#religion
വത്തിക്കാൻ സൂനഹദോസ് 2023/24
ആഗോള കത്തോലിക്കാസഭയുടെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന സമ്മേളനമാണ് സിനഡ് ( സൂനഹദോസ്).
കത്തോലിക്കാസഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങൾ ക്രോഡീകരിച്ച നിഖ്യാ സൂനഹദോസ് മുതൽ ഫ്യൂഡൽ യുഗത്തിൽ നിന്ന് ആധുനിക യുഗത്തിലേക്ക് സഭയെ കൈപിടിച്ചു നടത്തിയ രണ്ടാം വത്തിക്കാൻ സൂനഹദോസ് വരെ നിർണ്ണായകമായ സമ്മേളനങ്ങൾ കഴിഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സഭ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്ന ഒന്നാണ് 2023ൽ
വത്തിക്കാനിൽ ആരംഭിച്ച് 2024 ലും തുടരുന്ന ആഗോള സിനഡ്.
കർദ്ദിനാൾമാരും പാത്രിയർക്കീസുമാരും, മെത്രാന്മാരും വൈദികരും മാത്രമല്ല, അല്മായ വിശ്വാസികളും ഉൾപ്പെടുന്ന പ്രതിനിധികൾ. 461 ഡെലിഗേറ്റുകളിൽ ചരിത്രത്തിലാദ്യമായി 81 വനിതകൾ. വോട്ടവകാശമില്ലാത്ത 61 വിദഗ്ധരും സിനഡിൽ പങ്കെടുക്കുന്നുണ്ട്.
ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റം കുറച്ചുപേര് വേദിയിൽ ഉപവിഷ്ടരായി പ്രസംഗങ്ങൾ നടത്തുന്നതിനു പകരം 12 പേര് അടങ്ങുന്ന ഗ്രൂപ്പുകളായി ഒരു മേശക്കു ചുറ്റുമിരുന്ന് ചർച്ചകൾ നടത്തുന്നു എന്നതാണ്.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ഓരോ മേശക്കു ചുറ്റും ഇരിക്കുന്നവർക്ക് മറ്റുള്ള മേശകൾക്കു ചുറ്റുമുള്ളുവർ പറയുന്നതും കേൾക്കാൻ സാധിക്കും.
സഭയിൽ ആരും ആരുടെയും മുകളിലല്ല, കീഴിലുമല്ല എന്ന് അടിവരയിട്ടുകൊണ്ട് ആഗോളസഭയുടെ പരമാധ്യക്ഷൻ , ഫ്രാൻസിസ് മാർപാപ്പ അവരുടെ ഒപ്പമിരുന്ന് ചർച്ചകളിൽ പങ്കാളിയാവുന്നു.
എല്ലാവരുടെയും ശബ്ദം കേൾക്കണം, എല്ലാവരുടെയും സ്ഥലമാണ് ദേവാലയം എന്നാണ് അദ്ദേഹത്തിൻ്റെ പ്രമാണം.
“For a Synodal Church: Communion, Participation, Mission”
എന്നതാണ് സിനഡിൻ്റെ അർഥവർത്തായ തീം.
ആരെയും കുറ്റപ്പെടുത്തി ശിക്ഷിച്ച് തിരുത്തുക എന്നതല്ല, മറിച്ച് എല്ലാവരും സഹോദരന്മാരാണ് എന്ന് മനസ്സിലാക്കി ഒരുമിച്ച് ഇരുന്ന് ചർച്ചചെയ്തു പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെ ഉത്തരങ്ങൾക്കായി കാത്തിരിക്കുന്ന സഭയുടെ കൂട്ടായ്മയാണ് സിനഡാലിറ്റി എന്ന പ്രസ്താവനയോടെ തുടങ്ങിയ സിനഡിൻ്റെ തീരുമാനങ്ങൾ ലോകം ഉറ്റുനോക്കുന്നു.
കേരളത്തിലെ പ്രമുഖ വിശ്വാസ സമൂഹമായ സീറോ മലബാർ സഭ അംഗസംഖ്യയിൽ ഉക്രേനിയൻ സഭയുടെ മുന്നിൽ വ്യക്തി സഭകളുടെ നിരയിൽ രണ്ടാമത് എത്തിയിരിക്കുന്നു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
വത്തിക്കാൻ സിനഡിൻ്റെ ചുവട് പിടിച്ച് സീറോ മലബാർ സഭയുടെ സിനഡും നടന്നു. എന്നാൽ സിനഡാലിറ്റി അല്ലെങ്കിൽ വിശ്വാസികളുടെ കൂട്ടായ്മ എന്ന സങ്കൽപ്പം തന്നെ ഇല്ലാതാക്കുന്ന തരത്തിൽ ഭിന്നത രൂക്ഷമായി തുടരുന്നു. 10 ലക്ഷം വരുന്ന എറണാകുളം അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും വിശ്വാസികളും സിനഡിൻ്റെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുകയില്ല എന്ന ഉറച്ച തീരുമാനത്തിലാണ്.
എന്തുവന്നാലും തീരുമാനം അടിച്ചേൽപ്പിക്കും എന്നാണ് മെത്രാൻ സമിതിയുടെ നിലപാട്. സ്വാഭാവികമായും ഒരു പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഏട്ടിലെ പശു പുല്ലു തിന്നുമോ, മെത്രാന്മാർ അവരുടെ അധികാരത്തിൻ്റെ ചെങ്കോൽ താഴെ വെച്ച് ബൈബിൾ കയ്യിലെടുക്കാൻ തയ്യാറാകുമോ, എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ട കാര്യം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized