മാർ ലൂയിസ് പഴേപറമ്പിൽ

#ഓർമ്മ
#ചരിത്രം

മാർ ലൂയിസ് പഴേപറമ്പിൽ.

എറണാകുളം രൂപതയുടെ പ്രഥമ മെത്രാനായിരുന്നു മാർ ലൂയിസ് പഴേപറമ്പിൽ (1847-1919).

പ്രശ്നങ്ങൾക്ക് നടുവിൽ കിടന്നുഴറുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്കും വിശ്വാസികൾക്കും പ്രത്യാശ നൽകുന്നതാണ് മാർ ലൂയിസ് പഴേപറമ്പിലിൻ്റെ ജീവിതം.
കുട്ടനാട്ടിലെ ഏറ്റവും പുരാതനവും ധനശേഷിയുമുള്ള സുറിയാനി കത്തോലിക്കാ കുടുംബങ്ങളിൽ ഒന്നായ പുളിങ്കുന്ന് പഴേപറമ്പിൽ കുടുംബത്തിലെ ഏക പുരുഷസന്താനം വൈദികവൃത്തി സ്വീകരിക്കുന്നത് വീട്ടുകാർക്ക് ചിന്തിക്കാൻകൂടി കഴിയുമായിരുന്നില്ല. പക്ഷേ തൻ്റെ ജീവിതം ദൈവത്തിനും മനുഷ്യർക്കും വേണ്ടിയുള്ളതാണ് എന്ന ഉറച്ച തീരുമാനത്തിൽ നിന്ന് ആ യുവാവിനെ പിന്തിരിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല.
1870 ഡിസംബർ 4ന് ലൂയിസ് കത്തോലിക്കാസഭയിലെ പുരോഹിതനായി.
തദ്ദേശീയമെത്രാന്മാരെ നിയമിക്കണം എന്ന ആവശ്യവുമായി റോമിൽ സമർപ്പിച്ച മാന്നാനം ഹർജിയുടെ പിന്നിൽ പ്രവർത്തിച്ചവർ എന്ന് പറഞ്ഞ് , വിദേശിയായ വരാപ്പുഴ മെത്രാൻ 1875ൽ സഭയിൽ നിന്നു തന്നെ പുറത്താക്കിയ, ‘ഏഴു വ്യാകുലങ്ങൾ’ എന്ന് വിളിക്കപ്പെടുന്ന പുരോഹിതരിൽ ഒരാൾ പഴേപറമ്പിൽ ആയിരുന്നു.
പക്ഷേ സുറിയാനി കത്തോലിക്കർക്ക് അനുവദിച്ച കോട്ടയം വികാരിയത്തിൻ്റെ വികാർ അപ്പസ്തോലിക്ക ബിഷപ്പ് ചാൾസ് ലെവീഞ്ഞിൻ്റെ ഉപദേശകരിൽ ഒരാളായി പഴേപറമ്പിൽ തിരിയെയെത്തി എന്നതാണ് കാവ്യനീതി.
1896ൽ എറണാകുളം വികാരിയത്ത് സ്ഥാപിതമായപ്പോൾ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടത് മാർ ലൂയിസ് പഴേപറമ്പിൽ ആണ്.
1896 ഡിസംബർ 25ന് സിലോണിലെ കാണ്ടിയിൽ വെച്ച് അഭിഷിക്തനായ പുതിയ മെത്രാൻ നവംബർ 5ന് സ്ഥാനമേറ്റു. പിന്നീട് മരണം വരെ രൂപതയെ നയിച്ച പഴേപറമ്പിലാണ് എറണാകുളത്തിന് ഇന്നുള്ള പുരോഗതിക്ക് വിത്തു പാകിയത്. എറണാകുളത്തെ മനോഹരമായ ആസ്ഥാനമന്ദിരത്തിൻ്റെ നല്ലൊരു ഭാഗം അദ്ദേഹം നിർമ്മിച്ചത് തൻ്റെ കുടുംബസ്വത്ത് വിറ്റ് കിട്ടിയ പണം ഉപയോഗിച്ചാണ്.
ഇന്നത്തെ എറണാകുളം – അങ്കമാലി, കോതമംഗലം, ഇടുക്കി, രൂപതകളിലെ മിക്ക പുരാതന പള്ളികളും, മഠങ്ങളും നിർമ്മിക്കുന്നതിന് നേതൃത്വം കൊടുത്ത മെത്രാനാണ് മാർ ലൂയിസ് പഴേപറമ്പിൽ.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *