#ഓർമ്മ
#religion
സെന്റ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ.
ആഗോള കത്തോലിക്കാ സഭ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്ന ദിവസമാണ്
ഒക്ടോബർ 22.
കർദിനാൾ കരോൾ വോയ്‌റ്റിവ ( Karol Wojtyla ) മാർപാപ്പയായ ദിവസമാണ് 1978 ഒക്ടോബർ 22.
മോറിസ് എൽ വെസ്റ്റ് The Shoes Of The Fisherman എന്ന നോവലിൽ ഇരുമ്പുമറക്കു പിന്നിൽ നിന്ന് ഒരാൾ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന കഥ എഴുതിയപ്പോൾ വെറും ഭാവന എന്നേ എല്ലാവരും കരുതിയുള്ളു.
16ആം നൂറ്റാണ്ടിൽ ജീവിച്ച എഡ്രിയൻ ആറാമനുശേഷം ഇറ്റലിക്കാരനല്ലാത്ത ആദ്യത്തെ മാർപാപ്പയാണ് പോളണ്ടുകാരനായ ജോൺ പോൾ രണ്ടാമൻ. യൂറോപ്പിൽ കമ്മ്യൂണിസത്തിൻ്റെ തകർച്ചയിലേക്ക് നയിച്ച സംഭവം.
1978 മുതൽ 2005ൽ മരണം വരെ ഭരിച്ച അദ്ദേഹം ചരിത്രത്തിൽ ഏറ്റവുമധികം കാലം – പീയൂസ് ഒൻപതാമൻ കഴിഞ്ഞാൽ – മാർപാപ്പയായി ഭരിച്ചയാളാണ്.
ലോകം മുഴുവൻ – ഇന്ത്യയുൾപ്പടെ 129 രാജ്യങ്ങളിൽ – യാത്ര ചെയ്ത റെക്കോർഡും ഈ മാർപാപ്പയുടെ മാത്രം സ്വന്തം.
യഹൂദമതം, ഇസ്ലാം, കിഴക്കൻ ഓർത്തഡോൿസ് സഭ എന്നിവയുമായി അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.
ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു മാർപാപ്പയ്ക്ക് വെടിയേറ്റത്.
കൊലപാതകശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട അദ്ദേഹം കുറ്റവാളിയോട് ക്ഷമിക്കുക മാത്രമല്ല കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വെടിയുണ്ട പിന്നീട് പോർച്ചുഗലിലെ ഫാത്തിമയിൽ മറിയത്തിൻ്റെ കിരീടത്തിൽ പ്രതിഷ്ടിക്കപ്പെട്ടു.
ജീവിച്ചിരിക്കുമ്പോൾ തന്നെ – ഉറ്റ സുഹൃത്തായിരുന്ന മദർ തെരേസയെപ്പോലെ – വിശുദ്ധനായി കരുതപ്പെട്ടിരുന്നു. മരണശേഷം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
പാർക്കിന്സൻ രോഗം മൂലം കഷ്ടപ്പെട്ടപ്പോഴും രാജിവെക്കുന്ന പാരമ്പര്യം ഇല്ലാതിരുന്നതാണ് പിൻഗാമിയായ ബെനദിക്റ്റ് മാർപാപ്പക്ക് ആരോഗ്യം മോശമായപ്പോൾ രാജിവെക്കാൻ പ്രേരകമായത്.
ചരിത്രത്തിൽ ചുരുക്കം മാർപാപ്പമാർക്ക് കിട്ടിയ ബഹുമതിയായ മഹാനായ ജോൺ പോൾ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
2023 ഏപ്രിലിൽ ശശികലയുമൊത്ത് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജോൺ പോൾ രണ്ടാമൻ്റെ കബറിടവും പോർച്ചുഗലിലെ ഫാത്തിമയും സന്ദർശിച്ച് പ്രാർത്ഥിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.
https://www.facebook.com/share/r/FLTpZEfftPft9SAb/
Posted inUncategorized