#bookreview
നമ്പൂതിരി – ഇന്നലെ,
– എൻ ഈ സുധീർ.
97 വയസ്സ് നീണ്ട ജീവിതകാലത്ത് തന്നെ ഒരു പ്രസ്ഥാനമായി വളർന്ന കലാകാരനാണ് നമ്പൂതിരി.
കരുവാട്ട് വാസുദേവൻ നമ്പൂതിരിയെ വരയുടെ പരമശിവൻ എന്നു വിശേഷിപ്പിച്ചത് സാക്ഷാൽ വി കെ എൻ ആണ്.
വേറിട്ട
ഒരു അനുഭവമാണ് എൻ ഇ സുധീർ അഭിമുഖങ്ങളിലൂടെ നമ്പൂതിരിയുടെ ജീവിതം നമ്മുടെ മുന്നിലെത്തിച്ച നമ്പൂതിരി ഇന്നലെ എന്ന പുസ്തകം.
1970കളിൽ കലാകൗമുദിക്കാലം മുതൽ നമ്പൂതിരിയുടെ വരകൾ നിരന്തരം പിന്തുടരുന്ന എനിക്ക് പുസ്തകത്തിൻ്റെ ഓരോ പേജിനും എതിർവശത്ത് ഈ അതുല്യനായ രേഖാചിത്രകാരൻ്റെ കലാരീതികളിൽ കാലാനുസൃതമായ മാറ്റങ്ങൾ രേഖപ്പെടുത്തിയത് ഹൃദ്യമായ അനുഭവമായി.
എൻ വി കൃഷ്ണവാര്യർ, എം ടി വാസുദേവൻ നായർ, എസ് ജയചന്ദ്രൻ നായർ എന്നീ മലയാളത്തിലെ ഏറ്റവും മികച്ച മൂന്നു പത്രാധിപന്മാരുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞത് നമ്പൂതിരിയുടെ സുകൃതം.
ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച രേഖാചിത്രകാരനായ നമ്പൂതിരി, മഹാന്മാരായ ഡി പി റോയ് ചൗധരി, കെ സി എസ് പണിക്കർ എന്നിവരുടെ കീഴിൽ മദ്രാസിൽ ചിത്രകല അഭ്യസിച്ചയാളാണ്. മാതൃഭൂമിയിൽ ദേവൻ, എ എസ്, എന്നിവരുടെയൊപ്പം ചിത്രങ്ങൾ വരക്കാൻ അവസരം കിട്ടിയത് വഴിത്തിരിവായി. നമ്പൂതിരിയുടെ വരയിൽ ഇടം കിട്ടാനായി സാഹിത്യകാരന്മാർ എഴുതുന്ന ഒരു കാലം വന്നു. നമ്പൂതിരി ചിത്രങ്ങൾ ഇല്ലാതെ എം ടിയുടെ രണ്ടാമൂഴമുൾപ്പെടെ പല കൃതികളും സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. ഒന്നാന്തരം ചിത്രകാരനും ശില്പിയും കൂടിയായിരുന്നു നമ്പൂതിരി. അരവിന്ദൻ്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെ മികച്ച കലാസംവിധായകനുള്ള അവാർഡും നേടി.
രേഖകൾ എന്ന ആത്മകഥക്ക് അനുബന്ധമായി വായിക്കേണ്ട കൃതികളുടെ മുൻ നിറയിലാണ് ഈ പുസ്തകം.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
ഷാജി സംവിധാനം ചെയ്ത, നമ്പൂതിരിയേക്കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ നിർമ്മാതാവും നമ്പൂതിരി ചിത്രങ്ങളുടെ ഏറ്റവും വലിയ ശേഖരത്തിൻ്റെ ഉടമയുമായിരുന്നു എൻ്റെ ഉറ്റസുഹൃത്ത് പരേതനായ മനോജ് കുമാർ എന്നത് ഞങ്ങൾ മൂവാറ്റുപുഴക്കാരുടെ ഒരു സ്വകാര്യ അഭിമാനമാണ്.
——–
Posted inUncategorized