയർന്ന ഡെങ് 1934 മുതൽ 35 വരെ നടന്ന മാവോയുടെ ലോംഗ് മാർച്ചിൽ പങ്കെടുത്തു. 1937ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി. 1949ൽ മാവോ അധികാരം പിടിച്ചതോടെ കിഴക്ക് പടിഞ്ഞാറൻ ചൈനയിലെ പാർട്ടി നേതാവായി. 1952ൽ ബേജിങ്ങിലേക്ക് വിളിക്കപ്പെട്ട ഡെങ് ഉപപ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു. 1954ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി.
1966 മുതൽ 76 വരെ നീണ്ട കൾച്ചറൽ റെവലൂഷൻ്റെ സമയത്ത് ഏല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കം ചെയ്യപ്പെട്ട ഡെങ്ങിനെ 1973ൽ മാവോ തിരിച്ചുവിളിച്ചു. പ്രധാനമന്ത്രി ചൗ എൻ ലായിയുടെ കീഴിൽ അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയാക്കി. ചൗവിൻ്റെ മരണശേഷം മാവോയുടെ ഭാര്യ നേതൃത്വം നൽകിയ ഗാങ് ഓഫ് ഫോർ വീണ്ടും പുറത്താക്കിയ ഡെങ് 1976 ൽ മാവോയുടെ മരണശേഷം അത്ഭുതകരമായ തിരിച്ചുവരവു നടത്തി. പിന്നീട് ഡെങ്ങിൻ്റെ ദർശനങ്ങളാണ് ചൈനയെ പുതിയ പാതയിൽ നയിച്ചത്. കൾച്ചറൽ റെവലൂഷൻ സ്രഷ്ടിച്ച നാശത്തിൻ്റെ വക്കിൽ നിന്ന് ചൈനയുടെ സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റത്തിന് വഴിയൊരുക്കിയത് ഡെങ്ങിൻ്റെ നേതൃത്വമാണ്. പൂച്ച കറുത്തതായാലും വെളുത്തതതായാലും എലിയെ പിടിക്കുന്നതിലാണ് കാര്യം എന്ന ഡെങ് വചനം ഒരു പുതിയ തരം കമ്മ്യൂണിസത്തിൻ്റെ ആരംഭം കുറിക്കുകയായിരുന്നു .
– ജോയ് കള്ളിവയലിൽ.
Posted inUncategorized