#കേരളചരിത്രം
#ഓർമ്മ
സത്യൻ.
അനശ്വര നടൻ സത്യൻ്റെ
( 1912- 1971)
ജന്മവാർഷികദിനമാണ്
നവംബർ 9.
കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധത പുലർത്തിയിരുന്ന ആളുകൾ പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവികളായി മാറുന്ന കാഴ്ച ഇക്കാലത്ത് സാധാരണയാണ്. അക്കൂട്ടരിൽ ആദ്യ പഥികരിൽ പ്രമുഖനാണ് സത്യൻ.
സത്യൻ എന്ന നടൻ ജനിക്കുന്നതിന് മുൻപ് സത്യനേശൻ നാടാർ എന്ന തിരുവിതാംകൂർ നാട്ടുരാജ്യത്തെ പോലീസ് ഇൻസ്പെക്ടർ എന്ന ഒരു പൂർവ്വജന്മം കൂടി അദ്ദേഹത്തിനുണ്ട്. ഏത് ജോലിയായാലും ആത്മാർഥമായി ചെയ്യുക എന്നതാണ് അദ്ദേഹത്തിൻ്റെ മുഖമുദ്ര. ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ കീഴിൽ
കുപ്രസിദ്ധമായ പുന്നപ്ര വയലാർ വെടിവെപ്പിലും അതിക്രൂരമായ നരനായാട്ടിലും സജീവപങ്കാളിത്തം വഹിച്ച വ്യക്തിയാണ് സത്യനേശൻ നാടാർ. ആ നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിതാന്തശത്രു. അയാളെ ഉന്മൂലനം ചെയ്യാൻ വരെ ഒരുഘട്ടത്തിൽ പരിപാടിയുണ്ടായിരുന്നതാണ്.
പക്ഷേ കാലം എല്ലാ മുറിവുകളും ഉണക്കും. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടങ്ങളുടെ കഥകൾ പലതും സിനിമയിൽ അവതരിപ്പിച്ചത് സത്യനാണ്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ കാണിക്കുന്ന സമരജാഥ യഥാർഥത്തിൽ സി പി എം എറണാകുളത്ത് നടത്തിയ ഒരു ജാഥ ചിത്രീകരിച്ചതാണ്.
എം എം ലോറൻസ് തൻ്റെ ആത്മകഥയിൽ കൗതുകകരമായ ഒരു സംഭവം വെളിപ്പെടുത്തുന്നുണ്ട്.
മുകുന്ദപുരം പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർഥിയായി മത്സരിക്കാൻ സത്യനെ സമീപിച്ചിരുന്നു. പക്ഷേ രോഗം മൂലം മത്സരിക്കാൻ കഴിയില്ല എന്നു പറഞ്ഞു് സത്യൻ നിരസിക്കുകയായിരുന്നു .
പുന്നപ്ര വയലാറിലെ പോലീസ് ഇൻസ്പെക്ടറെക്കാൾ മലയാളികളുടെ മനസിൽ മായാതെ നിൽക്കുക അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ ചെല്ലപ്പൻ എന്ന തൊഴിലാളിയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
– ജോയ് കള്ളിവയലിൽ.
Posted inUncategorized