#ഓർമ്മ
#ചരിത്രം
റേഡിയോ പ്രക്ഷേപണം.
ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച ദിവസമാണ് 1927 ജൂലൈ 23.
ബോംബെയിൽ ഒരു സ്വകാര്യ കമ്പനിക്കാണ് ആദ്യമായി പ്രക്ഷേപണം നടത്താനുള്ള അനുമതി കിട്ടിയത്. തൊട്ടു പുറകെ ആഗസ്റ്റിൽ കൽക്കത്തയിലും റേഡിയോ വന്നു.
സർക്കാരിൻ്റെ ഉടമസ്ഥതയിൽ ആൾ ഇന്ത്യ റേഡിയോ എന്ന പേരിൽ പ്രക്ഷേപണം തുടങ്ങിയത് 1936 ജൂൺ 8നാണ്.
സ്വാതന്ത്ര്യപ്രാപ്ത്തിക്ക് ശേഷം ബി വി കേസ്ക്കർ എന്ന ഒരു വാർത്താ വിതരണ മന്ത്രി ചലച്ചിത്രഗാന പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചതോടെ കേഴ്‌വിക്കാർ കൂട്ടത്തോടെ റേഡിയോ സിലോണിലേക്ക് ചേക്കേറി. അവരെ തിരിച്ചു കൊണ്ടുവരാനായി 1957 ഒക്ടോബർ 3ന് വിവിധ ഭാരതി എന്ന പരിപാടി തുടങ്ങി.
1976 ജൂലൈ 23 മുതൽ ദൂരദർശൻ എന്ന പേരിൽ ടെലിവിഷൻ പ്രക്ഷേപണം സ്വതന്ത്ര സ്ഥാപനത്തിൻ്റെ ചുമതലയിലായി.
2023 മുതൽ എ ഐ ആർ എന്ന പേര് പൂർണ്ണമായി ഉപേക്ഷിച്ച് ആകാശവാണി എന്ന് മാത്രമാക്കി.
എൻ്റെ തലമുറയുടെ ഗൃഹാതുരമായ ഓർമ്മയാണ് റേഡിയോ. റേഡിയോ ഉള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ ആളുകൾ തടിച്ചുകൂടി വാർത്തകളും, ചലച്ചിത്ര ഗാനങ്ങളും, റേഡിയോ നാടകങ്ങളും മറ്റും കേൾക്കുന്നത് സാധാരണ കാഴ്ചയായിരുന്നു. ടെലിവിഷൻ പ്രചാരത്തിൽ വരുന്നതിനു മുൻപ് ഒരു ജനപ്രിയ പരിപാടിയായിരുന്നു ചലച്ചിത്ര ശബ്ദരേഖ.
ലളിത സംഗീത പാഠം കേട്ട് പാട്ടുകാരായ കുട്ടികളാണ് കഴിഞ്ഞ തലമുറയിൽ.
1977 ജൂലൈ 23 നാണ് ആദ്യമായി എഫ് എം പ്രക്ഷേപണം തുടങ്ങിയത്. ( അതിന് മുൻപ് പൊട്ടലും ചീറ്റലും നിറഞ്ഞ എ എം ആയിരുന്നു). നാടെങ്ങും സ്വകാര്യ സ്ഥാപനങ്ങൾ എഫ് എം പ്രക്ഷേപണം തുടങ്ങിയതോടെ റേഡിയോ വീണ്ടും യുവജനങ്ങൾക്ക് വരെ പ്രിയങ്കരമായി മാറിയിട്ടുണ്ട്. യാത്രക്കിടയിൽ എഫ് എം റേഡിയോ കേൾക്കുന്നതാണ് എൻ്റെ ഇഷ്ട വിനോദങ്ങളിൽ ഒന്ന്.
റേഡിയോയ്ക്ക് ലൈസൻസ് എടുക്കണം എന്നത് നിയമമായിരുന്ന ഒരു കാലം പുതിയ തലമുറക്ക് അത്ഭുതമായിരിക്കും.
ലൈസൻസ് ബുക്ക് പോസ്റ്റ് ഓഫീസിൽ കൊണ്ടുപോയി പണം അടച്ച് സ്റ്റാമ്പ് ഒട്ടിച്ചു മേടിക്കുന്നതാണ് 60 കൊല്ലം മുൻപത്തെ ഒരു ഓർമ്മ.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
എൻ്റെ ഗ്രാമത്തിൽ ആദ്യമായി ഒരു റേഡിയോ വന്നത് എൻ്റെ വീട്ടിലാണ് എന്നത് ഒരു സ്വകാര്യ അഭിമാനമാണ്. 1960കളിൽ ജപ്പാനിൽ പോയി വന്ന അമ്മയുടെ സഹോദരൻ അമ്മക്ക് കൊടുത്ത വിലയേറിയ സമ്മാനം. മേശപ്പുറത്ത് വെക്കുന്ന വാൽവ് റേഡിയോ ആദ്യമായി കാണുന്നത് അമ്മയുടെ തറവാട്ടിലാണു്.
സ്കൂളിൽ പോകുമ്പോൾ കാഞ്ഞിരപ്പള്ളിയിലെ ഒരു കടയിൽ കണ്ട മർഫി മുന്ന എന്ന ട്രാൻസിസ്റ്റർ റേഡിയോ ഇന്നും ഓർമ്മയിലുണ്ട്.
ഞാൻ ആദ്യമായി വാങ്ങിയത് 1970കളുടെ അവസാനം ഒരു നാഷണൽ പാനാസോണിക് റേഡിയോ കാസറ്റ് റെക്കോർഡർ ആണ്.
ഇന്നിപ്പോൾ മൊബൈലിൽ പാട്ട് കേൾക്കുന്നു.
– ജെ. എ.
Posted inUncategorized