സോപ്പും മലയാളിയും

#കേരളചരിത്രം

സോപ്പും മലയാളിയും.

മലയാളി സോപ്പ് തേച്ചു തുടങ്ങിയിട്ട് 100 വര്ഷംപോലും ആയിട്ടില്ല എന്ന വസ്തുത പുതിയ തലമുറക്ക് വിശ്വസിക്കാൻ കഴിയുമോ?.
60കൊല്ലം മുൻപ് എൻ്റെ കുട്ടിക്കാലത്തുപോലും സാധാരണജനങ്ങൾ സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് കണ്ടിട്ടില്ല.
തോടിൻ്റെ ഓരത്ത് ഇഷ്ടംപോലെ വളരുന്ന ഇഞ്ചവള്ളികൾ മുറിച്ച് ഉണക്കി ചതച്ച് ദേഹം തേക്കും. സ്ത്രീകൾ ചെമ്പരത്തിപ്പൂവ് വെള്ളത്തിൽ വേവിച്ച് കിട്ടുന്ന താളി ഉപയോഗിച്ച് മുടി കഴുകും.

1769ൽ ആൽബർട്ട് പീയേർസ് ആണ് വാണിജ്യാടിസ്ഥാനത്തിൽ ആദ്യമായി സോപ്പ് ഉത്പാദിപ്പിച്ച് തുടങ്ങിയത്.
ഇന്ത്യയിൽ ആദ്യമായി വ്യാവസായികാടിസ്ഥാനത്തിൽ സോപ്പ് ഉത്പാദിപ്പിച്ചു തുടങ്ങിയത് കേരളത്തിൽ ആണെന്നത് കൗതുകകരമായ വാർത്തയാണ്.
1918ൽ ടാറ്റാ കമ്പനി കൊച്ചിയിൽ ഒരു വെളിച്ചെണ്ണക്കമ്പനി വിലയ്ക്ക് വാങ്ങി.
1930ൽ എറണാകുളം ടാറ്റാപുരത്തെ ടാറ്റാ ഓയിൽ കമ്പനി 501 സോപ്പ്, മാർക്കറ്റിൽ എത്തിച്ചു. അതേസമയം തന്നെ കമ്പനി ഹമാം എന്ന പേരിൽ ഇന്ത്യയൊട്ടാകെ ഒരു കുളിസോപ്പ് വിൽപ്പനയ്ക്കെത്തിച്ചു. ( ടാറ്റാ പിൽക്കാലത്ത് സോപ്പ് നിർമ്മാണം നിർത്തി.ഹമാം പിന്നീട് യൂണിലീവർ കമ്പനി വാങ്ങി).

പാലായ്ക്കടുത്ത് രാമപുരം ഗ്രാമത്തിൽ ജനിച്ച സി ആർ കേശവൻ വൈദ്യര് ആയുർവേദവിധിപ്രകാരം വീട്ടിൽ ഉണ്ടാക്കിയ സോപ്പ് ഒരു തകരപ്പെട്ടിയിലാക്കി വീടുകൾതോറും കയറിയിറങ്ങി വിൽക്കാൻ ശ്രമിച്ചത് 1930കളിൽ തന്നെ. പിന്നീട് ഇരിഞ്ഞാലക്കുടയിൽ തുടങ്ങിയ ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയ പച്ചനിറത്തിലുള്ള ചന്ദ്രിക സോപ്പിൻ്റെ വിജയഗാഥ മലയാളികൾക്ക് മുഴുവൻ അഭിമാനിക്കാവുന്ന ചരിത്രമാണ്. എൻ്റെ കുട്ടിക്കാലത്തെ ആഹ്ലാദകരമായ ഒരു ഓർമ്മ ദേഹമാസകലം ചന്ദ്രികസോപ്പ് തേച്ച് പതപ്പിച്ച് തോട്ടിൽ മുങ്ങിക്കുളിക്കുന്നതാണ്. (ഇന്ന് ചന്ദ്രിക സോപ്പിൻ്റെ ഉടമ ബാംഗളൂരിലെ വിപ്രോ കമ്പനിയാണ്).

1935 ലെ പരസ്യങ്ങൾ കാണുക.
86 വർഷം മുൻപ് തുണി അലക്കുന്നതിന് സോപ്പ് ഉപയോഗിക്കാൻ മലയാളിയെ പ്രേരിപ്പിക്കാൻ കമ്പനി കുറെ പാടുപെട്ടുകാണും.
എൻ്റെ ചെറുപ്പത്തിൽ തുണി കാരത്തിൽ മുക്കി പുഴുങ്ങി അലക്കുക എന്നതാണ് നാട്ടുമ്പുറത്തെ രീതി. തുണിയലക്കാൻ വാര സോപ്പ് ( ബാർ സോപ്പ്) മുറിച്ചുകൊടുക്കുന്ന അമ്മയുടെ ഓർമ്മ ഇപ്പോഴും ഉണ്ട് .
240 വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും തേക്കാൻ പീയേഴ്സ് സോപ്പ് ഉണ്ട് എന്നതാണ് എറ്റവും സന്തോഷകരമായ ഒരു കാര്യം.

മഹാനായ എൻജിനീയർ സർ എം വിശ്വേശരയ്യ ആരംഭിച്ച മൈസൂർ സാൻ്റൽവുഡ് സോപ്പ് ഇന്നും എൻ്റെ ദിവസങ്ങൾക്ക് ഉന്മേഷം പകരുന്നു. കുട്ടികൾ ബോഡി വാഷ് എന്ന് വിളിക്കുന്ന സോപ്പ് ദ്രാവകമാണ് ഉപയോഗിക്കുന്നത്. കൈ കഴുകാൻ ഇപ്പോള് കൂടുതലും ലിക്വിഡ് സോപ്പ് ആണ് ഉപയോഗിക്കുന്നത്.

ഇന്നിപ്പോൾ പീയേഴ്‌സിനെ വെല്ലുന്ന, ശുദ്ധമായ വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന വിലകൂടിയ സോപ്പ് ഖാദിക്കടയിൽനിന്ന് വാങ്ങാറുണ്ട്. കേരളാ സാൻ്റൽവുഡ് സോപ്പും ഒട്ടും മോശമല്ല. വിദേശത്തുനിന്ന് വരുന്നവർ സമ്മാനമായി നൽകുന്ന സോപ്പുകളുടെ മേന്മ അത്ഭുതാവഹം തന്നെ.

അരനൂറ്റാണ്ടു മുൻപ് ആദ്യമായി സ്കൂൾ ബോർഡിംഗിൽ ചേർത്തപ്പോൾ അപ്പൻ വാങ്ങി നൽകിയ ലക്സ് ഫ്ലേക്സ് എന്ന അലക്കുപൊടി കണ്ട് അത്ഭുതപ്പെട്ട ഓർമ്മ ഇപ്പോഴുമുണ്ട്. ഇന്നിപ്പോൾ സർഫ് എക്സൽമാറ്റിക് ലിക്വിഡ് സോപ്പ് ഒഴിച്ച് വാഷിംഗ് മെഷീനിൽ തുണി അലക്കാൻ എനിക്കുപോലും അറിയാം.
ലൈഫ് ബോയ്, സിന്തോൾ,
ലിറിൽ മുതലായവ പ്രശസ്തമായ സോപ്പ് ബ്രാൻഡുകൾ ആണ് –
സോപ്പ് വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *