#ഓർമ്മ
വി ആർ കൃഷ്ണയ്യർ.
നവംബർ 15, ജസ്റ്റീസ്
വി ആർ കൃഷ്‌ണയ്യരുടെ
(1915 – 2014) ജന്മവാർഷികദിനമാണ്.
അഭിഭാഷകൻ, നിയമസഭാ സാമാജികൻ, മന്ത്രി, ഹൈക്കോടതി ജഡ്ജി, സുപ്രീംകോടതി ജഡ്ജി എന്ന നിലയിലെല്ലാം നാടിനെ സേവിക്കാൻ അവസരം ലഭിച്ച അദ്ദേഹം, അവിടെയെല്ലാം തന്റെ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു.
1957ലെ ഈ എം എസിൻ്റെ പ്രഥമ കേരള മന്ത്രിസഭയിൽ, നിയമം, ആഭ്യന്തരം, ജലസേചനം, ഉൾനാടൻ ഗതാഗതം, ജയിൽ, വിദ്യുച്ഛക്തി, സാമൂഹ്യസേവനം, എന്നീ സുപ്രധാനവകുപ്പുകൾ കൈയ്യാളി.
1968ൽ ഹൈക്കോടതി ജഡ്ജിയായ കൃഷ്ണയ്യർ, പിന്നീട് സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു.
അടിയന്തരാവസ്ഥക്ക് വഴിവെച്ച ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അപ്പീൽ കേസിൽ വിധി പറഞ്ഞ അദ്ദേഹം ലോകപ്രശസ്തനായി. നീതി നിഷേധിക്കപ്പെടുന്ന പാവങ്ങളുടെ ജഡ്ജിയായിരുന്നു കൃഷ്ണയ്യർ . ഇംഗ്ലീഷ് ഭാഷയുടെ സൗകുമാര്യം നിറഞ്ഞൊഴുകുന്ന അദ്ദേഹത്തിന്റെ വിധിന്യായങ്ങൾ നിയമഞ്ഞർക്കു മാത്രമല്ല സാഹിത്യവിദ്യാർത്ഥികൾക്കു കൂടി പഠനവിഷയമാണ്.
100 വയസ്സിൽ മരണം കീഴടക്കുന്നതു വരെ നിരന്തരം എഴുതിയും പ്രസംഗിച്ചും രാജ്യത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി ജനമനസ്സുകളിൽ അദ്ദേഹം ജീവിച്ചു.
നിയമം എല്ലാവരുടെ നേരെയും
കുരക്കും, പക്ഷേ കടിക്കുന്നത് പാവങ്ങൾ, ദലിതർ തുടങ്ങിയവരെ മാത്രമാണ് എന്ന നഗ്നസത്യം അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു.
നീതി ചില സന്ദർഭങ്ങളിൽ മാത്രം, ചിലർക്ക് മാത്രം ലഭ്യമാവുന്ന ഒന്നാണ് എന്ന് തോന്നിപ്പിക്കുന്ന സുപ്രീം കോടതി വിധികൾ കൃഷ്ണയ്യർ സ്വാമിയുടെ അഭാവം നമ്മെ ഓർമ്മിപ്പിക്കുന്നു. ( വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധികളെ വിമർശിച്ചത് ജുഡീഷ്യറി എത്തിനിൽക്കുന്ന അപചയത്തിൻ്റെ സൂചനയാണ്).
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രതിപക്ഷ കഷികൾ തെരഞ്ഞെടുത്തത് ജസ്റ്റീസ് കൃഷ്ണ അയ്യരുടെ വ്യക്തിപ്രഭാവം വെളിവാക്കുന്ന സംഭവമായി.
കൃഷ്ണ അയ്യർ സ്മാരക പ്രഭാഷണങ്ങളും
കൊച്ചിയിലെ കാൻസർ സെന്ററും അദ്ദേഹത്തിന്റെ നിത്യസ്മാരകമായി നിലനിൽക്കും.
മലയാളത്തിലെ ആത്മകഥ പക്ഷേ, ആ ബഹുമുഖവ്യക്തിത്വം പ്രതിഫലിപ്പിക്കാൻ പര്യാപ്തമായില്ല എന്നാണ് എന്റെ വിശ്വാസം.
– ജോയ് കള്ളിവയലിൽ.











