പത്തൊമ്പതാം നൂറ്റാണ്ടിലെ കോട്ടക്കൽ

#കേരളചരിത്രം
#books

പത്തൊമ്പതാം നൂറ്റാണ്ടിലെ കോട്ടക്കൽ.

ഒരു ചരിത്ര വിദ്യാർഥി എന്ന നിലയിൽ ഞാൻ വളരെയധികം ആശ്രയിക്കുന്ന രേഖകളാണ് ആത്മകഥകൾ. അക്കാദമിക ചരിത്രകാരന്മാർ അവഗണിച്ച പല വസ്തുതകളും ഇവയിൽ നിന്ന് നമുക്ക് ലഭിക്കും.

നൂറു ജന്മദിനങ്ങൾ ആഘോഷിക്കാൻ പുണ്യംചെയ്ത കേരളത്തിന്റെ മഹനീയ സന്തതിയാണ് കോട്ടക്കൽ ആര്യ വൈദ്യശാലയുടെ അധിപനായിരുന്ന
ഡോക്ടർ പി കെ വാര്യർ.

അദ്ദേഹത്തിന്റെ ആത്മകഥ പത്തൊൻപതാം നൂറ്റാണ്ടിലെ കോട്ടക്കലിന്റെ ചരിത്രം പറയുന്നത് വായിക്കുക:

” അനേകം അടരുകളുണ്ടായിരുന്നു കോട്ടക്കൽ സമൂഹത്തിന്. കോവിലകവും അതിന്റെ ആശ്രിതരും ആയിരുന്നു ഏറ്റവും മുകളിൽ. ഈ പ്രദേശത്തെ ഭൂമി മുഴുവൻ കോവിലകത്തിന്റെ വകയായിരുന്നു…..

….. ബ്രിട്ടീഷുകാരാണ് ഭരിക്കുന്നതെങ്കിലും നാട്ടുകാരെ സംബന്ധിച്ചടത്തോളം അധികാരം കോവിലകത്തിനായിരുന്നു. ഭൂമിയുടെ ഉടമാവകാശമാണ് അതിനു മുഖ്യകാരണം. ഒരു കുളം കുഴിക്കുകയോ വീടൊന്നു പുതുക്കിപ്പണിയുകയോ ചെയ്യുന്നതിനു പോലും കോവിലകത്തെ അനുമതി വേണ്ടിയിരുന്നു.

…… കോവിലകത്തെ ചുറ്റിപ്പറ്റി അനേകരുണ്ട്. ഭൂമികാര്യസ്ഥന്മാർ ഒരു കൂട്ടർ….
ഭക്ഷണം ഉണ്ടാക്കുന്നത് പരദേശി ബ്രാഹ്മണരാണ്…..
നമ്പൂതിരിമാർ മാത്രമേ തമ്പുരാട്ടിമാർക്ക് പുടവ കൊടുക്കുകയുള്ളു. ഇവരുടെയൊക്കെ ഭക്ഷണം കോവിലകത്തു നിന്നാണ്. പിന്നെ നെടുങ്ങാടി, എറാടി, വെള്ളോടി, കർത്താവ് തുടങ്ങിയ സാമന്തൻമാർ…….

നായൻമാർതന്നെ പതിനെട്ടു തരമുണ്ട്….. ഏറ്റവും മുന്തിയത് കിരിയത്തിൽ നായരാണ്. അവർക്ക് അടുക്കളയിൽ കടക്കാനും തമ്പുരാന്റെ ഒപ്പം നിൽക്കാനും അവകാശമുണ്ട്. നായൻമാർ മരിച്ചു പുല തീരുമ്പോൾ തളിക്കാനുള്ള അവകാശമാണ് അത്തികുറിശ്ശി നായൻമാർക്ക്. കോവിലകത്തെ ആവശ്യത്തിനുള്ള കലം കൊടുക്കാനുള്ള അവകാശം കലങ്കോട്ടി ( ആന്തൂരാൻ ) നായർക്കാണ്. വിളക്കിത്തല നായർ സവർണ്ണരുടെ ബാർബറാണ്. വെളുത്തേടത്ത് നായരാണ് അലക്കുകാർ. വെട്ടേക്കാട്ട് നായർ, പള്ളിച്ചാൻ നായർ എന്നിങ്ങനെ ഉപവിഭാഗങ്ങൾ അനവധിയാണ്.
ഈ ഓരോ ഉപവിഭാഗത്തിനും അവരുടെ അധികാരാവകാശങ്ങളിൽ വലിയ അഭിമാനമുണ്ടായിരുന്നു.

എല്ലാ കാര്യത്തിലുമുണ്ടായിരുന്നു ഈ തരംതിരിവുകൾ. പലതരം കലാപരിപാടികൾ കോവിലകത്തുണ്ടാവും….
.. കൂത്തു കേൾക്കുമ്പോൾ ബ്രാഹ്മണർക്ക് മാത്രമേ ഇരിക്കാൻ അധികാരമുള്ളു….
……. കോവിലകത്തുള്ളവർ ബ്രാഹ്മണർക്ക് പിറകെയാണ്. ഇരിക്കാൻ പാടില്ല. നിൽക്കണം. അതിന്റെ പിന്നിൽ ഒരു കയർ കെട്ടിയിട്ടുണ്ടാവും. അതിനപ്പുറത്താണ് ശൂദ്രരും അമ്പലവാസികളും ഉൾക്കൊള്ളുന്ന സാധാരണക്കാർ. അവർ ചിരിക്കാൻ പാടില്ല. ചിരിച്ചാൽ കാവൽക്കാരൻ വരും. – ശ്! മിണ്ടരുത്. ചിരിക്കാനധികാരം ബ്രാഹ്മണർക്കെ ഉള്ളൂ. “
– ( സ്മൃതിപർവം,
പി കെ വാര്യർ).

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *