ബർണാഡ് ഷാ

#ഓർമ്മ
#literature

ബർണാഡ് ഷാ.

വിശ്വപ്രസിദ്ധ നാടകകൃത്ത്, ബെർണാഡ് ഷായുടെ (1856-1950) ചരമവാർഷികദിനമാണ്
നവംബർ 2.

അയർലണ്ടിലെ ഡബ്ലിനിൽ ജനിച്ച ഷാ, കുട്ടിക്കാലത്ത് സ്കൂൾപഠനത്തിൽ ഒട്ടും തൽപരനല്ലായിരുന്നു. അമ്മ പ്രോത്സാഹനം നല്കിയത് കൊണ്ട് കൂടുതൽ സമയവും അയർലൻഡ് നാഷണൽ ലൈബ്രറിയിൽ ചെലവഴിച്ച ഷാ , സംഗീതം, കല, സാഹിത്യം, തുടങ്ങിയ വിഷയങ്ങളിൽ അവഗാഹം നേടി.
1872ൽ അമ്മ, ഭർത്താവിനെ ഉപേക്ഷിച്ച് ലണ്ടനിലേക്ക് പോയി. 4 വര്ഷം കഴിഞ്ഞ് ഷായും അമ്മയുടെ അടുത്തെത്തി. ദാരിദ്ര്യമായിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് മുഴുവൻ സമയവും, ഷാ ബ്രിട്ടീഷ് മ്യൂസിയത്തിൽ ചെലവഴിച്ചു. എഴുത്തിലേക്ക് തിരിഞ്ഞ ഷായുടെ ആദ്യത്തെ നാലു നോവലുകളും പൂർണ്ണ പരാജയമായി.
ബ്രിട്ടീഷ് സമൂഹത്തെ വിപ്ലവത്തിലൂടെയല്ലാതെ, ബൗദ്ധിക ഇടപെടലുകളിലൂടെ പരിഷ്കരിക്കാനുള്ള ഉദ്ദേശത്തോടെ, 1884ൽ ഫാബിയൻ സൊസൈറ്റി സ്ഥാപിക്കാൻ മുന്നിൽനിന്നു. 1993ൽ എഴുതിയ Mrs Warren’s Profession എന്ന നാടകം ഷായെ ശ്രദ്ധേയനാക്കി. വിദ്യാഭ്യാസമുള്ള ഒരു യുവതി വേശ്യാവൃത്തി സ്വീകരിച്ച് ഒരു പറ്റം വേശ്യാലയങ്ങളുടെ ഉടമയാകുന്ന കഥ ബ്രിട്ടീഷ് സമൂഹത്തിൻ്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി.
1905ൽ പുറത്തുവന്ന Ceaser and Cleopatra ഷായുടെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കപ്പെടുന്നു.
സീസറിനെ അമാനുഷികനാക്കാതെ സേനാനിയും ചിന്തകനുമായി ഷാ ചിത്രീകരിക്കുന്നു.
Androcleas and the Lion (1912) എന്ന നാടകത്തിൻ്റെ പ്രമേയം, മനുഷ്യന് മരിക്കാനാണെങ്കിലും തക്കതായ ഒരു കാരണം വേണം എന്നതാണ്.
Pygmalion (1913) ആണ് ഷായുടെ ഏറ്റവും പ്രശസ്തമായ നാടകം. എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടിയെ ( എലീസാ ഡൂലിറ്റിൽ) സൊസൈറ്റി ലേഡിയാക്കാൻ ശ്രമിക്കുന്ന പ്രൊഫസറുടെ ( ഹെൻറി ഹിഗിൻസ്) കഥ ഒരേസമയം ചിരിപ്പിക്കയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പിഗ്മാല്യൻ 1938ൽ സിനിമയാക്കിയപ്പോൾ ഷാക്ക് ഓസ്ക്കാർ അവാർഡ് കിട്ടി. കഥ 1956ൽ My Fair Lady എന്ന പേരിൽ സംഗീതനാടകവുമായി. My Fair Lady (1964) സിനിമയായപ്പോൾ അക്കാലത്തെ ഏറ്റവും ജനപ്രീതി നേടിയ ചലച്ചിത്രമായി മാറി. Joan of Arc (1924) ഷായ്ക്ക് 1925ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *