#ഓർമ്മ
#ചരിത്രം
വിൽ ഡുറാണ്ട്.
വിൽ ഡുറാൻഡിൻ്റെ ( 1885-1981) ചരമവാർഷികമാണ് നവംബർ 7.
ചരിത്രത്തിൽ വല്ലപ്പോഴും ഒരിക്കൽ
ഒരു നിയോഗം പോലെ ജനിക്കുന്ന ചില മഹാന്മാരുണ്ട് . അക്കൂട്ടത്തിൽ ഒരാളാണ് വിൽ ഡുറാണ്ട് . ഭാര്യ ഏരിയലുമായി ചേര്ന്ന് രചിച്ച സംസ്കാരത്തിൻ്റെ ചരിത്രം ( Story of Civilization) പോലെ വേറൊരു ഗ്രന്ഥം ഉണ്ടായിട്ടില്ല. 1935 മുതൽ 1975 വരെ 40 കൊല്ലം കൊണ്ടാണ് അവർ ഈ ഇതിഹാസകൃതി എഴുതി പ്രസിദ്ധീകരിച്ചത്. മറ്റൊരു മഹനീയകൃതിയാണ് തത്വശാസ്ത്രത്തിൻ്റെ ചരിത്രം ( Story of Philosophy ).
ഫ്രഞ്ച്കാരനായ പിതാവിൻ്റെയും കാനഡക്കാരിയായ മാതാവിൻ്റെയും പുത്രനായി അമേരിക്കയിലെ മസാച്ചുസെറ്റ്സിലാണ് വില്ല്യം ജെയിംസ് ഡുറാണ്ട് ജനിച്ചത്.
പഠിക്കുന്ന കാലത്തുതന്നെ ചുറ്റുപാടുമുള്ള ഏല്ലാ ലൈബ്രറികളിലെയും പുസ്തകങ്ങൾ ഈ വിജ്ഞാനദാഹി വായിച്ചു തീർത്തിരുന്നു.
1911വരെ കത്തോലിക്കാ സഭയുടെ സെൻറ് പീറ്റേഴ്സ് കോളെജ് ജേഴ്സി, സീറ്റൻ ഹാൾ സെമിനാരിയിൽ ലത്തീൻ, ഗ്രീക്ക്, ജോമെട്രി തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന സമയത്ത് തന്നെ ലൈബ്രേറിയനായും ജോലി ചെയ്തു. രാജിവെച്ച് ഫാറൽ മോഡേൺ സ്കൂളിൻ്റെ പ്രിൻസിപ്പലായി ജോലി ചെയ്തശേഷം 1933ൽ രാജിവെച്ചു.
നിത്യവൃത്തിക്ക് പണം കണ്ടെത്താനായി ഒരു പ്രസ്ബിറ്റീരിയൻ പള്ളിയിൽ ക്ലാസുകൾ എടുത്തുതുടങ്ങി. അതിനായി ശേഖരിച്ച വിവരങ്ങളാണ് പിന്നീട് തൻ്റെ ശ്രദ്ധേയമായ രചനകൾക്ക് അടിസ്ഥാനമായത്.
റഷ്യയുടെ ദുരന്തം ( The Trajedy of Russia) എന്ന 1933ലെ കൃതി മുതൽ 52 പുസ്തകങ്ങൾ എഴുതി. ഭാരതീയ സംസ്കാരമാണ് എല്ലാത്തിൻ്റെയും തുടക്കം എന്ന് വിശ്വസിച്ചിരുന്ന ഡുറാണ്ട് തൻ്റെ നിഗമനങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യക്ക് വേണ്ടി ( The Case for India) എന്നയൊരു പുസ്തകവും എഴുതിയിട്ടുണ്ട്.
റൂസോയും വിപ്ലവവും എന്ന കൃതിക്ക് 1968ൽ പുലിറ്റ് സർ പുരസ്കാരം ലഭിച്ചു.
1977 ൽ അമേരിക്കൻ സര്ക്കാര് പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു.
ഡുറാണ്ടിൻ്റെ പുസ്തകങ്ങൾ ഇല്ലാതെ ഒരു ലൈബ്രറിയും പൂർണമാവില്ല. സംക്ഷിത്ത രൂപത്തിലെങ്കിലും ഈ ചരിത്ര പുസ്തകങ്ങൾ വായിക്കാതെ ഒരാളുടെയും ചരിത്ര പഠനം പൂർത്തിയാവില്ല.
( Story of Civilization ഒരു സെറ്റിന് ഇപ്പോഴത്തെ വില 50000 രൂപയാണ് ).
– ജോയ് കള്ളിവയലിൽ.
Posted inUncategorized