#ഓർമ്മ
കെ ആർ നാരായണൻ.
ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ്റെ ചരമവാർഷികദിനമാണ്
നവംബർ 9.
കോട്ടയം ജില്ലയിലെ ഉഴവൂരിനടുത്ത് ഒരു ദളിത് കുടുംബത്തിൽ പിറന്ന മലയാളത്തിൻ്റെ ഈ മഹാനായ പുത്രൻ അയൽവാസിയുടെ സഹായം കൊണ്ടാണ് കോട്ടയം സി എം എസ് കോളേജിൽ പഠിച്ചത്.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ഉന്നത നിലയിൽ എം എ പാസായാശേഷം ഒരു ജോലിക്കായി ദിവാൻ സർ സി പി രാമസ്വാമി അയ്യരെ സമീപിച്ചപ്പോൾ കിട്ടിയ മറുപടി, പോയി കുല തൊഴിൽ ( തെങ്ങ് കയറ്റം) ചെയ്യാനാണ്. ആ ഡിഗ്രി സർട്ടിഫിക്കേറ്റ് ദിവാൻ്റെ കയ്യിൽ നിന്ന് വാങ്ങുന്നില്ല എന്ന് ആ അഭിമാനി തീരുമാനിച്ചു.
പിന്നീട് ഒരിക്കലും വാങ്ങിയതുമില്ല.
ബോംബെയിലെത്തി ഫ്രീ പ്രസ് ജേർണലിൽ ജോലി നേടിയ നാരായണന് ലണ്ടനിൽ പഠിക്കാൻ സ്കോളർഷിപ്പ് നൽകിയത് ടാറ്റായുടെ ഡയറക്ടർ മലയാളിയായ ഡോക്ടർ ജോൺ മത്തായിയാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഡയറക്ടർ ഹരോൾഡ് ലാസ്ക്കിയുടെ കത്തുമായി എത്തിയ യുവാവിന് പ്രധാനമന്ത്രി നെഹ്റു നേരിട്ട് വിദേശകാര്യ വകുപ്പിൽ ജോലി നൽകി. വിദേശ സർവീസിലിലുള്ളവർ വിദേശികളെ വിവാഹം ചെയ്യാൻ അനുവാദമില്ലാതിരുന്ന അക്കാലത്ത്
ഒരു ബർമ്മക്കാരിയെ വിവാഹം ചെയ്യാൻ പ്രത്യേക അനുവാദം നൽകിയത് നെഹ്രുവാണ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴിൽ
അംബാസഡർ, ജെ എൻ യു വൈസ് ചാൻസലർ, ഒറ്റപ്പാലം എം പി, കേന്ദ്രമന്ത്രി, വൈസ് പ്രസിഡൻ്റ്, പ്രസിഡൻ്റ് – ഓരോ പടിയും സ്വന്തം കഴിവും പ്രതിബദ്ധതയും കൊണ്ട് കെ ആർ നാരായണൻ ചവിട്ടിക്കയറി.
പരമോന്നത പദവിയിൽ എത്തിയ ഈ ഏക മലയാളിയെ കേരളം എന്തേ മറന്നുപോകുന്നു? മരണം വരെ കേരളീയ വേഷം ധരിക്കുന്നതിലും ശുദ്ധമായ മലയാള ഭാഷ സംസാരിക്കുന്നതിലും നാരായണൻ അഭിമാനം കൊണ്ടിരുന്നു.
കോട്ടയം ജില്ലയിലെ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് കെ ആർ നാരായണൻ സ്മാരകമാണ്.
– ജോയ് കള്ളിവയലിൽ.
