#ഓർമ്മ
#religion
പരുമല മാർ ഗ്രിഗോറിയോസ്.
പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് (1848-1902) തിരുമേനിയുടെ ഓർമ്മദിവസമാണ്
നവംബർ 2.
എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലെ ചാത്തുരുത്തിൽ കുടുംബത്തിലാണ് ഗീവർഗീസ് ജനിച്ചത്. ആശാൻകളരിയിലെ പഠനത്തിനു ശേഷം അമ്മാവനായ ചാത്തുരുത്തി ഗീവർഗീസ് മൽപ്പാന്റെ കീഴിൽ വൈദികപഠനം നടത്തി.
10 വയസുള്ളപ്പോൾ മലങ്കര മെത്രാപ്പോലീത്ത പാലക്കുന്നത്ത് മാത്യൂസ് മാർ അത്തനാസിയോസ് ഗീവർഗീസിനെ ഡീക്കനായി അഭിഷേകം ചെയ്തു. 18 വയസിൽ പുരോഹിതനായി. പിന്നീട് കോർ എപ്പിസ്കോപ്പ പദവിയും ലഭിച്ചു.
1872 ഏപ്രിൽ 7ന്, പുലിക്കോട്ടിൽ ദിവന്യാസ്യോസ് മെത്രാപ്പോലീത്ത റമ്പാനായി ഉയർത്തി.
29 വയസ്സിൽ, 1876 ഡിസംബർ 10ന് പറവൂരിൽ വെച്ച്, അന്ത്യോക്യ പത്രിയാര്ക്കീസ് ഇഗ്നാത്തിയോസ് മൂന്നാമൻ, മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. നിരണത്തിൻ്റെയും, പിന്നീട് തുമ്പമൺ, കൊല്ലം, ഭദ്രാസനങ്ങളുടെയും ചുമതല ലഭിച്ചു.
പരുമലയിൽ പള്ളിയും സെമിനാരിയും പണികഴിപ്പിച്ചു താമസമാക്കിയതോടെ പരുമല കൊച്ചുതിരുമേനി എന്ന് അറിയപ്പെട്ടുതുടങ്ങി.
1895ൽ നടത്തിയ വിശുദ്ധനാട് സന്ദർശനത്തിന്റെ ഓർമ്മയാണ് മലയാളത്തിലെ ആദ്യ യാത്രാവിവരണങ്ങളിൽ ഒന്നായ ‘ഓർസ്ളേം യാത്രാവിവരണം ‘ എന്ന കൃതി.
ചെറുപ്പം മുതൽ തന്നെ വിശുദ്ധിയുടെ പര്യായമായിരുന്ന തിരുമേനി, ഇന്ന് രണ്ടായി പിരിഞ്ഞ ഓർത്തഡോൿസ്, യാക്കോബായ സഭകൾ ഒരുപോലെ വണങ്ങുന്ന പ്രഖ്യാപിത വിശുദ്ധനാണ്. കബറിടം സ്ഥിതിചെയ്യുന്ന പരുമല, ഇന്ന് പ്രശസ്തമായ തീർഥാടനകേന്ദ്രമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized