സി പി മാത്തൻ

#കേരളചരിത്രം
#ഓർമ്മ

സി പി മാത്തൻ.

കേരള ചരിത്രത്തിൽ ഓർമ്മിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ് സി പി മാത്തൻ.

കൊയ്ലോൺ ബാങ്കിൻ്റെ ( 1919) സ്ഥാപകനായിരുന്നു തിരുവല്ലാക്കാരനായ ചാലക്കുഴി പി മാത്തൻ ബി എ ബി എൽ. പ്രധാന പ്രവർത്തനമേഖല തിരുവിതാംകൂർ ആയിരുന്നെങ്കിലും ബ്രിട്ടീഷ് പ്രവിശ്യയുടെ തലസ്ഥാനമായ മദ്രാസ് ആയിരുന്നു ബാങ്കിൻ്റെ ഹെഡ് ഓഫീസ്.
ഇന്നും കൊല്ലത്ത് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്ന കൂറ്റൻ കെട്ടിടമാണ് കൊയിലോൺ ബാങ്കിൻ്റെ പഴയ ആസ്ഥാനം. ഏറ്റവും മുകളിൽ ‘സച്ചിവോത്തമ സർ സി പി രാമസ്വാമി ഐയ്യർ ഷഷ്‌ടിപൂർത്തി മെമ്മോറിയൽ വാർഡ്’ എന്നു രേഖപെടുത്തിയിരിക്കുന്നത് കാണാം.
തിരുവിതാംകൂർ മഹാരാജാവിൻ്റെ
കവടിയാറിലെ രാജകൊട്ടാരത്തിൻ്റെ മാതൃകയിലാണ് ബ്രഹ്മാണ്ഡൻ കെട്ടിടം നിർമ്മിച്ചത്.
1919ൽ സ്ഥലം മാത്തൻ വാങ്ങിയത് 19500 രൂപയ്ക്കാണ്.
തിരുവിതാംകൂറിൻ്റെ വികസനത്തിൽ ബാങ്കുകളുടെ പങ്ക് അറിയാവുന്ന ദിവാൻ സർ സി പി യാണ് ബാങ്കിൻ്റെ ഹെഡ് ഓഫീസ് കൊല്ലത്തേക്ക് മാറ്റി സ്ഥാപിക്കാൻ മാത്തനെ പ്രേരിപ്പിച്ചത്.
1935-36 കാലത്താണ് കൊല്ലത്ത് ഹെഡ് ഓഫീസ് മന്ദിരം പണിയുന്നത്. 140,000 രൂപ ചിലവായ കെട്ടിടം ഉത്‌ഘാടനം ചെയ്തത്
ദിവാൻ സർ സി പി തന്നെയാണ്.
കശുവണ്ടിക്കും കയറിനും വളക്കൂറുള്ള കൊല്ലം, ബാങ്കിൻ്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു. തഞ്ചാവൂരും മദിരാശിയിലുമുള്ള നിരവധി തമിഴ്‌ പ്രമാണിമാർ വൻതോതിൽ നിക്ഷേപങ്ങൾ ബാങ്കിൽ നടത്തി. കൂടുതൽ വളർച്ച ലക്ഷ്യമാക്കി മലയാള
മനോരമയുടെ പത്രാധിപർ കണ്ടത്തിൽ കെ സി മാമ്മൻ മാപ്പിളയുടെ,
കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന
ട്രാവൻകൂർ നാഷണൽ ബാങ്ക്, കൊയ്‌ലോൺ ബാങ്കുമായി 1937ൽ ലയിപ്പിച്ചു. ലയനത്തിന് പ്രോത്സാഹനം കൊടുത്തത് സർ സി പിയായിരുന്നു. ബാങ്കിൻ്റെ ഹെഡ് ഓഫീസ് കൊല്ലത്തേക്ക് മാറ്റി സ്ഥാപിച്ചാൽ
തിരുവിതാംകൂറിന്റെ 70 ലക്ഷം രൂപ നിക്ഷേപമായി കൊടുക്കാമെന്ന് സർ സി പി വാഗ്ദാനം ചെയ്തിരുന്നു എന്നാണ് പറയപ്പെടുന്നത്. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായി വളർന്ന നാഷണൽ കൊയ്ലോൺ ബാങ്കിന് 75 ശാഖകൾ ഉണ്ടായിരുന്നു.

ദിവാൻ്റെ ഏകാധിപത്യ ഭരണത്തിനെതിരെ ഉയർന്നുവന്ന സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിൻ്റെ സാമ്പത്തിക സ്രോതസ് നാഷണൽ കൊയ്‌ലോൺ ബാങ്കാണ് എന്ന് സി പി വിശ്വസിച്ചു. ബാങ്ക് തകർക്കും എന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.
പ്രക്ഷോഭത്തിൽ മാമ്മൻ മാപ്പിളയും മലയാള മനോരമയും നേരിട്ട് പങ്കു വഹിച്ചത് സി പി യെ രോഷം കൊള്ളിച്ചു.

ബാങ്ക് തകർക്കാനുള്ള പദ്ധതികൾ സി പി ആസൂത്രണം ചെയ്തു. തിരുവിതാംകൂറിന്റേതെന്നു പറഞ്ഞു ഇല്ലാത്ത എഴുപതുലക്ഷം രൂപയുടെ നിക്ഷേപം പിൻവലിച്ചതായി പ്രചരിപ്പിച്ചു. ബാങ്ക് പൊളിയുന്നു എന്ന രീതിയിൽ സർക്കാർ പ്രസ്സിൽ അച്ചടിച്ച നോട്ടീസുകൾ വ്യാപകമായി തഞ്ചാവൂരിലും തമിഴ്നാട്ടിലെ മറ്റിടങ്ങളിലും വിതരണം ചെയ്യപ്പെട്ടു. തുടർന്ന് നിക്ഷേപങ്ങൾ പിൻവലിക്കാനായി ജനങ്ങൾ നെട്ടോട്ടമോടി.
ബാങ്ക് രക്ഷിക്കാനായി ഉടമകൾ സി പി യുടെ കാല് പിടിച്ചെങ്കിലും അദ്ദേഹം ഒരു വിട്ടു വീഴ്ചയും ചെയ്തില്ല.
1938 ആയപ്പോഴേക്കും ബാങ്ക് തകർന്നു. കോട്ടയത്തെ മലയാള മനോരമ പത്രം പൂട്ടി സീൽ ചെയ്തു. കെ സി മാമ്മൻ മാപ്പിള, മകൻ കെ എം ഈപ്പൻ, കെ വി വർഗീസ്, സി പി മാത്തൻ എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടു. മദിരാശിയിൽനിന്നും വിലങ്ങുവെച്ചാണ് മാമ്മൻ മാപ്പിളയേയും, മാത്തനെയും മറ്റ് പ്രതികളെയും തിരുവിതാകൂറിലേക്ക് കൊണ്ടു്വന്നത്.

1940 ജനുവരിയിൽ കേസിൻ്റെ വിധിയായി. പ്രതികൾ എട്ടുവർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. അവരെ കാലിൽ ഇരുമ്പ് തളയണിയിച്ചു ഏകാന്ത തടവുകാരാക്കി ജെയിലിൽ അടച്ചു. ജയിലിൽവെച്ച് കെ ഇ ഈപ്പൻ അന്തരിച്ചു. ലിക്വിഡേറ്റർ ഏറ്റെടുത്ത ബാങ്കിൻ്റെ ആസ്തികൾ ചുളുവിലയ്ക്ക് ലേലത്തിൽ വിറ്റു. കൊല്ലത്തെ ഹെഡ് ഓഫീസ് കെട്ടിടം 15000 രൂപക്ക് ലേലത്തിൽ വാങ്ങിയത് സി പി യുടെ ആശ്രിതനായ കെ ജി പരമേശ്വരൻ പിള്ളയാണ്.

കെ സി മാമ്മൻ മാപ്പിള രണ്ടുവർഷം കഴിഞ്ഞ് മാപ്പു പറഞ്ഞ് ജെയിലിൽ നിന്ന് പുറത്തിറങ്ങി.
തെറ്റ് ചെയ്തിട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിന്ന സി പി മാത്തൻ പക്ഷേ, ജെയിലിൽ തുടരാനാണ് തീരുമാനിച്ചത്. വിധിക്കെതിരെ വൈസ്റോയിക്ക് അപ്പീൽ കൊടുത്ത അപ്പീലിൽ മാത്തൻ
22.1.1942ൽ നിരുപാധികം വിട്ടയക്കപ്പെട്ടു.

സർ സി പി നാട് വിട്ടതോടെ ജനങ്ങൾ മാത്തനെ ആരാധനാപൂർവ്വം കാണാൻ തുടങ്ങി.
സ്വതന്ത്രഭാരതത്തിൽ
1952ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ
മാവേലിക്കര മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച മാത്തനെ അവർ വിജയിപ്പിച്ചു.
1957ൽ സി പി മാത്തൻ സുഡാനിൽ അംബാസഡറായി നിയമിതനായി. 2.6.1960ൽ പാരിസിൽ വെച്ച് സി പി മാത്തൻ എന്ന അഭിമാനിയായ മഹാൻ അന്തരിച്ചു. തിരുവല്ല കാവുംഭാഗം പള്ളിയിൽ അടക്കം ചെയ്യപ്പെട്ടു.
നാഷണൽ കൊയ്‌ലോൺ ബാങ്കിൻ്റെ കെട്ടിടത്തിൽ
ഇപ്പോൾ ജില്ലാ ആശുപത്രി സുപ്രണ്ടിന്റെ ഓഫീസ്, നഴ്സിംഗ് സ്കൂൾ, പാലിയേറ്റിവ് പരിശീലനകേന്ദ്രം എന്നിവ പ്രവർത്തിക്കുന്നു.

മാത്തന്റെ ഭാര്യ ഏലിയാമ്മ മാത്തൻ എഴുതി സൂക്ഷിച്ചിരുന്ന ഡയറിയെ ആസ്പദമാക്കി മാത്തൻ എഴുതിയ ആത്മകഥയാണ്
“I Have Borne Much”.

– ജോയ് കള്ളിവയലിൽ.

ഫോട്ടോകൾ കടപ്പാട്:
കെ ആർ രവിമോഹൻ .
റെഫറൻസ്:
ജീവിതസ്മരണകൾ – കെ സി മാമ്മൻ മാപ്പിള.
സർ സി പി യും തിരുവിതാംകൂറും – എ ശ്രീധരമേനോൻ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *