#ഓർമ്മ
#literature
കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള.
മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ
( 1859 – 1936 ) ഓർമ്മദിനമാണ്
നവംബർ 29.
‘പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ,
തട്ടിൻപുറത്താഖു മൃഗാധിരാജൻ,
കാട്ടാളരിൽ കാപ്പിരി കാമദേവൻ,
കട്ടക്കയം ക്രൈസ്തവ കാളിദാസൻ’
മഹാകവി എന്ന് ചെറിയാൻ മാപ്പിളയെ വിശേഷിപ്പിച്ചത് സഹിക്കാൻവയ്യാതെ ഒരു കവി സമസ്യ പൂരിപ്പിച്ചതാണ് മുകളിൽ എഴുതിയത്.
സാഹിത്യം വരേണ്യവർഗത്തിൻ്റെ മാത്രം സ്വന്തമാണ് , ക്രിസ്ത്യാനിക്ക് കവിതയൊന്നും പറഞ്ഞിട്ടില്ല എന്ന പഴയകാലത്തെ വിശ്വാസത്തിൽനിന്നാണ് ഈ പരിഹാസം ഉയർന്നുവന്നത്.
ശ്രീയേശുവിജയം എന്ന മഹാകാവ്യമാണ് കട്ടക്കയത്തിന് മഹാകവിപ്പട്ടം നേടിക്കൊടുത്തത്. എന്തായാലും കട്ടക്കയം ക്രൈസ്തവ കാളിദാസൻ തന്നെയായി ഇന്നും ആദരിക്കപ്പെടുന്നു.
പാലായിലെ പുരാതനമായ കുടുംബമാണ് കട്ടക്കയം.
എഴുത്തുകളരിയിൽ നിന്നും ആദ്യപാഠങ്ങൾ പൂർത്തിയാക്കിയ ചെറിയാൻ മാപ്പിള സംസ്‌കൃതത്തിലും വൈദ്യശാസ്ത്രത്തിലും അറിവു നേടി. ‘അമരകോശം’, ‘രഘുവംശം’, ‘നൈഷധം’, ‘മാഘം’ തുടങ്ങിയ മഹാകൃതികളും ‘സഹസ്രയോഗം’, ‘അഷ്‌ടാംഗഹൃദയം’ തുടങ്ങിയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കി.
17 ആമത്തെ വയസ്സിൽ കുടക്കച്ചിറ കുടുംബത്തിലെ മറിയാമ്മയെ വിവാഹം ചെയ്തു. പിതാവിന്റെ അകാലമരണത്തെത്തുടർന്ന് വളരെ ചെറുപ്പത്തിൽതന്നെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടിവന്നെങ്കിലും
സാഹിത്യസപര്യ ഉപേക്ഷിച്ചില്ല.
‘സത്യനാദകാഹളം’, ‘ദീപിക’, ‘മലയാള മനോരമ’ തുടങ്ങിയ പത്രങ്ങളിൽ നിരവധി കവിതകൾ പ്രസിദ്ധപ്പെടുത്തി. 1913ൽ തുടങ്ങിയ ‘വിജ്ഞാനരത്നാകരം’ എന്ന സാഹിത്യമാസികയുടെ പത്രാധിപരായി പ്രവർത്തിച്ചു.
മീനച്ചിൽ റബർ കമ്പനി എന്ന പേരിൽ ഒരു റബർ വ്യാപാരസ്ഥാപനവും നടത്തി.
ശ്രീയേശുവിജയം മഹാകാവ്യത്തിന് പുറമെ അനേകം ഖണ്ഡകാവ്യങ്ങളും നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ബൈബിളിലെ
പുതിയ നിയമത്തെ
ആസ്പദമാക്കി രചിച്ച
ശ്രീയേശുവിജയം 1911നും 1926നും ഇടയിലാണ് എഴുതിയത്.
കട്ടക്കയം സമ്പൂർണ്ണകൃതികളുടെ ഒരു പതിപ്പ് കേരള സാഹിത്യ അക്കാദമി 2015ൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized