#ചരിത്രം
പാലായിലെ ഒരു ഹോട്ടൽ.
താമസസൗകര്യമുള്ള ഹോട്ടൽ എന്ന സമ്പ്രദായം ചെറുപട്ടണങ്ങളിൽ ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് മാത്രമേ ആയുള്ളൂ.
എൻ്റെ ചെറുപ്പകാലത്ത് പോലും രാത്രി തിരിയെ വീട്ടിലെത്താൻ കഴിയാതെ വന്നാൽ ഏതെങ്കിലും ബന്ധുവീട്ടിൽ തങ്ങുക എന്നതാണ് രീതി. അപ്രതീക്ഷിതമായി എത്തുന്ന അത്തരം അതിഥികൾക്കായി ഒരു പായും തലയിണയും എല്ലാ വീട്ടിലും കരുതും. പുരുഷന്മാർ വീട്ടിൽ ഇല്ലെങ്കിൽ പുറത്ത് തിണ്ണയിലായിരിക്കും അതിഥിയുടെ കിടപ്പ്. നേരം വെളുക്കുമ്പോൾ ചുരുട്ടിവെച്ച പായ കാണും.
അര നൂറ്റാണ്ടു മുൻപ് പോലും ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുക എന്നത് സ്ത്രീകൾക്ക് ഇഷ്ടമുള്ള കാര്യമല്ല. പിന്നല്ലേ രാത്രി താമസം.
75 വര്ഷം മുൻപത്തെ ഒരു പരസ്യം കാണുക. അന്ന് പാലാ ഒരു ചെറിയ പട്ടണം മാത്രമാണ്. എങ്കിലും പാലായിൽ ആയിടക്ക് വൈദ്യുതി എത്തിയിട്ടുണ്ട്.
വിദേശികളായ അതിഥികൾക്ക് താമസിക്കാനും കുളി മുതലായ ദിനചര്യകൾക്കും സൗകര്യമുള്ള ഹോട്ടൽ എന്നാണ് വില്ലിങ്ടൻ ഹോട്ടലിൻ്റെ പരസ്യം. അക്കാലത്ത് പരസ്യം ചെയ്യണമെങ്കിൽ ഹോട്ടൽ ഒരു പ്രുമുഖസ്ഥാപനം ആയിരുന്നിരിക്കണം. വിദേശികൾ എന്ന് ഉദ്ദേശിച്ചത് നാട്ടുകാർ അല്ലാത്തവരെ ആയിരിക്കണം.
എനിക്ക് ഓർമ്മയുള്ള 1970കളിൽ വെല്ലിങ്ടൻ ഹോട്ടൽ നിലവിലില്ല.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്: ഹോട്ടലിനും ഉടമ കണ്ടത്തിൽ ഔതക്കും പിന്നീട് എന്തു സംഭവിച്ചു എന്ന് പ്രിയ സുഹൃത്ത് Ravi Pala എഴുതുന്നു.
—-
ശ്രീ ജോയി കള്ളിവയലിലിൻ്റെ പോസ്റ്റ് വളരെ രസകരമായ കാര്യങ്ങൾ കുറിക്കാൻ കാരണമാകുകയാണ്. വില്ലിംഗ്ടൺ ഹോട്ടൽ & റെസ്റ്റോറൻ്റ് ആണു വിഷയം. വില്ലിംഗ്ടൺ എന്ന പേരു തന്നെ അക്കാലത്തു പുതുമയായിരുന്നു.കൊച്ചിയിൽ മണ്ണിട്ടു പൊക്കി ഉയർന്നിയ അയലണ്ട് ഉണ്ടാകുന്നതു് 1930 കളിലാണ്. 1936ൽ വില്ലിംഗ്ടൺ ഐലൻ്ഡ് – എൻ്റെ പ്രായം – ഹോട്ടൽ എന്ന വാക്കിൻ്റെ അർത്ഥം അറിഞ്ഞുതന്നെ പേരിട്ടിരിക്കുന്നു. ഇന്ന് “ഹോട്ടൽ ” എന്നാൽ ഉച്ചക്ക് ചോറു കിട്ടുന്ന സ്ഥലം എന്നായിരിക്കുന്നു. ഹോട്ടൽ എന്ന പേരു ചേർക്കണമെങ്കിൽ യാത്രക്കാർക്കം സന്ദർശകർക്കം താമസസൗകര്യം കൂടി വേണം. വിദേശികൾ എന്ന് ഉദ്ദേശിച്ചിരിക്കന്നത് പാലായിലേക്ക് വരുന്നവർ എന്ന അർത്ഥത്തിലാണ്. പാലായിൽ താമസസൗകര്യത്തോടു കൂടിയ റസ്റ്റോറൻ്റ് ഇല്ലാതിരുന്ന കാലത്ത് മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന സ്ഥാനത്തിന് താഴെ ആറ്റുതീരത്ത് വെള്ളം കയറാത്ത ഒരു രണ്ടുനില മരക്കെട്ടിടം – ആറ്റിൽ കളിച്ചു താമസിക്കാൻ പറ്റിയ സൗകര്യവും – യൂണിവേഴ്സൽ തീയേറ്ററിൻ്റെ കവാടത്തിൽ അന്നത്തെ സുപ്രസിദ്ധ ഗ്രാൻ്റ്-ഇൻ-എയിഡ് പനക്കൽ ആര്യവൈദ്യശാലയുടെ തൊട്ടുകിഴക്ക് ഒരു റെസ്റ്റോറൻ്റ് ആയിരുന്നു കണ്ടത്തിൽ ഔതയുടെ ഈ സ്ഥാപനം. കെട്ടിടം പടിഞ്ഞാറക്കര P I തോമസ് (കുഞ്ഞമ്മൻ ചേട്ടൻ ) വക. ലോകമഹായുദ്ധാനന്തരമുണ്ടായ ദാരിദ്രവും പണവും വിട്ടുമാറിയിട്ടില്ല. ഇന്ത്യ സ്വതന്ത്രയായിട്ടില്ല. 1945ൽ പാലായിൽ വൈദ്യുതി വന്നു.1946ലോടെ ഈ സ്ഥാപനം ആരംഭിച്ചു. ഞാൻ സെന്തോമസ് HS ൽ ഫസ്റ്റ് ഫാറത്തിലേക്കു ആകുന്നു. കുറേക്കഴിഞ്ഞ് സ്നേഹിതൻ വടയാറ്റ് കൊച്ചേട്ടൻ (ഇപ്പോഴത്തെ 3 നില മോഡേൺ ലോഡ്ജ് കെട്ടിടം പണിയിച്ചയാൾ) കൂടി ചേർന്ന് മോഡേൺ വില്ലിംഗsൺ എന്ന് നാമകരണം ചെയ്തു് 3 നിലക്കെട്ടിടം ഇപ്പോൾ നില്ക്കുന്ന സ്ഥലത്ത് നവീനരീതിയിൽ ഒരു ഷെഡ്ഡ് പണിതു് മാറ്റിസ്ഥാപിച്ചു. ആറ്റുകടവിലെ സ്ഥലം കാപ്പിപ്പറമ്പിൽ (ബോർമയിൽ ) ദേവസ്യാക്ക് കൈമാറി. പിന്നീട് പ്രശസ്തനായ M0 Dക്കും –
സ്ഥിരമായി 3 നാലുനിലക്കെട്ടിടം പണിയേണ്ട ആവശ്യത്തിന് മോഡേൺ വില്ലിംഗ്ടൺ അവസാനിപ്പിച്ചു. അങ്ങനെ “മോഡേൺ കൊച്ചേട്ടൻ” സമൂഹത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. കണ്ടത്തിൽ ഔത ഹോട്ടൽ രംഗത്ത് പയനിയറായിരുന്നു. സഹോദരന്മാരായി 3 പേർ കൂടിയുണ്ടായിരുന്നു. ഒരാൾ ഫോട്ടോഗ്രാഫർ സാംസൻ്റെ പിതാവും മറ്റൊരാൾ പെൻഹൗസ് നടത്തിയിരുന്ന പത്രപ്രവർത്തകൻ ദേവസ്യാ കണ്ടത്തിലിൻ്റെ പിതാവുമായിരുന്നു. ഔത സഹോദരങ്ങൾ ആരും ജീവിച്ചിരിപ്പില്ല. അക്കാലത്ത് മോഡേൺ കൊച്ചേട്ടനു കൂട്ടായി കരൂർ സ്വദേശി പാപ്പുക്കുട്ടിയും ഉണ്ടായിരുന്നു.
ജെ തോമസ് കയ്യാലക്കകം നവീനരീതിയിൽ കെട്ടിടം പണിതതോടുകൂടി ഹോട്ടൽ പലതും വന്നു. ഹോട്ടൽ ശ്രീകുമാർ, ശ്രീവിലാസ്, രാധാകൃഷ്ണ, ശ്രീവാസ്, TMD, തിരുമനസ്, ഭാരത് ലഞ്ചു ഹോം, ശിവമയം, വീരമണി, ഭഗവതിവിലാസം, നീലകണ്ഠവിലാസം മാരുതി, പ്രഭാത്, ഉദയാ, സുകുമാരവിലാസം, പങ്കജം, കോമളം , അങ്ങനെ പലതും. പേരിനൊപ്പം ആദ്യകാലങ്ങളിൽ വിലാസത്തോടെ നായരും ബ്രാഹ്മണനും ചേർത്തിരുന്നു.!
പാലായിൽ ഒരു കാലത്ത് എൻ്റെ അമ്മൂമ്മ പറഞ്ഞ് കേട്ടത് – തൊമ്മനാമറ്റത്തു നിന്ന് (ഇപ്പോൾ മുനി: ബസ് സ്റ്റേഷൻ) ളാലത്തു് അമ്പലത്തിലേക്കുള്ള സത്രം വഴി തുടങ്ങുന്നിടത്ത് വൈപ്പന കറിയാ മാപ്പിളയുടെ രണ്ടുനില കെട്ടിടം നിൽക്കുന്ന സ്ഥാനത്ത് “ക്ലബ് വേലുപിള്ളയുടെ ഒരു ചോറ്റു കെളബ്ബ് ” ഉണ്ടായിരുന്നു. മുൻസിഫ് കോടതി അടച്ചാൽ അതും അടയ്ക്കും – മുൻസിഫ് കോടതി അക്കാലത്ത് പുളിക്ക മൊതലാളിയുടെ കിഴതടിയൂരുള്ള രണ്ടു നിലക്കെട്ടിടത്തിലായിരുന്നു അത് പിന്നീട് രാമപുരം റോഡിലേക്ക് മാറ്റി.
ബാക്കി പിന്നീട്.
തത്ക്കാലം വിട.
രവി പാലാ
23.10 .20 21
അൽപം പിശകുണ്ട്.
ജുവലറിയുടെ സ്ഥാനം മുമ്പ് തോട്ടുങ്കൽ ബിൽഡിംഗ് ആയിരുന്നു. അവിടെയാണ് അയ്യപ്പൻ്റെ ഷൂമാർട്ടം മുഴയിൽ ബേബിയുടെ ചെറിയ സ്വർണ്ണക്കടയും ഉണ്ടായിരുന്നത് .
മോഡേൺ വില്ലിംഗ്ടൺ ഹോട്ടൽ നിർത്തിയിട്ടാണ് തൽസ്ഥാനത്ത് 3നില മോഡേൺ ലോഡ്ജ് പണിതുയർത്തിയത്.
– രവി പാലാ.
( 2021ലെ പോസ്റ്റ്)
Posted inUncategorized