പാരമ്പര്യവും കത്തോലിക്കാ സഭയും

#religion

പാരമ്പര്യവും കത്തോലിക്കാ സഭയും.

ആധുനികകാലത്തെ ഏറ്റവും മഹാന്മാരായ കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു പിന്നീട് ബെനഡിക്റ്റ് 16ആമൻ മാർപാപ്പയായ കർദിനാൾ ജോസഫ് റാട്സിംഗർ.
അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് 1968ൽ പ്രസിദ്ധീകരിച്ച, ക്രിസ്തുമതത്തിന് ഒരു ആമുഖം( Introduction to Christianity).

പുസ്തകത്തിലെ ചില നിരീക്ഷണങ്ങൾ ഇന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന സീറോ മലബാർ സഭയുടെ അധികാരികൾ ശ്രദ്ധിക്കേണ്ടവയാണ്.
…….

“പാരമ്പര്യം എന്നത് ഒരു ഉറച്ച കാര്യപരിപാടിയെ ആലിംഗനം ചെയ്യുന്ന സംഗതി എന്നാണ് ഭൂതകാലത്തെ ആശ്രയിക്കുന്ന ബുദ്ധിജീവികളുടെ പക്ഷം. നമ്മെ സംരക്ഷിക്കുമെന്നും വിശ്വസിച്ച് ആശ്രയിക്കാൻ കൊള്ളാവുന്ന ഒന്നാണ് ഇതെന്നുമാണ് അവർ വിലയിരുത്തുന്നത്. പാരമ്പര്യമാണിതെന്നു് അവകാശപ്പെട്ടാൽ സുരക്ഷിതമാണെന്നും ശരിയായ പാതയിലാണെന്നും ആശ്വസിക്കാമായിരുന്നു. എന്നാലിപ്പോൾ മറിച്ചൊരു ചിന്താഗതിയാണുള്ളത്.

പാരമ്പര്യം വികസനത്തിനും നവീകരണത്തിനും എതിരല്ലെന്നും കഴിഞ്ഞകാല സംസ്കൃതിയോട് അള്ളിപ്പിടിച്ചു കിടക്കുന്നതല്ല പാരമ്പര്യമെന്നും പ്രത്യുത, വിശ്വാസത്തിന്റെ വെളിച്ചത്തിൽ മുന്നോട്ട് കുതിക്കുന്ന ശക്തിയാണ് അതെന്നും, അതിനാൽ പാരമ്പര്യമെന്നത് വികസനവും നവീകരണവും വളർത്തുന്ന ശക്തിയാണെന്നും തെളിയിക്കാനുള്ള ബാധ്യത നമുക്കുണ്ട്.

പാരമ്പര്യങ്ങളിൽ നിന്ന് തങ്ങൾക്ക് തോന്നുന്ന ചില ആചാരങ്ങളും അനുഷ്ടാനങ്ങളും മാത്രം അടർത്തിയെടുത്ത് യഥാർത്ഥ വിശ്വാസത്തിന്റെ അന്തസത്തയെ ചോർത്തിക്കളയുന്ന ഒന്നാക്കി അതിനെ മാറ്റുന്നത് ആധുനിക തലമുറക്കു മുന്നിൽ സഭയെ കോമാളിവേഷം കെട്ടിക്കുന്നതിന് തുല്യമാകും. വിശ്വാസമില്ലാതെ ആചാരങ്ങളും അനുഷ്ടാനങ്ങളും നിവർത്തിക്കാം എന്നിരിക്കെ, അമിതമായി ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും നിർബന്ധം പിടിക്കുന്നത് യഥാർത്ഥ വിശ്വാസത്തെ പടിക്കു പുറത്താക്കുന്നതിന് തുല്യമാകും.

ക്രിസ്ത്രീയ വിശ്വാസമെന്നത് പുതിയ നിയമത്തിലധിഷ്ടിതമായ ഒരു ജീവിതശൈലിയാണ്. ആ ജീവിതശൈലി കേവലം സ്നേഹത്തിലധിഷ്ടിതമാണ്. ദൈവം സ്നേഹമാണെന്ന് യോഹന്നാൻ പറഞ്ഞത് അതുകൊണ്ടാണ്. അധികാരം സേവനമാണെന്ന് സുവിശേഷം പഠിപ്പിക്കുന്നത് അതുകൊണ്ടാണ്.

അതുകൊണ്ടുതന്നെ ആഡംബരസൗധങ്ങളിലിരുന്ന് ഭരിക്കുന്ന ക്രൈസ്തവസഭകൾ ആധുനികതലമുറക്ക് മനസ്സിലാവില്ല. പണത്തിനോട് ആർത്തി കാണിക്കുന്ന ക്രൈസ്തവസ്ഥാപനങ്ങൾ വിശ്വാസക്ഷതങ്ങൾക്ക് കാരണമാവും. അഴിമതിയും വ്യഭിചാരവും എന്നുവേണ്ട, സമൂഹം വെറുക്കുന്ന മറ്റു തിന്മകളും പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് ഇനിയും മൂടിവെക്കാനാവില്ല.

എളിമയുള്ള, ഇടപാടുകളിലും ഇടപെടലുകളിലും സുതാര്യതയുള്ള, ഒരു ജീവിതശൈലിക്ക് മാത്രമേ കത്തോലിക്കാസഭയെ വരുംതലമുറക്ക് പകർന്ന് കൊടുക്കാനാവൂ. പാരമ്പര്യത്തിന്റെ തേരിലേറി അധികനാൾ സഞ്ചരിക്കാനാവില്ല എന്ന് നാം ഇനിയെന്നാണ് മനസ്സിലാക്കുക”.

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *