#കേരളചരിത്രം
കള്ളുചെത്ത്.
കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയിൽ അരനൂറ്റാണ്ടു മുൻപുവരെ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന ഒന്നാണ് കള്ളുൽപ്പാദനം.
കള്ളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ചക്കരയും പാനിയും വിനാഗിരിയും വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളായിരുന്നു. കള്ള് ചേർത്ത് പുളിപ്പിച്ച അപ്പം സുറിയാനി ക്രിസ്ത്യാനികളുടെ വിദേശ വിഭവമായിരുന്നു. വീടുകളിലെ ഉപയോഗത്തിനായി ചുണ്ണാമ്പ് തേക്കാതെ എടുക്കുന്ന മധുര കള്ള് ഗൃഹാതുരമായ ഓർമ്മയാണ്.
തെങ്ങിൽ നിന്നും പനയിൽ നിന്നും കള്ളു കിട്ടും. പന തന്നെ രണ്ടു തരമുണ്ട്.
1956ൽ കേരളസംസ്ഥാന രൂപീകരണം വരെ തിരുവിതാംകൂറിന്റെ നെല്ലറയായിരുന്നു ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട തെക്കൻ തിരുവിതാംകൂറിലെ അഗസ്തീശ്വരം, തോവാള താലൂക്കുകൾ. നെല്ല് പോലെ തന്നെ പ്രധാനമായിരുന്നു കള്ള് ചെത്ത്
വ്യവസായവും.
കെ മഹേശ്വരൻനായർ
ഒരു നൂറ്റാണ്ടു മുൻപത്തെ നാഞ്ചിനാട്ടിലെ കള്ള് ചെത്തുകാരുടെ ഒരു ദിവസം
വിവരിക്കുന്നത് കാണുക:
“നേരം പുലരും മുൻപേ പഴിഞ്ഞിയും കഴിച്ചു ( തലേദിവസം ബാക്കിവന്ന ചോറ് വെള്ളത്തിൽ ഇട്ടുവെച്ചിരുന്നത് – ലേഘകൻ ) മുരുക്കുതടിയും അരുവപ്പെട്ടിയും തൂക്കി പനയുടെ ചുവട്ടിലേക്കോടും. പനയിൽ കയറാനും കത്തി തേക്കാനുമായി മൂന്നടിയോളം നീളത്തിൽ ചെത്തിമിനുക്കി ഒരറ്റത്ത് ചന്ദ്രക്കല പോലെ ഒരു ചവിട്ടുപടിയും ഘടിപ്പിച്ചിട്ടുള്ള തടിയാണ് മുരുക്കു തടി. കൊതുമ്പുകൊണ്ടു മെനഞ്ഞെടുത്ത ഒരു കൂടയാണ് അരുവപ്പെട്ടി. അതിനുള്ളിൽ പനംകൂമ്പ് ചെത്താനുള്ള വെട്ടുകത്തിയും ചെത്തിയ അക്കാനി പകർന്നെടുക്കാനുള്ള പാത്രവും പനമണ്ടയിൽ കൂമ്പിന്റെ വായിൽ കടിപ്പിക്കാനുള്ള മൺചട്ടിയും ചട്ടിയിൽ ഇടാനുള്ള ചുണ്ണാമ്പും ഉണ്ടാവും.
പനകയറ്റക്കാരൻ മിന്നൽ വേഗത്തിൽ കരിമ്പനയുടെ മുകളിലെത്തും. നേരത്തെ വെച്ചിട്ടുള്ള ചട്ടിയിൽ ഊർന്നിറങ്ങിയ അക്കാനി ശേഖരിച്ചു പാത്രത്തിലാക്കും. വീണ്ടും കൂമ്പ് ചെത്തി ചട്ടി കടിപ്പിച്ചു താഴേക്കിറങ്ങിപ്പോരും. ദിവസവും മുപ്പതും നാൽപ്പതും പന കയറും ……….
…….. വെയിൽ മങ്ങുമ്പോൾ വീണ്ടും രാവിലെ കയറിയിറങ്ങിയ പനകളിൽ കയറും. ആ പണി അന്തി കഴിയുവോളം നീളും. അന്തിപ്പന കയറ്റത്തോടെ അന്നത്തെ പണികഴിഞ്ഞു.
പനകയറ്റത്തൊഴിലാളികളുടെ
വീട്ടിൽ എല്ലാവർക്കും പിടിപ്പത് പണിയുണ്ട്. പെണ്ണുങ്ങളും കുട്ടികളും വരെ അതിരാവിലെ തന്നെ ഉണരണം. അവർ പനയുടെ ചുവട്ടിലെത്തി അക്കാനി എടുക്കുന്ന മുറക്ക് കൊണ്ടുവന്നു വീട്ടിൽ ശേഖരിച്ചുവയ്ക്കണം….. “
കള്ളിൻ്റെ ചരിത്രം പറഞ്ഞാൽ തീരില്ല.
പണ്ടുകാലത്ത് ഒരു ഗ്രാമത്തിലെ പ്രധാന വിശ്രമ /വിനോദ കേന്ദ്രമായിരുന്നു സ്ഥലം കള്ള് ഷാപ്പ്.
– ജോയ് കള്ളിവയലിൽ.
ചിത്രം 1:
1850ൽ വരച്ചത്.
Posted inUncategorized