#ഓർമ്മ
#ചരിത്രം
#books
ബഹാദൂർ ഷാ സഫർ.
അവസാനത്തെ മുഗൾ ചക്രവർത്തി ബഹാദൂർ ഷാ സഫറിൻ്റെ (1775-1862) ജന്മവാർഷികദിനമാണ്
ഒക്ടോബർ 24.
അക്ബർ ചക്രവർത്തിയുടെ പരമ്പരയിൽ പെട്ട ബഹാദൂർ ഷാ രണ്ടാമനാണ് സഫർ ( വിജയം) എന്ന പേരിൽ അറിയപ്പെട്ടത്. അമ്മ ഒരു രജപുത്ര രാജകുമാരിയായിരുന്നു. അക്ബറിൻ്റെ മാതൃക പിന്തുടർന്ന സഫർ, ഹിന്ദു മുസ്ലീം സഹവർത്തിത്തത്തിൻ്റെ വക്താവായിരുന്നു. ഇരുപതാമത്തെ ഈ മുഗൾ ചക്രവർത്തി, 61വയസിൽ, 1837 സെപ്റ്റംബറിൽ അധികാരമേൽക്കുമ്പോൾ രാജ്യത്തിൻ്റെ വിസ്തൃതി ഷാജഹാനാബാദ് ( പഴയ ദില്ലി) മാത്രമായി ചുരുങ്ങിയിരുന്നു. ഏതാനും മാസം മുൻപ്, ജൂണിൽ കിരീടധാരണം നടത്തിയ വിക്ടോറിയ മഹാരാജ്ഞിയുടെ കീഴിൽ ഇന്ത്യ അമർന്നിരുന്നു .
ഭരണാധികാരി എന്നതിനേക്കാൾ കവിയായിരുന്നു ഈ സൂഫി വര്യൻ.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ദില്ലി പിടിച്ച വിപ്ലവകാരികൾ ബഹാദൂർ ഷാ സഫറിനെ ഇന്ത്യയുടെ മുഴുവൻ ചക്രവർത്തിയായി പ്രഖ്യാപിച്ചു. 1858 ജൂലൈ ആയപ്പോഴേക്കും ഈസ്റ്റ് ഇന്ത്യാ കമ്പനി ഏല്ലാ എതിർപ്പുകളും അടിച്ചമർത്തി ചക്രവർത്തിയെ ബന്ദിയാക്കി. മക്കളെയും കൊച്ചുമക്കളെയും നിർദ്ദയം കൊലചെയ്തു. സഫർ ബർമ്മയിലേക്ക് നാടുകടത്തപ്പെട്ടു.
വിക്ടോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിക്കപ്പെട്ടു.
റംഗൂണിൽ വെച്ച് 1862 നവംബർ 7ന് മരണപ്പെട്ടു.
1903ൽ കബറിടം തേടിയെത്തിയ തീർഥാടകർക്ക് സ്ഥലം കണ്ടെത്താനായില്ല. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ കബറിൻ്റെ സ്ഥാനത്ത് ബ്രിട്ടീഷ് അധികാരികൾ ഒരു ഫലകം സ്ഥാപിച്ചു.
“Bahadur Shah, ex King of Delhi died at Rangoon November 7th,1862 and was buried near this spot”.
1996ൽ മൻമോഹൻസിംഗ് സർക്കാരാണ് ഉചിതമായ ഒരു സ്മാരകം നിർമ്മിച്ചത് .
ചരിത്രകാരനായ വില്ല്യം ഡാർലിംപിൽ എഴുതിയ The Last Mughal എന്ന പുസ്തകമാണ് വിസ്മൃതിയിൽ ആണ്ടുപോയിരുന്ന ഈ അവസാനത്തെ മുഗൾ ചക്രവർത്തിയുടെ ജീവിതകഥ വെളിച്ചത്ത് കൊണ്ടുവന്നത്.
– ജോയ് കള്ളിവയലിൽ.








