ചെങ്കോട്ടയിലെ വിചാരണ

#ചരിത്രം
#ഓർമ്മ

ചെങ്കോട്ടയിലെ വിചാരണ.

രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ്റെ കൂടെ നിന്ന് യുദ്ധം ചെയ്ത ആയിരക്കണക്കിന് ഐ എൻ എ സൈനികർ ബ്രിട്ടീഷുകാരുടെ പിടിയിലായി. ഉന്നത ഓഫീസർമാർ ഉൾപ്പെടെയുള്ള തടവുകാരെ വിചാരണ ചെയ്യാനുള്ള ബ്രിട്ടീഷ് അധികാരികളുടെ പ്രഖ്യാപനം രാജ്യം മുഴുവൻ വൻ പ്രതിഷേധം ആളിക്കത്താൻ ഇടയാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ആക്കം കൂട്ടിയ സംഭവമായി മാറി 1945 നവംബർ 5ന് ദില്ലിയിലെ ചെങ്കോട്ടയിലാരംഭിച്ച ഐ എൻ എ പോരാളികളുടെ വിചാരണ.
സൈനികരെ രാജ്യദ്രോഹം, കൊലപാതകം, തുടങ്ങിയ കുറ്റങ്ങൾ ചാർത്തി വിചാരണ ചെയ്യാനായിരുന്നു തീരുമാനം.
രാജ്യദ്രോഹികൾ എന്ന നിലയിൽ ജനങ്ങൾ അവരെ എതിർക്കും എന്നാണ് അധികാരികൾ കരുതിയത്. എന്നാൽ രാജ്യത്തെങ്ങും വൻ പ്രതിഷേധമാണ് ഉയർന്നത്. കൽക്കത്തയിൽ ശരത്ചന്ദ്ര ബോസ്, നെഹ്റു, പട്ടേൽ എന്നിവർ പങ്കെടുത്ത യോഗത്തിൽ മാത്രം 50000 ആളുകളാണ് പങ്കെടുത്തത്.
വിചാരണ ഉപേക്ഷിക്കാനുള്ള ഗാന്ധിജിയുടെ അഭ്യർത്ഥന പോലും അധികാരികൾ അവഗണിച്ചു.
ഐ എൻ എ പോരാളികളുടെ പ്രതിരോധം ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചു. അഴിച്ചുവെച്ച ബാരിസ്റ്റർ കുപ്പായം നെഹ്റു വീണ്ടും അണിഞ്ഞു. രാജ്യത്തെ ഏറ്റവും പ്രമുഖ അഭിഭാഷകരായ ഭുലാഭായ് ദേശായ് , തേജ് ബഹദൂർ സപ്രു എന്നിവരാണ് കോടതിയിൽ കെസ് വാദിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ നേതൃത്വത്തിൽ ആസാദ് ഹിന്ദ് സേന നടത്തിയ വീരോചിതമായ പോരാട്ടങ്ങൾ ജനങ്ങൾ അറിഞ്ഞത് ചെങ്കോട്ടയിൽ നടന്ന വിചാരണയിലൂടെയാണ്. അധികാരികൾ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായി ജനങ്ങളുടെ പ്രതികരണം.

ആദ്യം നടന്നത് ക്യാപ്റ്റൻ ഷാനവാസ് ഖാൻ, ക്യാപ്റ്റൻ പ്രേം സേഗാൾ , ലെഫ്റ്റ്നൻ്റ് ഗുർബക്ഷ് ധില്ലൻ എന്നീ ഓഫീസർമാരുടെ വിചാരണയാണ്. അവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നാടുകടത്താനുള്ള തീരുമാനം മാറ്റിവെച്ചു.
രാജ്യമാകസകലം പ്രതിഷേധം ആളിക്കത്തി. 1946 ജനുവരിയിൽ റോയൽ ഇന്ത്യൻ എയർഫോഴ്സ് സൈനികർ പണിമുടക്കി. ഫെബ്രുവരി ആയപ്പോഴേക്കും റോയൽ ഇന്ത്യൻ നേവിയും കലാപത്തിൽ പങ്കുചേർന്നു. ഐ എൻ എ ഓഫിസർമാർ മൂന്നു പേരെയും വിട്ടയക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി.
വ്യാപകമായ കലാപം ഭയന്ന ബ്രിട്ടീഷ് സേനാ മേധാവി ഫീൽഡ് മാർഷൽ ഓക്കിൻലെക്കിൻ്റെ ആവശ്യപ്രകാരം വിചാരണ അപ്പാടെ ഉപേക്ഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതരായി.
ബ്രിട്ടീഷ് ഭരണത്തിൻ്റെ അന്ത്യത്തിൻ്റെ തുടക്കമായി ചെങ്കോട്ടയിലെ വിചാരണ മാറി.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
ഐ എൻ എയിലെ ഝാൻസി റാണി റെജിമെൻ്റിൻ്റെ മേധാവിയായിരുന്ന മലയാളി, ക്യാപ്റ്റൻ ഡോക്ടർ ലക്ഷ്മി പിന്നീട് ക്യാപ്റ്റൻ സെഗാളിനെ വിവാഹം ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *