ഇസ്മത് ചുഗ്തായ്

#ഓർമ്മ
#literature

ഇസ്മത് ചുഗ്തായ്.

വിഖ്യാത ഉർദു സാഹിത്യകാരി ഇസ്മത് ചുഗ്തായിയുടെ ( 1915-1991) ചരമവാർഷിക ദിനമാണ്
ഒക്ടോബർ 24.

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, സിനിമാ നിർമ്മാതാവ് എന്ന നിലയിലെല്ലാം തിളങ്ങിയ പ്രതിഭയാണ് ഇസ്മത്ത് ചുഗ്തായ്.

ഇന്നത്തെ ഉത്തർപ്രദേശിലെ ബദുവിനിലാണ് ജനിച്ചത്. പിതാവ് ഐ സി എസ് ഓഫീസർ ആയിരുന്നതിനാൽ വിവിധ സ്ഥലങ്ങളിലാണ് ജീവിച്ചതും പഠിച്ചതും . കുടുംബം അവസാനം ആഗ്രയിൽ സ്ഥിരതാമസമാക്കി.
ഇസബല്ല തേൺ കോളേജിൽ നിന്ന് ബി എ യും അലിഗറിൽ നിന്ന് ബി എഡും പാസ്സായ ഇസ്മത്ത് 1930കൾ മുതൽ എഴുതിത്തുടങ്ങി. 1938 മുതൽ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ അംഗമായി.
ആദ്യത്തെ ചെറുനോവൽ സിഡ്ഡി ( 1941) മുതൽ വിവാദ നായികയാണ് ഇസ്മത്ത്. ഒരു വീട്ടുജോലിക്കാരിയും വീട്ടുടമയുടെ മകനും തമ്മിലുള്ള പ്രേമമായിരുന്നു ഇതിവൃത്തം.
നോവൽ ഖുർആന് എതിരാണ് എന്ന വിമർശനം അവർ അവഗണിച്ച് മുന്നോട്ട് പോയി.
1942ൽ എഴുതിയ ലിഹാഫ് ( The Quilt) എന്ന കഥയുടെ ഇതിവൃത്തം രണ്ടു സ്ത്രീകൾ തമ്മിലുള്ള പ്രണയമാണ്. അശ്ലീലം ആരോപിച്ച് ലാഹോർ ഹൈക്കോടതിയിൽ വിചാരണ നേരിടേണ്ടി വന്നു. മാപ്പു പറഞ്ഞാൽ വെറുതെ വിടാം എന്ന ജഡ്ജിയുടെ വാഗ്ദാനത്തിന് ഇസ്മത്ത് കൊടുത്ത മറുപടി, എഴുതിയത് കുറ്റമാണെങ്കിൽ മാപ്പ് പറഞ്ഞതുകൊണ്ട് നിരപരാധിയാകുമോ എന്നാണ്. ഉറ്റ സുഹൃത്തായ സദത്ത് ഹുസൈൻ മൻ്റോയും ബൂ ( ദുർഗന്ധം) എന്ന കഥക്ക് അതേസമയം തന്നെ വിചാരണ നേരിടേണ്ടി വന്നു. 1945ൽ രണ്ടുപേരെയും കോടതി വെറുതെ വിട്ടു.
1942 ൽ ബോംബയിൽ എത്തിയ ഇസ്മത്ത് സിഡ്ഡി ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. 1950കൾ മുതൽ സിനിമാ നിർമ്മാതാവുമായി.
ഇസ്മത്തിൻ്റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതോടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയായ ഉർദു സാഹിത്യകാരി എന്ന അംഗീകാരം ഇസ്മത്തിനെ തേടിയെത്തി.
ഇസ്മത്തിൻ്റെയും മൻ്റോയുടെയും സ്നേഹബന്ധത്തിൻ്റെ കഥ 2012ൽ മൻ്റോ എന്ന പേരിൽ ചലച്ചിത്രമായി. ലിഹാഫ് 2019ൽ സിനിമയായി.
ബോംബെയിൽ വെച്ചായിരുന്നു അന്ത്യം.
സ്ത്രീകളുടെ ജീവിതവും ലൈംഗികതയും ഇത്രയും നന്നായി കൈകാര്യം ചെയ്ത ഉർദു സാഹിത്യകാരി വേറെയില്ല.
ആത്മകഥാപരമായ ആദ്യത്തെ നോവൽ തന്നെ ബ്രിട്ടീഷ് സാമ്രാജ്യം അസ്തമിക്കുന്ന കാലത്തെ മുസ്ലിം ജീവിതം അടയാളപ്പെടുത്തുന്നതാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *