#ഓർമ്മ
കെ പി എസ് മേനോൻ.
കെ പി എസ് മേനോൻ്റെ (1898-1982) ജന്മവാർഷികദിനമാണ്
ഒക്ടോബർ 18.
1947നുശേഷം സ്വതന്ത്ര ഇന്ത്യയിൽ ഭരണയന്ത്രം തിരിക്കാൻ പ്രധാനമന്ത്രി നെഹ്രുവിൻ്റെയും ഉപ പ്രധാനമന്ത്രി പട്ടേലിൻ്റെയും വലംകൈയായി
പ്രവർത്തിച്ചത് മൂന്നു മേനോൻമാരാണ് –
വി കെ കൃഷ്ണമേനോൻ, വി പി മേനോൻ, കെ പി എസ് മേനോൻ. ഇന്ത്യാക്കാരനായ ആദ്യത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്നു കെ പി എസ് മേനോൻ ഐ സി എസ്.
തിരുവിതാംകൂറിൽ കോട്ടയത്താണ് കെ പദ്മനാഭൻ ശിവശങ്കര മേനോൻ ജനിച്ചത്. വക്കീലായ അച്ഛൻ കുമാരൻ മേനോൻ വിവാഹശേഷം ഒറ്റപ്പാലത്തു നിന്ന് കോട്ടയത്തു വന്നു താമസമാക്കിയയാളാണ്.
മദ്രാസ് ക്രിസ്ത്യൻ കോളേജിലും ഓക്സ്ഫോർഡ് സർവ്വകലാശാലയിലും പഠിച്ച് ബാരിസ്റ്റർ ബിരുദം നേടിയ മേനോൻ, 1918ൽ ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്നു.
ഇന്ത്യക്കുവേണ്ടി ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ ഒപ്പുവെച്ചത് കെ പി എസ് ആണ്.
സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ചൈനയിൽ അംബാസഡർ ആയിരുന്നു. ദുർഘടമായ ഹിമാലയപർവതവും കാരക്കോറം മലനിരകളും നടന്നുകയറി ചൈനയിൽ എത്തിയ മേനോൻ, പിന്നീട് എഴുതിയ ഡൽഹി ചുങ്കിങ് ഡയറിയുടെ മലയാള പരിഭാഷ വായിച്ചാണ് ഞാൻ കോട്ടയംകാരനായ കെ പി എസിൻ്റെ ആരാധകനായി മാറിയത്.
1948മുതൽ 1952വരെ വിദേശകാര്യ സെക്രട്ടറിയായിരുന്ന മേനോൻ, 1952മുതൽ 61വരെ സോവിയറ്റ് യൂണിയനിൽ സ്ഥാനപതിയായി. സ്റ്റലിനെ ജീവനോടെ അവസാനമായി കണ്ട വിദേശി കെ പി എസ് ആണ്.
കെ പി എസ് വിവാഹം ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റ് സ്ഥാനം അലങ്കരിച്ച ഏക മലയാളിയായ സർ ചേറ്റൂർ ശങ്കരൻ നായരുടെ മകൾ സരസ്വതി ( അനുജി) യെയാണ്. മകൻ കെ പി എസ് മേനോൻ ജൂനിയറും, ചെറുമകൻ കെ പി ശിവശങ്കര മേനോനും വിദേശകാര്യ സെക്രട്ടറി പദത്തിലെത്തി എന്നത് ഒരു അപൂർവ സംഭവമാണ്.
ഒറ്റപ്പാലത്താണ് അവസാനകാലം ചെലവഴിച്ചത്.
ഇംഗ്ലീഷിലും മലയാളത്തിലും സുന്ദരമായി എഴുതാൻ കഴിവുണ്ടായിരുന്ന കെ പി എസിൻ്റെ സവിശേഷത അസാമാന്യമായ നർമ്മബോധമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized