മിതവാദി സി കൃഷ്ണൻ

#ഓർമ്മ

മിതവാദി സി കൃഷ്ണൻ

മിതവാദി സി കൃഷ്ണൻ്റെ ( 1867-1938) ഓർമ്മദിവസമാണ്
നവംബർ 29.

അധഃസ്ഥിതജനതയുടെ പടവാൾ എന്നാണ് മിതവാദി പത്രം അറിയപ്പെട്ടിരുന്നത്.
ഗുരുവായൂരിനടുത്ത് മുല്ലശ്ശേരിയിലെ ഒരു സമ്പന്ന ഈഴവ കുടുംബത്തിലാണ് ജനിച്ചത്. 1896ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും തുടർന്ന് മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി വക്കീലായി പ്രാക്ടീസ് തുടങ്ങി.
അയ്യത്താൻ ഗോപാലൻ്റെ പ്രേരണയിൽ 1903 മുതൽ മിതവാദി പത്രം കോഴിക്കോട് നിന്ന് തുടങ്ങി. പത്രാധിപർ കൃഷ്ണൻ മുഖപ്രസംഗങ്ങളിലൂടെ അധഃസ്ഥിത ജനതയുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി.
1917ൽ തളി ക്ഷേത്രത്തിനു മുന്നിലൂടെ അവർണ്ണർ യാത്രചെയ്യുന്നത് നിരോധിച്ചപ്പോൾ കൃഷ്ണൻ ചെയ്തത് മഞ്ചേരി രാമയ്യരെയും കൂട്ടി ആ റോഡിലൂടെ കുതിരവണ്ടിയിൽ യാത്ര ചെയ്യുകയാണ്.
ശ്രീനാരായണഗുരുവിനെ ആദ്യമായി മലബാർ സന്ദർശനം നടത്താൻ ക്ഷണിച്ചത് കൃഷ്ണനും മൂർക്കോർത്ത് കുമാരനും ചേർന്നാണ്. ശിവഗിരി ആശ്രമത്തിൻ്റെ പ്രവർത്തനത്തിന് കൃഷ്ണൻ ഗുരുവിന് ശക്തമായ പിന്തുണ നൽകി.
യുക്തിവാദ പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ എന്ന നിലയിലാണ് കൃഷ്ണൻ്റെ പ്രശസ്തി. 1922 ൽ യുക്തിവാദി മാസിക പ്രസിദ്ധീകരിച്ചത് സഹോദരൻ അയ്യപ്പൻ , സി വി കുഞ്ഞിരാമൻ, എം സി ജോസഫ് തുടങ്ങിയവരുമായി ചേർന്നാണ്.
എസ് എൻ ഡി പി യോഗത്തിൻ്റെ ഒരു വാർഷിക സമ്മേളനത്തിൽ താൻ ബുദ്ധമതത്തിൽ ചേരുന്നതായി കൃഷ്ണൻ പ്രഖ്യാപിച്ചു.
കോൺഗ്രസിൻ്റെയും ഗാന്ധിയുടേയും എതിർപക്ഷത്തായിരുന്നു കൃഷ്ണൻ. അധഃസ്ഥിത വിഭാഗത്തിന് ഒപ്പം പരിഗണന കിട്ടാതെ സ്വാതന്ത്ര്യം കിട്ടിയിട്ട് അർഥമില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ പക്ഷം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *