ടാഗോറിൻ്റെ കേരള സന്ദർശനം

#കേരളചരിത്രം

ടാഗോറിൻ്റെ കേരള സന്ദർശനം.

കേരളചരിത്രത്തിലെ സുരഭിലമായ ഒരേടാണ് 102 വര്ഷം മുൻപ് നടന്ന മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ സന്ദർശനം.

1922 നവംബർ 8ന് രാത്രി തീവണ്ടിമാർഗ്ഗം തിരുവനന്തപുരത്ത് എത്തിയ വിശ്വമഹാകവിയുടെ സംഘം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഇന്നത്തെ യൂണിവേഴ്സിറ്റി ലൈബ്രറി നിൽക്കുന്ന സ്ഥലത്ത് അന്ന് കോടതി പ്രവർത്തിച്ചിരുന്നു. അവിടെ മൂന്നുനില പന്തലുയർത്തിയാണ്‌ ടാഗോറിന് പിറ്റെദിവസം വരവേൽപ്പ് നൽകിയത്. മകൻ യതീന്ദ്രനാഥ് ടാഗോർ, മരുമകൾ പ്രതിമാ ടാഗോർ, പ്രൈവറ്റ് സെക്രട്ടറി സി.എഫ്.ആൻഡ്രൂസ് എന്നിവരുമൊത്താണ് മഹാകവി വന്നത്.
അക്കാലത്ത് മഹാരാജാവ് താമസിച്ചിരുന്നത് ശ്രിപദ്മനാഭ ക്ഷേത്രത്തിനു സമീപത്തുള്ള കൊട്ടാരത്തിലാണ്.
ടാഗോറും സംഘവും കോട്ടയ്ക്കകത്ത് കൃഷ്ണവിലാസം കൊട്ടാരത്തിലെത്തി ശ്രീമൂലം തിരുനാൾ മഹാരാജാവിനെ കാണുകയും വിരുന്നിൽ പങ്കെടുക്കുയും ചെയ്തു. രാജാവ് തൻ്റെ സംഭാവനയായി ഒരു പണക്കിഴി ടാഗോറിന് സമ്മാനിച്ചു.
തുടർന്ന് പൗരസ്വീകരണം നൽകി.

ദിവാൻ രാഘവയ്യ യുടെ നേതൃത്വത്തിലുള്ള സ്വീകരണക്കമ്മിറ്റിയിൽ ഡോക്ടർ പൽപ്പു, മഹാകവി ഉള്ളൂർ, മഹാകവി കുമാരനാശൻ, വക്കീൽ മള്ളൂർ ഗോവിന്ദപ്പിള്ള തുടങ്ങിയവരുണ്ടായിരുന്നു.
കുമാരനാശൻ്റെ ദിവ്യകോകിലം എന്ന മംഗളകാവ്യവും, ഉള്ളൂരും മള്ളൂരും രചിച്ച മംഗളകാവ്യങ്ങളും അന്ന് വിദ്യാർത്ഥിയായിരുന്ന സി.കേശവനാണ് വേദിയിൽ വായിച്ചത്.
ടാഗോറിൻ്റെ ഒരു നാടകവും വേദിയിൽ അവതരിപ്പിക്കപ്പെട്ടു.
ടാഗോറിൻ്റെയും കുടുംബത്തിൻ്റെയും ചിത്രം തലസ്ഥാനത്തെ ആദ്യ സ്റ്റുഡിയോകളിൽ ഒന്നായ രാമൻപിള്ള ബ്രദേഴ്സ് സ്വീകരണപ്പന്തലിൽ സെറ്റിട്ടാണ് പകർത്തിയത്. വിശ്വഭാരതി സർവ്വകലാശാലയുടെ ധനശേഖരണാർഥം നടന്ന പരിപാടിയായതിനാൽ ടിക്കറ്റ് വച്ചാണ് സന്ദർശകരെ പന്തലിലേക്ക് പ്രവേശിപ്പിച്ചത്.
രണ്ടാം ദിവസം സി.എഫ്. ആൻഡ്രൂസിൻ്റെ പ്രഭാഷണമായിരുന്നു.

മടക്കയാത്രയിൽ നവംബർ 15ന് ടാഗോർ വർക്കല ശിവഗിരിയിലെത്തി ശ്രീ നാരായണഗുരുവിനെ സന്ദർശിച്ചു. തുടർന്ന് പാരിപ്പള്ളി വഴി കൊല്ലത്തെത്തി തേവള്ളി കൊട്ടാരത്തിൽ വിശ്രമിച്ചശേഷം തൃപ്പൂണിത്തുറയിൽ കൊച്ചി രാജാവിനെ സന്ദർശിച്ചു .
ആലുവ അദ്വൈതാശ്രമവും ,ആലുവ യു .സി. കോളേജും സന്ദർശിച്ചശേഷം 1922 നവംബർ 19ന് മഹാകവി ഷൊർണൂർ വഴി ബാംഗ്ലൂർക്ക് പോയി…. ‘…………….
– ( കടപ്പാട് -ബിജു യുവശ്രീയുടെ പോസ്റ്റ്).

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *