#travel
#ഓർമ്മ
ഖാജുരാഹോ.
ഞാൻ എൻ്റെ കൂട്ടുകാരുമായി നിരന്തരം തർക്കിക്കുന്ന ഒരു വിഷയമാണ് ഉല്ലാസയാത്ര.
മിക്കവർക്കും എങ്ങിനെയെങ്കിലും വിദേശയാത്ര പോയാൽ മതി. സിംഗപ്പൂർ , തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ദില്ലിക്ക് പോകുന്ന ചിലവിൽ യാത്രചെയ്യാം.
പക്ഷേ എൻ്റെ അഭി്പ്രായത്തിൽ ഒരു ജീവിതകാലത്ത് കണ്ടുതീർക്കാൻ കഴിയുന്നതിൽ കൂടുതൽ സ്ഥലങ്ങൾ നമ്മുടെ രാജ്യത്ത് തന്നെ ഉണ്ട്. വിദേശികൾ തേടിയെത്തുന്ന സ്ഥലങ്ങൾ പോലും കാണാൻ പലർക്കും താൽപര്യമില്ല.
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലമാണ് ഖാജുരാഹോ. പണ്ട് ധാരാളമായി ഉണ്ടായിരുന്ന ഖാജു എന്ന ഒരു തരം പനയിൽ നിന്നാണ് ആ പേര് വന്നത്. നശിച്ചു പോയിക്കൊണ്ടിരുന്ന, കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന
നൂറ്റാണ്ടുകൾ പഴക്കമുള്ള, അനന്യമായ ശിൽപങ്ങൾ കൊണ്ട് മനോഹരമായ നിർമ്മിതികൾ, ആർക്കിയോളജിക്കൽ സർവേയുടെ ഭഗീരഥപ്രയത്നം മൂലം കുറെയെങ്കിലും നാശത്തിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മധ്യപ്രദേശിലെ ഈ ഉൾപ്രദേശത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം കണ്ടാൽ അത്ഭുതപ്പെടും. ഞങ്ങളുടെ യാത്ര ദില്ലിയിൽ നിന്ന് ട്രെയിനിലായിരുന്നു. അടുത്തകാലത്ത് ഒരു വിമാനത്താവളവും വലിയ ഹോട്ടലുകളും വന്നു. ഇവിടത്തെ ഹോട്ടൽ ജീവനക്കാരും ആളുകളും അവരുടെ വിനയപൂർവ്വമായ പെരുമാറ്റം കൊണ്ട് നമ്മെ സന്തോഷിപ്പിക്കും. ഒരുപക്ഷെ വിദേശ ടൂറിസ്റ്റുകളുടെ സ്വാധീനമാവാം.
– ജോയ് കള്ളിവയലിൽ.
(2016ലെ ഒരു യാത്രയുടെ ഓർമ്മ).







