വക്കം മൗലവി

#ഓർമ്മ
#കേരളചരിത്രം

വക്കം അബ്ദുൽ ഖാദർ മൗലവി.

വക്കം മൗലവിയുടെ (1873- 1932) ചരമവാർഷികദിനമാണ് ഒക്ടോബർ 31.

നവോത്ഥാന നായകരുടെ മുൻനിരയിൽ നിർത്തേണ്ട മൗലവിയെ ഇന്ന് അധികംപേരും ഓർമ്മിക്കുന്നുണ്ടാവില്ല.
സ്വദേശാഭിമാനി പത്രത്തിൻ്റെ സ്ഥാപകനും ഉടമയുമായിരുന്നു വക്കം മൗലവി.
തിരുവനന്തപുരത്ത് 120 ഏക്കർ സ്ഥലം വാങ്ങാൻ തികയുമായിരുന്ന 12000 രൂപാ മുടക്കി ലണ്ടനിൽ നിന്ന് അത്യാധുനികമായ പ്രസ്സ് 1903ൽ അദ്ദേഹം ഇറക്കുമതിചെയ്തു. സി പി ഗോവിന്ദപ്പിള്ളയുടെ പത്രാധിപത്യത്തിൽ അഞ്ചുതെങ്ങിൽ നിന്ന് 1905 ജൂൺ 19ന് ആദ്യത്തെ പത്രം പുറത്തുവന്നു. 1906ൽ പ്രസിദ്ധീകരണം വക്കത്തേക്ക് മാറ്റി.

1907ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ പത്രം തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. പത്രാധിപർക്ക് പൂർണ സ്വാതന്ത്ര്യമാണ് ഉടമയായ വക്കം മൗലവി അനുവദിച്ചു കൊടുത്തത്. തിരുവിതാംകൂർ ഭരണത്തിൻ്റെ അഴിമതിയെ നിർഭയം, നിർദ്ദയം, വിമർശിച്ച പത്രം, 1910ൽ ദിവാൻ രാജഗോപാലാചാരി പൂട്ടി മുദ്രവെച്ചു. രാമകൃഷ്ണപിള്ളയെ നാടുകടത്തി. മാപ്പുപറഞ്ഞു സ്വത്തുക്കൾ വീണ്ടെടുക്കാൻ മൗലവി തയാറായില്ല. എൻ്റെ പത്രാധിപർ ഇല്ലാതെ അച്ചും അച്ചുകൂടവും എനിക്ക് എന്തിനാണ്? എന്നാണ് ആ ധീരൻ ചോദിച്ചത്.

അറബി മലയാളത്തിൽ ഇസ്ലാം എന്ന ഒരു മാസിക 1918 മുതൽ മൗലവി പ്രസിദ്ധപ്പെടുത്തി.
ഖുർആൻ മലയാളത്തിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയത് വക്കം മൗലവിയാണ്.
അന്യമതസ്ഥർക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനായി ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന ഒരു പുസ്തകം അദ്ദേഹം എഴുതി.
സമുദായത്തിൻ്റെ ഉന്നമനത്തിനായി അഖില തിരുവിതാംകൂർ മുസ്ലിം മഹജനസഭ തുടങ്ങി അനേകം പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം തുടക്കംകുറിച്ചു.
ഡോക്ടർ ജമാൽ മുഹമ്മദ് എഴുതിയ ജീവചരിത്രം മുഴുവൻ മലയാളികളുടെയും പഠനപുസ്തകം ആകേണ്ട ഒന്നാണ്.
– ജോയ് കള്ളിവയലിൽ .

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *