#ഓർമ്മ
#industry
ഡോക്ടർ ജെ ജെ ഇറാനി.
ഡോക്ടർ ജെ ജെ ഇറാനിയുടെ ( 1936-2022) ചരമവാർഷിക ദിനമാണ്
ഒക്ടോബർ 31.
ടാറ്റാ സ്റ്റീൽ കമ്പനിയെ ഉരുക്കു വ്യവസായത്തിൽ ലോകത്തിൻ്റെ മുൻപന്തിയിൽ എത്തിച്ച അതികായനാണ് ഡോക്ടർ ജെ ജെ ഇറാനി.
ടാറ്റാ സ്റ്റീൽ കമ്പനി സ്വന്തം സാമ്രാജ്യം പോലെ കൊണ്ടുനടന്നിരുന്ന റൂസി മോഡിയെ ഒഴിവാക്കിയ ശേഷം കമ്പനി റ്റാറ്റാ ഗ്രൂപ്പിൻ്റെ ഭാഗമായി വളർത്താൻ രത്തൻ ടാറ്റയുടെ വലം കൈയായി പ്രവർത്തിച്ചത് ഡോക്ടർ ഇറാനിയാണ്.
ടാറ്റാ സ്റ്റീലിൻ്റെ മാനേജിങ് ഡയറക്ടറായ ജാംഷെഡ് ജെ ഇറാനി അറിയപ്പെട്ടിരുന്നത് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നാണ്.
ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ലോകത്ത് ഏറ്റവും ചിലവ് കുറഞ്ഞ സ്റ്റീൽ ഉത്പാദിപ്പിച്ചാണ് ഇറാനി ആ ഖ്യാതി നേടിയത്.
ഒരു ടാറ്റാ സ്കോളർഷിപ്പ് നേടി ഇംഗ്ലണ്ടിൽ പോയി ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയ ഇറാനി, 1968ൽ റിസേർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് അസിസ്റ്റൻ്റ് ഡയറ്ടറായി ടിസ്കോയിൽ ( ഇപ്പോൾ ടാറ്റാ സ്റ്റീൽ) ചേർന്നു. 1985ൽ ഡയറക്ടറും , 1992ൽ എം ഡി യുമായ ഇറാനി നീണ്ട 43 വർഷത്തെ സേവനത്തിനുശേഷം 2011 ജൂണിൽ വിരമിച്ചു. ടാറ്റാ മോട്ടോഴ്സ്, ടാറ്റാ ടെലി സർവീസസ് തുടങ്ങിയ കമ്പനികളുടെ ഡയറക്ടറായും പ്രവർത്തിച്ചു.
സി എസ് ആർ സേവനങ്ങളിൽ പാശ്ചാത്യ കമ്പനികളെക്കാൾ മുന്നിൽ ടാറ്റാ സ്റ്റീലിനെ എത്തിച്ചത് ‘ഡോക്ക് ‘ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇറാനിയാണ്.
റോയൽ അക്കാദമി ഓഫ് എൻജിനീയറിങ് ഫെലോയായി തെരഞ്ഞെടുക്കപ്പെട്ട ഇറാനിയെ എലിസബത്ത് രാജ്ഞി സർ പദവി നൽകി ആദരിച്ചു.
2007ൽ പത്മഭൂഷൺ ലഭിച്ച ഇറാനിയെ 2008ൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി ഭാരതസർക്കാർ വീണ്ടും ആദരിച്ചു.
ലോകത്തെ ഏറ്റവും വലിയ സ്റ്റീൽ കമ്പനിയായ കോറസ് ടാറ്റ സ്റ്റീൽ യൂറോപ്പ് ആയതിൻ്റെ പിന്നിലെ ശക്തി ഡോക്ടർ ഇറാനിയാണ്. നൂറുകണക്കിന് സമർത്ഥരായ വിദ്യാർഥികൾക്ക് ലോകത്തെങ്ങും ഉന്നതജോലികൾ നേടാൻ സഹായിക്കുന്ന ടാറ്റാ എഡ്യൂക്കേഷൻ എക്സെലൻസ് പ്രോഗ്രാമിൻ്റെ ഉപഞ്ഞാതാവ് ഡോക്ടർ ജെ ജെ ഇറാനി എന്ന മഹാനാണ്.
ജംഷഡ്പൂരിലെ സെൻ്റർ ഫോർ റിസർച്ച് ഈ മഹാനായ എൻജിനീയറുടെ സ്മാരകമാണ്.
– ജോയ് കള്ളിവയലിൽ.






