#books
#films
Manik Da – Memories of Satyajit Ray.
by Nemai Gosh.
സത്യജിത് റേയുടെ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രശസ്തനാണ് നിമായ് ഘോഷ്.
നാടകപ്രവർത്തകനും നടനുമായിരുന്ന നിമായ്, റേയോടുള്ള ആരാധനമൂത്താണ് 1968ൽ ഗൂപി ഗയ്നെ ബാഘാ ബൈനെ എന്ന സിനിമയുടെ സെറ്റിലെത്തി ഫോട്ടോകൾ എടുത്തത്. ഫോട്ടോകൾ കണ്ട റേയ്ക്ക് അവ ഇഷ്ടമായി. താൻ ഉപയോഗിക്കുമായിരുന്ന ആങ്കിളുകളാണ് ഫോട്ടോയിൽ എന്നദ്ദേഹം പറഞ്ഞു.
അടുത്ത ചിത്രമായ അരണ്യേർ ദിന രാത്രിയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ നിമായ് ആയിരിക്കും എന്നദ്ദേഹം പ്രഖ്യാപിച്ചു.
പ്രൊഫഷനൽ ഫോട്ടോഗ്രാഫി പോയിട്ട് , നല്ല ഒരു ക്യാമറ പോലും സ്വന്തമായിട്ടില്ലാത്ത നിമായ്ക്ക് ഷർമിള ടാഗോറാണ് നല്ല ഒരു ക്യാമറ വാങ്ങി സമ്മാനിച്ചത്. റേ ചിത്രങ്ങളിലൂടെയാണ് ഷർമിള ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.
ജോലി രാജിവെച്ച് നിമായ് റേയുടെ നിഴലായി മാറി. തനിക്ക് ഒരു രൂപയെങ്കിലും പ്രതിഫലം തരണം എന്ന് വർഷങ്ങൾക്കുശേഷം നിമായ് പറയുമ്പോഴാണ് റേ അക്കാര്യം ഓർത്തതുതന്നെ. ഒന്നല്ല 5000 രൂപ വിലയുള്ളതാണ് ആ ഫോട്ടോകൾ എന്ന് റേ പ്രഖ്യാപിച്ചു.
സിനിമയുടെ മാത്രമല്ല സത്യജിത് റേയുടെ ഫോട്ടോകളും നിമായ് ഘോഷ് എടുക്കുന്നുണ്ടായിരുന്നു.
റേയ്ക്ക് 70 വയസ്സ് തികഞ്ഞപ്പോൾ, അവയിൽ ചില ഫോട്ടോകളുടെ ഒരു അന്താരാഷ്ട്ര പ്രദർശനം നടത്തുകയുണ്ടായി. അത് പിന്നീട് പുസ്തകമായും പുറത്തിറങ്ങി.
സത്യജിത് റേയുടെ ജന്മശതാബ്ദി വർഷമായിരുന്നു 2020.
ഇതുവരെ വെളിച്ചം കാണാത്ത ഫോട്ടോകൾ ഉൾപ്പെടുത്തി നിമായ് ഘോഷ് പ്രസിദ്ധീകരിച്ച ഓർമ്മപ്പുസ്തകം, റേ എന്ന വ്യക്തിയെ അടുത്തറിയാൻ നമ്മെ സഹായിക്കും.
ഷർമിളാ ടാഗോറാണ് ആമുഖം എഴുതിയിരിക്കുന്നത്.
എസ് കെ റോയ് ചൗധരിയാണ് ബംഗാളിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized