വി എസ് അച്യുതാനന്ദൻ

വി എസ് അച്യുതാനന്ദൻ@100.

വി എസ് അച്യുതാനന്ദൻ്റെ 101ആം ജന്മദിനമാണ് ഒക്ടോബർ 20.

കേരളരാഷ്ട്രീയത്തിൽ വേറിട്ട പ്രയാണമായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന പോരാളിയുടേത്. പുന്നപ്ര വയലാർ സമരകാലത്ത് കാലിൽ തുളച്ചുകയറ്റിയ ബയണറ്റിൻ്റെ മുറിപ്പാടുമായാണ് യുവാവായ അച്ചുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ ഓടിനടന്നത്.
16 വയസിൽ തുടങ്ങിയ പിന്നീട് 8 പതിറ്റാണ്ടുകൾ തുടർന്ന നീട്ടിയും കുറുക്കിയുമുള്ള ആ പ്രസംഗം കേൾക്കാൻ ജനക്കൂട്ടം തടിച്ചുകൂടി. നായനാർ കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയുള്ള കമ്മ്യൂണിസ്റ്റ് നേതാവായി ഉയർന്നു.
1964ൽ സി പി ഐ സെൻട്രൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സി പി എം ഉണ്ടാക്കിയ 32 നേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് വി എസ്.
80 വയസ്സ് കഴിഞ്ഞിട്ടാണ് മുഖ്യമന്ത്രി പദത്തിലെത്താൻ കഴിഞ്ഞതെങ്കിലും ( അതിനുമുൻപ് സ്വന്തം തട്ടകത്തിൽ പാർട്ടിക്കാർ തന്നെ തോൽപ്പിച്ച് വഴിതടഞ്ഞ ചരിത്രവുമുണ്ട്. ) എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തരക്കേടില്ലാത്ത ഭരണം കാഴ്ചവെക്കുകയും ചെയ്തു.
പാർട്ടി സെക്രട്ടറിയായിരിക്കെ സംസ്ഥാന കമ്മറ്റിയിൽ വെട്ടിനിരത്തൽ ഉൾപ്പെടെ നടത്തിയ കടുത്ത സ്റ്റാലിനിസ്റ്റ് ആയിരുന്നുവെങ്കിലും, ഭരണത്തിൽ തികഞ്ഞ ഉത്പതിഷ്ണുവായിരുന്നു. ഐ ടി രംഗത്ത് കൈവരിച്ച പുരോഗതി മാത്രം മതി അച്യുതാനന്ദൻ എന്ന മുഖ്യമന്ത്രിയെ വിലയിരുത്താൻ.
സ്വന്തം പ്രൈവറ്റ് സെക്രട്ടറിമാരെപ്പോലും നിയമിക്കാൻ പറ്റാത്ത വിധത്തിൽ പാർട്ടി കൈകെട്ടിയില്ലായിരുന്നെങ്കിൽ
തുടർഭരണം അന്നുതന്നെ സാധ്യമായേനെ എന്ന് കരുതുന്നവരുണ്ട്.
90കളുടെ വാർദ്ധക്യത്തിലും ആരോഗ്യവാനായിരുന്ന വി എസ്, പ്രതിപക്ഷനേതാവ് എന്ന നിലയിലും തിളങ്ങി.
പിന്നീടും നിർണ്ണായകസന്ധികളിൽ ഉറച്ച നിലപാടുകളോടെ തന്റെ ശിരസ്സ് ഉയർത്തിപ്പിടിച്ചുകൊണ്ടു പാർട്ടിയല്ല ജനങ്ങളാണ് മുഖ്യം എന്ന് അദ്ദേഹം പറയാതെ പറഞ്ഞു.

ജീവിതസായാഹ്നത്തിൽ ഈ സമരനായകന് ആശംസകൾ.
“Old Soldiers never die. They just fade away”.

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *