#ഓർമ്മ
കെ പി കേശവമേനോൻ.
കെ പി കേശവമേനോന്റെ ( 1886- 1978) ഓർമ്മദിവസമാണ്
നവംബർ 9.
പാലക്കാട് രാജാവിന്റെ ഈ മകൻ ലണ്ടനിൽ നിന്ന് ബാരിസ്റ്റർ പരീക്ഷ പാസായി മദ്രാസിൽ വക്കീലായി.
ആനി ബസൻ്റിന്റെ സ്വാധീനമാണ് സ്വാതന്ത്ര്യസമരത്തിൽ ആണ്ടിറങ്ങാൻ പ്രേരകമായത്.
മലബാറിലെ കോൺഗ്രസ് പ്രവർത്തനത്തിന് ആക്കം കൂട്ടാനായി ഒരു മലയാള ദിനപ്പത്രം തുടങ്ങാൻ തീരുമാനിച്ചു.
കെ മാധവൻനായരുമായി ചേർന്ന് കോഴിക്കോട്ട് മാതൃഭൂമി പത്രം തുടങ്ങിയത് വീടുകൾ കയറിയിറങ്ങി യാചിച്ച് പണം സംഘടിപ്പിച്ചാണ്. മാതൃഭൂമി വളരെ വേഗം കോണ്ഗ്രസിന്റെ ജിഹ്വയായി മാറി.
കെ പി സി സി പ്രസിഡൻ്റ് ആയിരുന്ന കേശവമേനോനെയാണ് ഗാന്ധിജി തൻ്റെ പ്രതിനിധിയായി വൈക്കം സത്യാഗ്രഹ പന്തലിലേക്ക് അയച്ചത്.
പൊതുപ്രവർത്തനം വക്കീൽപ്പണിയിൽ നിന്നുള്ള വരുമാനം ഇല്ലാതാക്കി.
കടം വീട്ടാനും കുടുംബം നടത്താനുമായി സിംഗപ്പൂരിൽ അഭിഭാഷകനായിപ്പോകാൻ നിർബന്ധിതനാ യ കേശവമേനോൻ അവിടെ വക്കീൽ എന്ന നിലയിൽ വളരെ വേഗം പ്രശസ്തനായി.
സ്വാതന്ത്ര്യപ്പോരാട്ടം അവിടെയും തുടർന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ എൻ എ യുടെ പ്രൊവിഷണൽ മന്ത്രിസഭയിൽ വാർത്താവിതരണ വകുപ്പ് മന്ത്രിയായി.
ജപ്പാന്റെ ഇടപെടലിനെ എതിർത്ത് രാജിവെച്ചു. തടവിലാക്കപ്പെട്ട കേശവമേനോൻ കഠിനപീഡനത്തിന് ഇരയായ കഥകൾ തൻ്റെ കഴിഞ്ഞ കാലം എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്. ലോകമഹായുദ്ധം അവസാനിച്ചത് കൊണ്ടുമാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്.
ഇന്ത്യയിൽ തിരിച്ചെത്തി വീണ്ടും മാതൃഭൂമി പത്രാധിപരായി.
ഇടക്ക് കുറച്ചു കാലം ശ്രീലങ്കയിൽ ഹൈക്കമീഷണറായും പ്രവർത്തിച്ചു.
വാർദ്ധക്യകാലത്തു അന്ധത ബാധിച്ച ആ മഹാനെ 1970കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ കോഴിക്കോട്ടെ വസതിയിൽ പോയി കണ്ടത് ദീപ്തമായ ഒരു ഓർമ്മയാണ്.
യേശുവിന്റെ ചരിത്രം മലയാളത്തിൽ ആദ്യമായി എഴുതിയത് കേശവമേനോനാണ്.
“കഴിഞ്ഞ കാലം” എന്ന ആത്മകഥ മലയാളത്തിലെ ഒന്നാം നിരയിലുള്ള കൃതിയാണ്.
“നാം മുന്നോട്ട്” എന്ന പ്രതിവാരപംക്തി മലയാളികളെ മുഴുവൻ ചിന്തിപ്പിച്ചിരുന്ന ഒന്നാണ് .
– ജോയ് കള്ളിവയലിൽ.
Posted inUncategorized