യു ആർ അനന്തമൂർത്തി

#ഓർമ്മ

യു ആർ അനന്തമൂർത്തി

അനന്തമൂർത്തിയുടെ (1932-2014) ഓർമ്മദിവസമാണ്
ഓഗസ്റ്റ് 22.

എഴുത്തുകാരനും, അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ യു ആർ അനന്തമൂർത്തി, കർണാടകയിലെ ദക്ഷിണ കാനറ ജില്ലയിൽ തീർധഹല്ലി ഗ്രാമത്തിൽ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. മൈസൂർ യൂണിവേഴ്സിറ്റിയിൽ പഠിച്ച് അവിടെ ഇംഗ്ലീഷ് അധ്യാപകനായി. ബർമിംഗാം യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് സമ്പാദിച്ചത്.
1966ൽ പ്രസിദ്ധീകരിച്ച സംസ്കാര എന്ന നോവലാണ് മൂർത്തിയെ പ്രസിദ്ധനാക്കിയത്. ദുർവാസപുര ഗ്രാമത്തിലെ നാരായണപ്പ എന്ന ബ്രാഹ്മണൻ മരിച്ചു. വേശ്യയുടെ ഒപ്പം ജീവിക്കുകയും മദ്യം കഴിക്കുകയും മുസ്ലിംകളുടെ കൂടെ മാംസം ഭക്ഷിക്കുകയും ചെയ്തിരുന്ന അയാളുടെ മൃതദേഹം സംസ്കരിക്കാൻ ഗ്രാമത്തിലെ ബ്രാഹ്മണര് തയാറാകുന്നില്ല. മുഖ്യകഥാപാത്രം പണ്ഡിതനായ പ്രാണേശാചാര്യ ആണെങ്കിലും നോവലിൽ അവസാനം വരെ നാരായണപ്പയുടെ അദൃശ്യസാന്നിധ്യം നിറഞ്ഞുനിൽക്കുന്നു. അവിസ്മരണീയമായ വായനാനുഭവം നൽകുന്ന ഈ നോവൽ സിനിമയായപ്പോൾ എഴുത്തുകാരനും അഭിനേതാവുമായ ഗിരീഷ് കർണാട് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. നോവലും സിനിമയും നിരവധി അവാർഡുകൾ നേടി.
ഭാരതീപുര, ഖടശ്രാദ്ധ, അവസ്തെ, ബാരെ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.
1987 മുതൽ 91 വരെ കോട്ടയം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറായി പ്രവർത്തിച്ചതോടെ കാസർകോടുകാരിയായ അമ്മ വഴി പാതി മലയാളിയായ അനന്തമൂർത്തി കേരളത്തിൻ്റെ പ്രിയ പുത്രനായി മാറി.
കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡൻ്റ്, നാഷണൽ ബുക്ക് ട്രസ്റ്റ് അക്ഷ്യക്ഷൻ, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, തുടങ്ങി നിരവധി സ്ഥാനങ്ങൾ അലങ്കരിച്ച മൂർത്തി കന്നട, കേന്ദ്ര, സാഹിത്യ അക്കാദമി അവാർഡുകൾക്ക് പുറമെ 1994ൽ ജ്ഞാനപീഠം, 1998ൽ പദ്മഭൂഷൺ പുരസ്കാരങ്ങളും നേടി.
രാഷ്ട്രീയത്തിൽ കടുത്ത സോഷ്യലിസ്റ്റ് ആയിരുന്നു അനന്തമൂർത്തി.
സുരാഗി എന്ന ആത്മകഥ ഒരു നോവൽ പോയ സുന്ദരമായ അനുഭവമാണ്. കുഗ്രാമത്തിൽ സ്കൂളിലേക്ക് പോകുന്ന വഴിയിൽ ഉണ്ടായിരുന്ന, മനോഹരമായ പുഷ്പങ്ങൾ തരുന്ന മരമാണ് സുരാഗി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *