#religion
#publicaffairs
കത്തോലിക്കാ സഭയും സവർഗ്ഗ സ്നേഹികളും.
സവർഗ സ്നേഹം പ്രകൃതിവിരുദ്ധവും സഭയുടെ വിശ്വാസങ്ങൾക്ക് എതിരുമാണ് എന്നാണ് കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി പഠിപ്പിച്ചു പോന്നത്.
എന്നാല് ഫ്രാൻസിസ് മാർപ്പാപ്പ ഈ വിഷയത്തിൽ വിപ്ലവകരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
സവർഗ്ഗ അനുഭാവിയും, എന്നാൽ കുടുംബമായി ജീവിക്കുന്നയാളുമായ ഒരു വ്യക്തി, ആൻഡ്രെയ റുബേര ഫ്രാൻസിസ് പാപ്പയോട് തന്റെ കുട്ടികളെ പള്ളിയിൽ അയക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്ന്, പാപ്പയുടെ താമസസ്ഥലത്തെ പള്ളിയായ സാൻത മർത്തയിലെ വി. ബലിയർപ്പണത്തിന് ശേഷം, ആ വ്യക്തിയെ കണ്ടുമുട്ടുന്നതും, അദ്ദേഹത്തോട് കുട്ടികളെ പള്ളിയിൽ അയക്കാൻ പറയുന്നതും ചിത്രീകരിക്കുന്ന ഒരു ഡോക്യുമെൻ്ററി ലോകശ്രദ്ധ ആകർഷിക്കുകയുണ്ടായി.
കത്തോലിക്ക സഭ ഈ കാലഘട്ടത്തിൽ ഒരിക്കൽപോലും സവർഗ്ഗ അനുഭാവം പുലർത്തുന്നവരെ മാറ്റിനിർത്തിയിട്ടില്ല, ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ആഹ്വാനമായ അമോരിസ് ലെറ്റീഷ്യയിൽ പാപ്പ പഠിപ്പിക്കുന്നതും ഇത് തന്നെയാണ് എന്നാണ് ഇറ്റലിയിലെ കിയേത്തി ആർച്ച്ബിഷപ്പ് വിശദീകരിച്ചത്.
സവർഗ്ഗ അനുഭാവികൾക്കും കുടുംബത്തിൽ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും, അവരും ദൈവമക്കളാണ് എന്ന് പറയുന്നതോടൊപ്പം, പാപ്പ, നമുക്ക് ആരെയും കുടുംബത്തിൽ നിന്ന് പുറത്താക്കാനുള്ള അധികാരമില്ല എന്നും, നിയമപരമായി അവർക്ക് സംരക്ഷണം വേണം എന്നുമാണ് മാർപാപ്പ പറയുന്നത്.
റോമിലെ ഫിലിം ഫെസ്റ്റിവലിൽ കിനെയോ പുരസ്കാരം നേടിയ ഡോക്യൂമെന്ററിയെ പ്പറ്റി
വത്തിക്കാൻ മാധ്യമവിഭാഗം പറഞ്ഞത് പാപ്പ ഈ സംഭാഷണങ്ങളിൽ പാപ്പയുടെ ജീവിതാനുഭവങ്ങൾകൊണ്ട്, ഞ്ജാനത്തോടും അനുകമ്പയോടും കൂടെ മറുപടി പറയുന്നു എന്നാണ്. പരമ്പരാഗത കുടുംബജീവിതവും, പുതിയ സാഹചര്യങ്ങളും തമ്മിൽ സംശയങ്ങൾക്ക് കാരണമൊന്നുമില്ല എന്നു തന്നെയാണ് മാർപാപ്പ പറയുന്നത്.
ക്രിസ്തീയ വിശ്വാസത്തിൽ, കുടുംബം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. യാഥാർത്ഥ്യത്തിന് എതിരായി ഭരണാധികാരികൾക്കോ നിയമപാലകർക്കോ, എന്തിന് മാർപാപ്പക്ക് പോലും ഒന്നും ചെയ്യാൻ സാധിക്കില്ല. (contra factum non valet argumentum).
സവർഗ സ്നേഹികളെ കുറ്റവാളികളായി കാണുന്ന പൊതുബോധത്തിന് മാറ്റം വരുത്താൻ മാർപാപ്പയുടെ നിലപാട് കാരണമാകും എന്ന് പ്രതീക്ഷിക്കാം.
കേരളത്തിലെ കത്തോലിക്കാ മെത്രാന്മാർ, ഈ വിഷയത്തിൽ തങ്ങൾ മാർപ്പാപ്പയോടും സഭയോടും ഒപ്പമാണ് എന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ നിലപാട് വ്യക്തമാക്കണം. പൊതുസമൂഹവും മാറി ചിന്തിക്കാൻ തയാറാകണം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized