#ഓർമ്മ
#കേരളചരിത്രം
തിരുഃക്കൊച്ചി സംസ്ഥാനത്തിൻ്റെ അന്ത്യം.
ഒക്ടോബർ 31, 1956, സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം തിരുവിതാംകൂർ, കൊച്ചി നാട്ടു രാജ്യങ്ങൾ ലയിച്ചുണ്ടായ
തിരു:ക്കൊച്ചിയുടെ അവസാന ദിവസമായിരുന്നു.
1947 ഓഗസ്റ്റ് 15നു് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും നാട്ടുരാജ്യങ്ങൾ എല്ലാവരും പുതിയ രാജ്യത്തിൻ്റെ അംഗങ്ങളായില്ല. സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം ദിവാൻ സർ സി പി രാമസ്വാമി അയ്യർ വെട്ടേറ്റ് നാടുവിട്ടതോടെ അവസാനിച്ചെങ്കിലും
കേരളം, തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ, എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തുടർന്നു.
എങ്കിലും മലയാളികളുടെ മുഴുവൻ മാതൃഭൂമിയായ ഒരു ഐക്യകേരളം എല്ലാവരുടെയും സ്വപ്നമായിരുന്നു.
1928 ഏപ്രിലിൽ തന്നെ എറണാകുളത്ത് കൂടിയ നാട്ടുരാജ്യ പ്രജാസമ്മേളനം ഐക്യകേരള പ്രമേയം അംഗീകരിച്ചിരുന്നു.
1947ൽ തൃശൂരിൽ കേളപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന ഐക്യകേരള സമ്മേളനത്തിന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വലിയ ജനപങ്കാളിത്തം ഉണ്ടായി.
സർദാർ പട്ടേലിൻ്റെ നേതൃത്വത്തിൽ വി പി മേനോൻ തയാറാക്കിയ ലയനപദ്ധതി 1949 ജൂലൈ 1നു വിജയം കണ്ടു . തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിക്കപ്പെട്ടു. ഇന്ത്യൻ ഡോമിനിയൻ്റെ ഭാഗമായി
തിരുഃ കൊച്ചി സംസ്ഥാനം ജന്മംകൊണ്ടു. തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ രാജപ്രമുഖനായി ( ഇന്നത്തെ ഗവർണർ) മാറി.
ഇന്ത്യ റിപ്പബ്ലിക്കായി മാറിയതോടെ
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനസംഘടിപ്പിക്കാൻ തീരുമാനിക്കപ്പെട്ടു. 1956ൽ പുനസംഘടനാ നിയമം പ്രാബല്യത്തിൽ വന്നു. പുനസംഘടനാ സമിതിയുടെ നിർദേശപ്രകാരം
തെക്കൻ തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട് താലൂക്കുകളും, ചെങ്കോട്ട താലൂക്കിൻ്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനത്തോട് ചേർക്കപ്പെട്ടു. മദ്രാസ് പ്രവിശ്യയിലെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോട് താലൂക്കും പുതിയ കേരള സംസ്ഥാനത്തിൻ്റെ ഭാഗമായി.
1956 നവംബർ 1നു് ഐക്യകേരളം യാഥാർഥ്യമായി.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
ചിത്രം:
തിരുഃകൊച്ചി സംസ്ഥാനത്തിൻ്റെ അന്ത്യത്തിൻ്റെ സ്മാരകമായി അയച്ച ഒരു കത്ത്.
തിരുവിതാംകൂറിൽ നിന്നും മലബാറിൽ നിന്നും ആരംഭിച്ച ഐക്യ കേരള ജാഥ സന്ധിച്ചത് മൂവാറ്റുപുഴയിലാണ്.
Posted inUncategorized