#ഓർമ്മ
എം പി മന്മഥൻ.
പ്രൊഫസർ എം പി മന്മഥൻ (1915-1994) എന്ന മഹാനായ ഗാന്ധിയൻ ഓർമ്മയായ ദിവസമാണ്
ഓഗസ്റ്റ് 15.
സ്കൂൾ പഠനകാലത്തു തന്നെ പ്രസംഗകനായി പേരെടുത്തയാളാണ് മന്മഥൻ സാർ.
ആലുവ യു സി കോളേജിൽനിന്ന് ബിരുദവും, പ്രൈവറ്റായി എം എയും ജയിച്ച്, പുതുതായി തുടങ്ങിയ മൂവാറ്റുപുഴ എൻ എസ് എസ് ഹൈസ്കൂളിൻ്റെ ഹെഡ്മാസ്റ്ററായി.
നാട്ടുകാരിൽനിന്നും സംഭാവന പിരിച്ച് വിദ്യാർഥികളുടെയൊ പ്പം മണ്ണ്, കല്ല്, തടി, എല്ലാം ചുമന്നു സ്കൂൾ കെട്ടിടമുണ്ടാക്കി, തന്നേക്കാൾ മുതിർന്ന വിദ്യാർത്ഥികളെ പഠിപ്പിച്ചു തുടക്കമിട്ട സാറിന്റെ അടുത്ത നിയോഗം, എൻ എസ് എസ് രജിസ്ട്രാർ, ജനറൽ സെക്രട്ടറി എന്നീ നിലകളിലായിരുന്നു.
1953ൽ ജയപ്രകാശ് നാരായണനെ കണ്ടുമുട്ടിയത് ജീവിതത്തിന്റെ വഴിമാറ്റി. ജോലി രാജിവെച്ചു മുഴുവൻ സമയ സർവോദയ പ്രവർത്തകനായി മാറിയ പ്രൊഫസർ മന്മഥൻ, മരണം വരെ ഗാന്ധിയൻ ആയിരുന്നു – അഹിംസയുടെ വക്താവും പ്രയോക്താവുമായിരുന്നു.
തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജിന്റെ പ്രിൻസിപ്പലായിരിക്കെ, തന്റെ ആദർശങ്ങളിൽ വെള്ളം ചേർക്കാൻ കഴിയാതെ രാജിവെച്ചു പൊതുപ്രവർത്തനം തുടങ്ങി.
കടബാധ്യതയിൽ നിന്ന് മോചനം നേടാനായി സുഹൃത്ത് അഖിലേശ്വരയ്യർ നിർമ്മിച്ച യാചകൻ എന്ന സിനിമയിൽ നായകവേഷം കെട്ടാനും സാർ തയാറായി.
എൻ എസ് എസ് സ്ഥാപനങ്ങൾക്കു വേണ്ടി ഫണ്ട് പിരിവ് നടത്താൻ കഥാപ്രസംഗം തുടങ്ങിയ മന്മഥൻ സാർ കേരളത്തിലെ അറിയപ്പെടുന്ന കഥാപ്രാസംഗികനായിമാറി.
അടിയന്തിരാവസ്ഥയെ എതിർത്ത് ഒളിവിലും ജെയിലിലും കഴിയാൻ സാറിന് ഒരു മടിയുമുണ്ടായില്ല. ജെയിലിൽ കൂടെയുള്ള രാഷ്ട്രീയനേതാക്കന്മാരെ രാമായണവും മഹാഭാരതവും പഠിപ്പിക്കാൻ സാർ സമയം കണ്ടെത്തി.
മദ്യനിരോധനം എന്ന മരീചികയാണ് സാറിന്റെ ജീവിതത്തിന്റെ അവസാനകാലം മുഴുവൻ അപഹരിച്ചത്.
സ്മൃതിദർപ്പണം എന്ന ആത്മകഥ ഒരു കാലഘട്ടത്തിന്റെ കൂടി കഥയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized