#ഓർമ്മ
#religion.
പ്രൊഫ. സ്കറിയാ സക്കറിയ.
പ്രൊഫസർ സ്കറിയാ സക്കറിയായുടെ (1947-2022) ഓർമ്മദിവസമാണ്
ഒക്ടോബർ 18.
ചങ്ങനാശ്ശേരി എസ് ബി കോളേജിൽ തുടങ്ങി കാലടി സംസ്കൃത സർവകലാശാലയിൽ തുടർന്ന അധ്യാപക, ഗവേഷണ, ജീവിതത്തിനിടയിൽ ജർമനിയിലെ ട്യൂബിംഗ്ടൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഗുണ്ടർട്ടിൻ്റെ രചനകളുടെ അപൂർവ ശേഖരം കണ്ടെടുക്കുക മാത്രമല്ല, വിശദമായ പഠനങ്ങൾ സഹിതം പ്രസിദ്ധീകരിക്കുക വഴി കൈരളിക്ക് ഈ മഹാൻ നൽകിയ സേവനങ്ങൾ മറക്കാനാവില്ല.
അധ്യാപകൻ, ഗവേഷകൻ, ഗ്രന്ഥകർത്താവ് എന്ന നിലയിലോക്കെയാണ് സ്കറിയാ സക്കറിയായുടെ പ്രശസ്തി. പക്ഷേ താനുൾപ്പെട്ട കത്തോലിക്കാസഭ ആധുനികലോകത്തിന് അനുസൃതമായി നവീകരിക്കപ്പെടണം എന്ന് ശക്തിയായി ആവശ്യപ്പെട്ടിരുന്ന സമുദായസ്നേഹിയും സാമൂഹ്യ പരിഷ്കർത്താവും കൂടിയായിരുന്നു പ്രൊഫസർ സ്കറിയാ സക്കറിയ.
നമ്പൂതിരി മാഹാത്മ്യത്തിൽ അഭിനിവേശപ്പെട്ടിരുന്ന സഭാചരിത്രകാരൻമാരെക്കുറിച്ച് അദേഹം പറഞ്ഞത്,
“അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന സകല നമ്പൂതിരിമാരുടെയും ബീജം ശേഖരിച്ച് റബറിനു തുരിശടിക്കുന്നതു പോലെ ഹെലികോപ്റ്ററിൽ കൂടി തളിച്ചിരുന്നെങ്കിൽ പോലും ഇന്നത്തെ കുടുംബചരിത്രങ്ങളിൽ കാണുന്നത്രയും നമ്പൂതിരിമാർ ഉണ്ടാവില്ല” എന്നാണ്.
സഭയ്ക്കുള്ളിലെ പുഴുക്കുത്തുകളെപ്പറ്റി അദേഹം വർഷങ്ങൾക്ക് മുൻപ് എഴുതിയ ഈ ലേഖനം വായിക്കുക:
നസ്രാണി കത്തോലിക്കാ സഭയിലെ ധനവും കടവും.
“മാധ്യമങ്ങളിൽ കാണുന്നതനുസരി ച്ചാണെങ്കിൽ സീറോ മലബാർ സഭയിൽ/നസ്രാണി കത്തോലിക്കാ സമുദായത്തിൽ, വലിയൊരു സംഘർഷം രൂപപ്പെടുകയാണ്.
ഈ ധാരണ വിശദമായ പരിശോധനയും വ്യാഖ്യാനവും അർഹിക്കുന്നു .
ഇത്തരം കൊടുങ്കാറ്റുകൾ ഇതിനുമുമ്പും സുറിയാനി കത്തോലിക്കരുടെയിടയിൽ ഉണ്ടായിട്ടുണ്ട്. അവയിൽ കുറ്റം ചാർത്തപ്പെടുന്നവർ മങ്ങൂഴത്തിലാവുന്നതോ അച്ചടക്കനടപടിക്ക് വിധേയരാവുന്നതോ കണ്ടിട്ടുമുണ്ട്. എന്നാൽ അത്തരം സമ്മർദ്ദങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് സത്യസന്ധമായ ഒരു വിവരണം കിട്ടാറില്ല. വിഷയം മറിയക്കുട്ടി കൊലപാതകമോ ധനാപഹരണമോ ബാലപീഡനമോ എന്തുമാകാം. വിചാരണയോ വിശദീകരണമോ ഇല്ലാതെ, അത്തരം സംഭവങ്ങളും വ്യക്തികളും മറവിയുടെ ഇരുട്ടുകുഴിയിലേക്ക് തള്ളപ്പെടുന്നു. ഇപ്പോൾ നടക്കുന്ന തീവ്രവിവാദത്തിനും ഇതുതന്നെ സംഭവിക്കും എന്ന് ഭയപ്പെടുന്നു.
മറിച്ചാണെങ്കിൽ സഭാനിയമങ്ങളും രാജ്യത്തിന്റെ നിയമങ്ങളും കൃത്യമായി പിന്തുടർന്ന് വസ്തുതകൾ കണ്ടെത്തി സുതാര്യത സഭയിലുണ്ടാക്കണം. മലർന്നുകിടന്ന് തുപ്പരുത് എന്ന ന്യായംപറഞ്ഞ് കുറ്റവാളികളെ ഒളിപ്പിക്കരുത്. ചരിത്രത്തിലുടനീളം ഇത്തരം സംഭവങ്ങൾ കേരള ക്രൈസ്തവസമൂഹത്തിൽ അരങ്ങേറിയിട്ടുണ്ട്. അരങ്ങേറുന്നുമുണ്ട്.
ഇതിൽ സാധാരണ വിശ്വാസികൾക്കും വൈദികർക്കും മെത്രാന്മാർക്കും വ്യക്തമായ പങ്കുണ്ട്. സഭാ വക സ്ഥാപനത്തിൽ നടക്കുന്ന കൊള്ളരുതായ്മകൾ എല്ലാം ന്യായികരിക്കുന്നതിനാണ് ദൈവരാജ്യം പ്രതിഫലമായി ലഭിക്കുകയെന്ന വിശ്വാസം വ്യാപകമാണ്. മോഷണവും ധൂർത്തും സുകൃതങ്ങളായി മാറുന്നതെങ്ങനെ? നികുതിവെട്ടിപ്പും കോഴയും സഭാസ്നേഹമായി വാഴ്ത്തപ്പെടുന്നത് എത്രയോ സന്ദർഭത്തിൽ കേട്ടിട്ടുണ്ട്. കോടിക്കണക്കിന് രൂപ മുടക്കി മഹാദേവാലയങ്ങൾ നിർമ്മിക്കുന്നവർ മാത്രമല്ല കണക്കു ചോദിക്കാതെ കണക്കറ്റ ധനം നൽകുന്നവരും ഈ പാപകർമ്മത്തിൽ പങ്കാളികളാണ്.ഈ അപകടം പലപ്പോഴും സഭയിലെ ചുരുക്കം ചില മെത്രാന്മാരും വൈദികരും തിരിച്ചറിയുന്നു.
സാമ്പത്തിക ക്രമക്കേട് കാട്ടിയവരെ ഫ്രാൻസിസ് പാപ്പ പുറത്താക്കിയത് മറന്നുകൂടാ. ബാലപീഡകരെ ഔദാര്യപൂർവം മാറ്റിനിർത്തുക മാത്രമേ അദ്ദേഹം ചെയ്തൊള്ളു. ഇത്തരം ധാരാളം വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്ന സഭാസംവിധാനത്തിൽ വീണ്ടുവിചാരത്തിനുള്ള ഒരു ശബ്ദവും ഒരിടത്തുനിന്നും ഉയർന്നുകേൾക്കുന്നില്ല. പള്ളിപ്പണത്തിനും വസ്തുവകകൾക്കും കണക്കുവയ്ക്കണം എന്ന് പറയുന്നതിൽ യാതൊരു പുതുമയുമില്ല. കണക്കുപറയാനും കണക്കു ചോദിക്കാനും തത്വനിഷ്ഠമായി ചർച്ചചെയ്യാനും സുതാര്യമായി തീരുമാനമെടുക്കാനും കഴിയുന്ന സംവിധാനങ്ങൾ ഉണ്ടാകണം.
മർത്തോമ്മാ നസ്രാണികൾക്കാണ് ഇക്കാര്യത്തിൽ അനന്യമായ പാരമ്പര്യമുള്ളത്. സഭയുടെ സാമ്പത്തികകാര്യങ്ങളിലെ നടത്തിപ്പും പള്ളിയോഗമെന്ന സംവിധാനത്തിന്റെ ചുമതലയായിരുന്നു. ഇന്നും പളളിയോഗമുണ്ട്. പക്ഷേ അതിന് വെറും ഉപദേശകസമിതിയുടെ സ്ഥാനം മാത്രം നൽകി ചരിത്രാവശിഷ്ടമായി സൂക്ഷിക്കുന്നു. ഇത്തരം ചർച്ചകളിലേക്ക് കേരള ക്രൈസ്തവസമുദായം ഉണരേണ്ട സന്ദർഭമാണിത്. മറിച്ച് പ്രദേശിക സംഘർഷമായോ ആരാധനക്രമ വിവാദമായോ ഏതാനും പുരോഹിതരുടെ വഴിപിഴച്ച പോക്കായോ ഇതിനെ ലഘുകരിച്ച് കാണരുത്. ഇത് സംവിധാനപരമായ പിഴയാണ്. സംവിധാനങ്ങൾ പൊളിച്ച് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി സുതാര്യത നഷ്ടപ്പെടുത്താതെ പള്ളിവക സ്വത്തുക്കളുടെ നടത്തിപ്പ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. ഇതാണ് കേരള ക്രൈസ്തവ പാരമ്പര്യം.മറിച്ച് ഇന്ന് നടക്കുന്നത് ചക്കളത്തിലെ പോരാണ്. ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ മെത്രാന്മാരും പുരോഹിതരും തിരശ്ശീലക്ക് പിന്നിലേക്ക് പിൻവാങ്ങും. അതോടെ മാധ്യമങ്ങൾ നിശബ്ദമാകും. യഥാർത്ഥ കാരണങ്ങളിലേക്ക് കടന്ന്ചെല്ലാൻ പലരും ആഗ്രഹിക്കുന്നില്ല. വ്യത്യസ്ത അഭിപ്രായമുള്ളവരെ ഭരണവലയത്തിന് പുറത്തുനിർത്തി ദൈവരാജ്യം സ്ഥാപിക്കാനാണ് മെത്രാൻമാരും വൈദികരും സഭാസ്നേഹികളായ അല്മായരും തത്രപ്പെടുന്നത്. സുതാര്യതയല്ല രഹസ്യാത്മകതയാണ് അവർക്ക് വിശിഷ്ട സുകൃതം”.
– ജോയ് കള്ളിവയലിൽ
Posted inUncategorized