#ഓർമ്മ
#literature
ടി ആർ.
ടി ആർ എന്ന ടി രാമചന്ദ്രന്റെ (1944-2000) ജന്മവാർഷികദിനമാണ് ഒക്ടോബർ 26.
തൃപ്പൂണിത്തുറയിൽ ജനിച്ച രാമചന്ദ്രൻ, എറണാകുളം സെന്റ് ആൽബെർട്സ് കോളേജിൽനിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദവും തേവര എസ് ഏച്ച് കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനനന്തരബിരുദം നേടി, എസ് ബി ഐ യിൽ ഓഫീസറായാണ് ജീവിതം തുടങ്ങിയത്.
ജോലി രാജിവെച്ച് കോളേജ് അധ്യാപകനായി. എറണാകുളം, തലശേരി, ചിറ്റൂർ, മടപ്പള്ളി തുടങ്ങിയ സർക്കാർ കോളേജുകളിൽ ജോലിചെയ്ത ശേഷം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് വിരമിച്ചു. വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു ടി ആർ.
1969മുതൽ കഥകൾ എഴുതിത്തുടങ്ങി.
മലയാളത്തിൽ ആധുനികതയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. നാം നാളെയുടെ നാണക്കേട്, ജാസ്സക്കിനെ കൊല്ലരുത് തുടങ്ങിയ കഥകൾ പ്രസിദ്ധമാണ്.
‘ചിത്രകലയും ചെറുകഥയും’ വേറിട്ട ഒരു കൃതിയാണ്.
മദ്യമായിരുന്നു ഈ ഏകാന്തപഥികന്റെ ദൗർബല്യം. സ്വന്തം വിദ്യാർഥികളുമൊത്ത് മദ്യപാന സദസുകളിൽ ആറാടിയിരുന്ന ടി ആർ എഴുത്തിൽ നിന്ന് പിന്മാറാൻ കാരണം മദ്യമായിരുന്നു. ടി ആറിനെ അന്വേഷിച്ച് തേവരയിലെ ഫ്ലാറ്റിൽ മാറിക്കയറിയ ശിഷ്യനോട് സാരമില്ല, ടി ആറും ഇങ്ങനെ മാറി വാതിലിൽ മുട്ടാറുണ്ട് എന്ന് വീട്ടമ്മ പറഞ്ഞ കഥ ഒരു പ്രിയ ശിഷ്യൻ എഴുതി. ശിഷ്യനെക്കൊണ്ട് കഥാസമാഹാരത്തിന് അവതാരിക എഴുതിച്ചത് സാഹിത്യ തമ്പുരാക്കന്മാരെ പൊളിച്ചു കാണിക്കാനാണ്.
എറണാകുളത്തെ തെരുവീഥിയിൽ മരിച്ചുകിടക്കുന്ന ടി ആറിനെയാണ് ഒരു ജൂലൈ മാസം കണ്ടത്. ശിഷ്യനായ പി ടി തോമസ് തിരിച്ചറിഞ്ഞില്ലെങ്കിൽ ഒരു പക്ഷേ അനാഥശവമായി ഈ സാഹിത്യകാരൻ മാറിയേനെ.
– ജോയ് കള്ളിവയലിൽ.



