#ഓർമ്മ
#ചരിത്രം
ക്യാപ്റ്റൻ ലക്ഷ്മി.
സ്വാതന്ത്ര്യസമരത്തിലെ വീരനായിക ക്യാപ്റ്റൻ ലക്ഷ്മിയുടെ (1914-2012)
ജന്മവാർഷികദിനമാണ്
ഒക്ടോബർ 24.
സ്വതന്ത്ര്യസമരസേനാനിയായ ആനക്കര വടക്കത്ത് അമ്മുക്കുട്ടിയുടെയും മദ്രാസിൽ പ്രമുഖ വക്കീലായിരുന്ന എസ് സ്വാമിനാഥൻ്റെയും മകളായ ലക്ഷ്മി 1938ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് ബിരുദം നേടി. ഡി ജി ഒ കൂടി പാസായി മദ്രാസ് കസ്തൂർബാ ആശുപത്രിയിൽ ജോലിക്ക് ചേർന്ന അവർ വിമാന പൈലറ്റ് ആയിരുന്ന പി കെ എൻ റാവുവുമായുള്ള വിവാഹബന്ധം തകർന്നതോടെ 1940ൽ സിംഗപ്പൂരിലേക്ക് പോയി.
3 വര്ഷം കഴിഞ്ഞു നേതാജി സുഭാഷ് ചന്ദ്രബോസിനെ കണ്ടുമുട്ടിയത് ജീവിതം മാറ്റിമറിച്ചു. കെ പി കേശവമേനോൻ, എൻ രാഘവൻ തുടങ്ങിയ നേതാക്കൾക്കൊപ്പം ഐ എൻ എ യിൽ ചേർന്ന ലക്ഷ്മി ഝാൻസി റാണി റെജിമെൻ്റ് സംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ടു. അതോടെ അവർ ക്യാപ്റ്റൻ ലക്ഷ്മിയായി മാറി.
യുദ്ധാനന്തരം ഐ എൻ എ നേതാവായിരുന്ന കേണൽ പി എം സേഗളിനെ വിവാഹംചെയ്തു ലാഹോറിൽ താമസമാക്കി. പിന്നീട് കാൺപൂരിലേക്ക് താമസം മാറ്റി പാവങ്ങൾക്കിടയിൽ ഡോക്ടറായി ജോലി തുടർന്നു.
1998ൽ പത്മവിഭൂഷൺ ബഹുമതി നേടിയ ക്യാപ്റ്റൻ ലക്ഷ്മി, 2002ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ വനിത എന്ന ബഹുമതിയും സ്വന്തമാക്കി.
പ്രശസ്ത നർത്തകികളായ മൃണാളിനി സാരാഭായി സഹോദരിയും സുഭാഷിണി അലി മകളുമാണ്.
– ജോയ് കള്ളിവയലിൽ.






