ലൂഥർ സൃഷ്ടിച്ച വിപ്ലവം

#ചരിത്രം
#ഓർമ്മ

ലൂഥർ സൃഷ്ടിച്ച വിപ്ലവം.

ലോകചരിത്രത്തിലെ ഒരു സുപ്രധാന ദിവസമാണ് 1517 ഒക്‌ടോബർ 31.

500 വർഷങ്ങൾക്ക് മുമ്പ് ജർമ്മനിയിലെ ഒരു ചെറുപട്ടണമായ വിറ്റൻബർഗിൽ കത്തോലിക്കാ സന്യാസിയായിരുന്ന മാർട്ടിൻ ലൂഥർ (10 നവംബർ 1483 – 18 ഫെബ്രുവരി 1546) തുടങ്ങിവെച്ച വിപ്ലവം ലോകഗതിയെ തന്നെ വഴി തിരിച്ചുവിട്ടു.

മാർപാപ്പയുടെ നേതൃത്വത്തിലുള്ള റോമൻ കത്തോലിക്കാ സഭയുടെ പിളർപ്പിലാണ് അതു കലാശിച്ചത്. തുടർന്ന് ചേരിതിരിഞ്ഞ് മാർപാപ്പായെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ പലതരം യുദ്ധങ്ങളിലേർപ്പെട്ടു. ലക്ഷക്കണക്കിന് മനുഷ്യർ മരിച്ചുവീണു. മതവിചാരണ ഒരു ഭ്രാന്ത് പോലെ പടർന്നുപിടിച്ച് യൂറോപ്പിനെ വിറപ്പിച്ചു.

എന്തായിരുന്നു മാർട്ടിൻ ലൂഥർ ചെയ്തത്? മാർപാപ്പയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ സഭയുടെ പേരിൽ യൂറോപ്പിലെങ്ങും അരങ്ങേറിയ ദണ്ഡവിമോചന വില്പന എന്ന ദുർവൃത്തിയെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം വിറ്റൻബർഗ് ദേവാലയത്തിന്റെ കവാടത്തിൽ 95പ്രമേയങ്ങൾ എഴുതിപ്പതിപ്പിച്ചു. (31 – 10 – 1517). വിഷയം അച്ചടിയുടെ സഹായത്തോടുകൂടി പടർന്നുപിടിച്ചു. ഭരണാധികാരികളും കലാകാരന്മാരും തത്വചിന്തകരും ഈ ചേരിപ്പോരിൽ പങ്കാളികളായി.

ലൂഥറിന്റെ നിഷേധം രണ്ടു കുറുമൊഴികളിൽ ഒതുക്കാം. പഴയ മനുഷ്യന്റെ തിരോധാനം, പുതിയ മനുഷ്യന്റെ അരങ്ങേറ്റം. അധികാരസ്ഥാപനങ്ങൾക്കും പൗരോഹിത്യത്തിനും അടിയറവു വെക്കാത്ത സ്വതന്ത്ര മനസാക്ഷിയുടെ മുന്നേറ്റമായിരുന്നു പുതിയ മനുഷ്യനെ സൃഷ്ടിച്ചത് . അത് മതനവീകരണം നവോത്ഥാനം, പ്രബുദ്ധത എന്നീ തരംഗങ്ങൾ മനുഷ്യ സംസ്കാരത്തിൽ സൃഷ്ടിച്ചു.
ബൈബിളിലുള്ളതല്ലാതെ മറ്റൊന്നും താൻ വകവെക്കില്ല എന്ന് മാർട്ടിൻ ലൂഥർ പ്രഖ്യാപിച്ചതോടെ സഭാധികാരികൾ അച്ചടക്ക നടപടികളിലേക്ക് നീങ്ങി. ഭരണാധികാരികളിൽ ചിലരുടെ സഹായത്തോടെ ലൂഥർ ഒളിവിൽ താമസിച്ചു. അവിടെയിരുന്നുകൊണ്ട് ബൈബിൾ ജർമ്മൻ ഭാഷയിലേക്ക് തർജമ ചെയ്തു. അതുവരെ ലത്തീൻ ഭാഷയുടെ അതിരുകൾക്കുള്ളിലായിരുന്നു ബൈബിൾ വായന. വിവർത്തനം പ്രചരിച്ചതോടെ വിശ്വാസികളുടെ ആത്മവിശ്വാസം കൂടി. കൃപയാണ് പാപമോചനം നൽകുന്നതെന്നും പണം കൊടുത്ത് പാപമോചനം നേടാനാവില്ലെന്നും ലൂഥർ പ്രഖ്യാപിച്ചു. ദണ്ഡവിമോചനം എന്ന പാപമോചനപ്രക്രിയ കടുത്ത വിമർശനം നേരിട്ടു. അതിലൂടെ കത്തോലിക്കാ സഭ ശേഖരിച്ച പണം റോമിലേക്ക് ഒഴുകിയിരുന്നു. ഇന്നുകാണുന്ന മനോഹരമായ സെന്റ് പിറ്റേഴ്‌സ് ദേവാലയം പടുത്തുയർത്തിയത് ഈ പണം കൊണ്ടാണ്. മൈക്കളാഞ്ചലോയെ പോലുള്ള കലാകാരന്മാരെ പട്ടിണിയിൽ നിന്ന് രക്ഷിച്ചു നിർത്തിയതും ഈ കള്ളപ്പണമാണ്. ദേവാലയങ്ങൾ കലാശില്പങ്ങളായിത്തീരുമ്പോൾ ഉണ്ടാകുന്ന വൈരുദ്ധ്യമാണിത്. കത്തോലിക്കാ സഭയുടെ അടിസ്ഥാനപഠനത്തിൽ സൈദ്ധാന്തിക പരിശോധന നടത്തിയാൽ പാപമോചനവും ദണ്ഡവിമോചനവും ഒന്നല്ലെന്ന് കാണാം. ആ നിലയ്ക്ക് ലൂഥറിന്റെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണെന്ന് വാദിക്കുന്നവരുണ്ട്.

മാർട്ടിൻ ലൂഥറിന്റെ വിപ്ലവം വേദശാസ്ത്രത്തിലും മതത്തിലും ഒതുങ്ങി നിന്നില്ല. വ്യക്തിയുടെ പ്രാപ്തിയിലേക്കും സാധ്യതകളിലേക്കും വിരൽചൂണ്ടിയ ലൂഥറൻ ചിന്ത, പുതിയൊരു സാമ്പത്തിക ദർശനമായി വളർന്നു. അതാണ് ഇന്നത്തെ മുതലാളിത്തം. മുതലാളിത്തത്തിന്റെ നല്ല വശങ്ങൾക്കും ഹൃദയശൂന്യതയ്ക്കും ലൂഥറിന്റെ ചിന്തയോളം വേരുകളുണ്ടെന്ന് സാമൂഹ്യശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. നവലിബറൽ വാദത്തിന്റെ പശ്ചാത്തലത്തിൽ ഈ വിമർശനം കൂടുതൽ തിളക്കം നേടുന്നു. കഴിഞ്ഞ 500 വർഷത്തിനിടയിൽ ലൂഥറൻ വിപ്ലവം ലോകനന്മയ്ക്ക് ഏറെ ഉപകരിച്ചിട്ടുണ്ട്. ലൂഥറൻ പാരമ്പര്യത്തിൽ വേരുള്ള വ്യക്തിയാണ് ജർമ്മനി ഭരിച്ച അഞ്ജലോ മെർക്കൽ. മഹാജൂബിലി വത്സരത്തിൽ അവർ നൽകിയ ആഹ്വാനം ശ്രദ്ധേയമാണ്: “കഴിഞ്ഞ കാലം മറക്കുക, സഭകൾ സഹകരണത്തിൻ്റെ വഴികൾ തേടുക”.

റോമൻ കത്തോലിക്കാ സഭയിലും സഹകരണത്തിന്റെ ശബ്ദങ്ങളാണ് കേൾക്കുന്നത് . ഇപ്പോഴത്തെ മാർപ്പാപ്പ പ്രോട്ടസ്റ്റന്റ് സഭകളുമായി സഹകരിക്കാനാണ് താത്പര്യപ്പെടുന്നത്. ലൂഥറെക്കുറിച്ച് ആലോചിക്കുമ്പോൾ മറക്കരുതാത്ത മറ്റൊരു കാര്യമുണ്ട്. ജൂതർ ജർമ്മൻ ജീവിതത്തിന്റെ കളങ്കമാണെന്നും അവരെ തുടച്ചുനീക്കണമെന്നും ലൂഥർ ആഹ്വാനം ചെയ്തു. പിൽക്കാലത്ത് ഹിറ്റ്ലർ അത് നിറവേറ്റി.
ഇത് ചരിത്രം നൽകുന്ന വലിയൊരു പാഠമാണ് . ജനാധിപത്യപരമായ ചർച്ചയും സംവാദവും വീകേന്ദ്രീകരണവും ഇല്ലെന്ന് വന്നാൽ എത്ര ബുദ്ധിമാനും വിശുദ്ധനും പിഴവുകൾ സംഭവിക്കാം …

ജീൻ എഡിറ്റിംഗും, റോബോട്ടിക്സും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും, മനുഷ്യഭാഗധേയം മാറ്റിമറിക്കാൻ വെമ്പൽപൂണ്ടു നിൽക്കുന്ന പുതിയ കാലത്ത് ഈ ചിന്ത മർമ്മപ്രധാനമാണ്.

( കടപ്പാട്: ഡോക്ടർ സ്കറിയ സക്കറിയ 1974ൽ എഴുതിയ ലേഖനം).

– ജോയ്‌ കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *