ഫാദർ ആബേൽ

#ഓർമ്മ
#arts

ഫാദർ ആബേൽ.

ആബേലച്ചന്റെ (1920-2001) ചരമവാർഷികദിനമാണ്
ഒക്ടോബർ 27.

കലാഭവൻ എന്ന പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന ഫാദർ ആബേൽ പിറവത്തിനടുത്ത് മുളക്കുളം ഗ്രാമത്തിൽ പ്രശസ്തമായ പെരിയപ്പുറം എന്ന വൈദ്യകുടുംബത്തിലാണ് ജനിച്ചത്.
1951ൽ സി എം ഐ സഭയിൽ സന്യാസവൈദികനായി.
റോമിലെ സാപ്രിയൻസാ സർവകലാശാലയിൽനിന്ന് പത്രപ്രവർത്തനത്തിൽ പി എച്ച് ഡി നേടിയശേഷം തിരിച്ചെത്തി ദീപിക ദിനപ്പത്രത്തിന്റെ നടത്തിപ്പ് ചുമതലയേറ്റു. 1961 മുതൽ 1965 വരെ കോഴിക്കോട് ദേവഗിരി കോളേജിൽ അധ്യാപകൻ.
സുറിയാനിയിൽ ചൊല്ലിയിരുന്ന സീറോ മലബാർ കത്തോലിക്കാസഭാ കുർബാനക്രമം മലയാളത്തിലാക്കാൻ കർദിനാൾ പാറേക്കാട്ടിൽ സഹായം തേടിയത് വഴിത്തിരിവായി. ആബേലച്ചൻ രചിച്ച ഭക്തിഗാനങ്ങൾ അതിപ്രശസ്തങ്ങളായി. ഇന്നും അവയുടെ ജനപ്രിയത കുറഞ്ഞിട്ടില്ല.
പാറേക്കാട്ടിലിന്റെ സഹായത്തോടെ 1969ൽ എറണാകുളത്ത് ക്രിസ്ത്യൻ ആർട്സ് സെൻറർ തുടങ്ങി. സംഗീതാധ്യാപകൻ കെ ജെ ആന്റണി മുതൽ ഗായകൻ യേശുദാസ് വരെ സഹായികളായി.
കുട്ടികളെ സംഗീതം പഠിപ്പിക്കാൻ തുടങ്ങിയ സംഘടന കലാഭവൻ എന്ന മഹാപ്രസ്ഥാനമായി അച്ചൻ വളർത്തി.
ഇന്ന് മലയാള ചലച്ചിത്രരംഗത്തെ ഒട്ടനവധി പ്രമുഖർ കലാഭവനിലൂടെ വളർന്നുവന്നവരാണ്. ജാതിയോ മതമോ സ്വാധീനമോ അല്ല, കഴിവ് മാത്രമായിരുന്നു അച്ചന്റെ മാനദണ്ഡം. ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷത്തിൽ അച്ചന്റെ മുൻപിലെത്തിയ ചാലക്കുടിക്കാരൻ മണി എന്ന ദളിത് യുവാവ് പിറ്റേദിവസം മുതൽ കലാഭവൻ മണിയായി മാറി.
സിദ്ദിക്ക്, ലാൽ, ജയറാം, ദിലീപ്, എം എഫ് തോമസ്, ഹരിശ്രീ അശോകൻ, സുലൈമാൻ, എണ്ണിയാൽ തീരാത്ത താരങ്ങൾ അവരുടെ ഉയർച്ചക്ക് കാരണക്കാരൻ ആബേലച്ചനാണെന്ന് അഭിമാനിക്കുന്നവരാണ്.
അച്ചന്റെ അനുജൻ പ്രൊഫസർ പി എം തോമസ് അലിഗർ യൂണിവേഴ്സിറ്റിയിൽ എന്റെ പിതാവിന്റെ സഹപാഠിയായി എത്തിയപ്പോൾ തുടങ്ങിയതാണ് പെരിയപ്പുറം കുടുംബവുമായുള്ള ഞങ്ങളുടെ ബന്ധം.
കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ തോമസ് സാറിന്റെ വിദ്യാർത്ഥിയാകാനും എനിക്ക് ഭാഗ്യം ലഭിച്ചു. തോമസ് സാറിൻ്റെ മകൻ ജോസ് കോളേജിൽ എന്റെ ജൂനിയറായും പഠിച്ചു.
എൻ്റെ അനുജൻമാർ അച്ചൻ്റെ സഹോദരൻ പാലാ സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ പി എം ചാക്കോയുടെ വിദ്യാർത്ഥികളായിരുന്നു. ചാക്കോ സാറിൻ്റെ പുത്രൻ
അന്താരാഷ്ട്ര പ്രശസ്തനായ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോക്ടർ ജോസ് ചാക്കോ ഇന്ന് പെരിയപ്പുറം കുടുംബത്തിന്റെ പേരും പെരുമയും നിലനിർത്തുന്നു.
കലാഭവൻ്റെ ആദ്യത്തെ ഡയറക്റ്റർ ബോർഡിൽ എൻ്റെ മൂന്ന് അമ്മാവന്മാർ ഉണ്ടായിരുന്നു എന്നത് ഒരു സ്വകാര്യ അഭിമാനമാണ്.

സെക്രട്ടറിമാരായി പ്രവർത്തിച്ച Georgekutty Kariyanappally , Jose Thomas Ettuparayil എന്നിവർ എൻ്റെ ഉറ്റ സുഹൃത്തുക്കളാണ്.
– ജോയ് കള്ളിവയലിൽ.

https://m.youtube.com/watch?v=pUyV8XaFEhw

https://m.youtube.com/watch?v=j8MjBxSMmF8

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *