എറണാകുളം മെത്രാസന മന്ദിരം

#ചരിത്രം
#religion

എറണാകുളം മെത്രാസന മന്ദിരം.

സീറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പിൻ്റെ ആസ്ഥാന മാണ് എറണാകുളം – അങ്കമാലി അതിരൂപത.
സുറിയാനി കത്തോലിക്കായി സ്ഥാപിതമായ കോട്ടയം, ത്രിശൂർ വികാരിയത്തുകൾ പിന്നീട് ചങ്ങനാശ്ശേരി, എറണാകുളം, ത്രിശൂർ രൂപത്തകളായി മാറി.
എറണാകുളം രൂപതയാണ് പിന്നീട് അതിരൂപതയായി ഉയർത്തപ്പെട്ടത്. അതിരൂപതയുടെ അധ്യക്ഷൻ്റെ ആസ്ഥാനമാണ് എറണാകുളം മെത്രാസന മന്ദിരം.

1896 ജൂലൈ 28ന് ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് സുറിയാനി കത്തോലിക്കർക്കു വേണ്ടി എറണാകുളം വികാരിയത്ത് സ്ഥാപിച്ചത്. മാർ ലൂയിസ് പഴേപറമ്പിൽ ആദ്യത്തെ വികാരി അപ്പോസ്തോലിക്ക യായും നിയമിക്കപ്പെട്ടു. 1896 നവംബർ 5ന് മാർ പഴേപറമ്പിൽ വികാരി അപ്പോസ്തോലിക്കയായി സ്ഥാനമേറ്റു.
– ജോയ് കള്ളിവയലിൽ.

“ആസ്ഥാനമായി
അരമന പണിയണമെങ്കില്‍ സ്ഥലവും പണവും വേണം. പുതുതായി സ്ഥാപിതമായ വികാരിയാത്തിന് തങ്ങളുടെ ഇടവകയുടെ (എറണാകുളം) സ്ഥലപ്പേര് നല്കപ്പെട്ടിരിക്കുന്നതിനാലും എറണാകുളം ആസ്ഥാനമാക്കാന്‍ മാര്‍ ളൂയിസ് മെത്രാന്‍ നിശ്ചയിച്ചിരിക്കുന്നതിനാലും അരമന ഇപ്പോള്‍ സ്ഥിതിചെയ്യുന്ന എറണാകുളം പള്ളിവക പറമ്പ് അരമന പണിയുന്നതിനു ദാനം ചെയ്യാന്‍ എറണാകുളം സെന്‍റ് മേരീസ് പള്ളി ഇടവകക്കാര്‍ തയ്യാറായി. ഈ നിശ്ചയം മാര്‍ ളൂയിസ് മെത്രാനെ വളരെ സന്തോഷിപ്പിച്ചു.

എറണാകുളം പള്ളിക്കാര്‍ നല്കിയ സ്ഥലം മാര്‍ ളൂയിസ് മെത്രാന്‍ വളരെ സന്തോഷത്തോടെ സ്വീകരിച്ചുവെങ്കിലും പ്രസ്തുത സ്ഥലത്തുണ്ടായിരുന്ന പാട്ടക്കാരെ ഒഴിപ്പിച്ചെടുക്കുക വളരെ ക്ലേശകരമായിരുന്നു
; മാത്രമല്ല അതിനുവേണ്ടി മാര്‍ ളൂയിസ് മെത്രാന്‍ വളരെ കഷ്ടനഷ്ടങ്ങള്‍ സഹിക്കുകയും ചെയ്തു.

1897 സെപ്തംബര്‍ 14-ന് അരമന പണിയാനുള്ള വസ്തു ഒഴിഞ്ഞുകിട്ടി. 1897 ഒക്ടോബര്‍ 25-ന് (മാര്‍ ളൂയിസ് മെത്രാന്‍റെ പട്ടത്തിന്‍റെ പ്രഥമവാര്‍ഷിക ദിനത്തില്‍) എറണാകുളം, ചങ്ങനാശ്ശേരി, കൊച്ചി രൂപതകളിലെ വികാരി ജനറാളന്മാരുടെയും എഴുപത്തിയഞ്ചോളം വൈദികരുടെയും സാന്നിധ്യത്തില്‍ അരമനയുടെ ശിലാസ്ഥാപനം മാര്‍ ളൂയിസ് മെത്രാന്‍ നിര്‍വ്വഹിച്ചു. ഡിസംബര്‍ 1-ന് പണികളാരംഭിച്ചു. 1898 ജനുവരി 24-ന് “കട്ടിളപ്പൊഴുത്” നടന്നു. 1899 ജനുവരി 24-ന് മേല്ക്കൂടു കയറ്റി. ജനങ്ങളിൽ നിന്നുള്ള സംഭാവനകളും നല്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആകയാല്‍ കല്പനയില്‍ പറയുന്നു:
“നിങ്ങള്‍ അഭിപ്രായപ്പെട്ടിരിക്കുന്നതിന്‍വണ്ണം ഈ രാജപട്ടണത്തില്‍ പണിയപ്പെടുന്ന നമ്മുടെ കെട്ടിടങ്ങള്‍ക്കും മറ്റും വേണ്ടിവരുന്ന ധനത്തിനു ജനങ്ങളില്‍നിന്നുകൂടെയും ഒരു പിരിവുണ്ടാകുന്നതിനു നിങ്ങളില്‍ പലരും അഭിപ്രായപ്പെട്ടിരിക്കുന്നതിനവണ്ണം നല്ല മനസ്സോടെ എല്ലാവരും ചെയ്യാനും ഒരുത്തര്‍ക്കും ഭാരമായി എന്നു വരാതെയിരിപ്പാനും കൊച്ചു തൊട്ടു വലിയതു വരെ എന്നു പറയുന്നതുപോലെ എല്ലാവരും ഇതിന്‍റെ ഓഹരിക്കാരായി തീരുവാനും വെണ്ടി ഇതുസഹിതം അയയ്ക്കുന്ന പുസ്തകത്തില്‍ ഓരോരുത്തരുടെ പെരെഴുതി അവരവരുടെ വശംപോലെ മനസ്സുള്ള സംഖ്യ അതില്‍ പതിച്ചു ഒപ്പുവെക്കുകയും അപ്രകാരം പതിക്കുന്ന സംഖ്യ മൂന്നു വര്‍ഷംകൊണ്ടു ആറു തവണകളായി ബഹു. വികാരിമാരുടെ പക്കല്‍ ഏല്പിക്കുകയും അവര്‍ അതിനെ പിരിച്ചു നമ്മുടെ പെ. ബ. വികാരി ജനറാളിനെ ഏല്പിച്ചു രസീതു വാങ്ങിക്കൊള്ളുകയും മൂന്നുകൊല്ലം കഴിയുമ്പോള്‍ കണക്കു വിളങ്ങി തീരുകയും വെണ്ടതാകുന്നു.

ആകയാല്‍ പ്രിയ വിശ്വാസികളെ, ഈ സന്ദര്‍ഭത്തില്‍ നിങ്ങളോടുകൂടിയും നിങ്ങളുടെ ഈ നല്ല ആഗ്രഹത്തെ നിറവേറ്റുവാന്‍ നാമും നമ്മാല്‍ പാടുള്ള സഹായം ചെയ്യുന്നതിന് ഒട്ടും ഉപേക്ഷ വിചാരിക്കുന്നില്ല. നിങ്ങളുടെ ഈ ദാനത്തില്‍ നാമും ന്യായമായ ഓഹരിക്കാരനാകയാല്‍ ഈ മിസ്സംവക പിരിവില്‍ നിന്നല്ലാതെ നമ്മുടെ സ്വന്തം വകയില്‍നിന്നും പതിനായിരം രൂപ നാമും കൊടുക്കുന്നതും അപ്രകാരംതന്നെ നമ്മുടെ സമുദായത്തില്‍ പ്രാധാന്യം പ്രാപിച്ചിട്ടുള്ളവരും തിരുസഭയുടെ മാടമ്പികളുമായ പാറായില്‍ തരകന്മാര്‍ സ്വമനസ്സാല്‍ നാലായിരം രൂപായും നിശ്ചയിച്ചിരിക്കുന്നു എന്നുള്ള വിവരവും ഈ സന്ദര്‍ഭത്തില്‍ നാം അറുവിക്കുന്നു.”

വൈദികരില്‍നിന്നും പള്ളിക്കാരില്‍നിന്നും പാറായികളില്‍ നിന്നും ലഭിച്ച തുകകൊണ്ട് പണികള്‍ പൂര്‍ത്തിയാക്കാന്‍ മാര്‍ ളൂയിസ് മെത്രാനു സാധിച്ചില്ല. ആകയാല്‍ ലെവീഞ്ഞു മെത്രാനുമൊന്നിച്ചു വിദേശയാത്ര നടത്തിയപ്പോള്‍ വിദേശത്തുനിന്നും സമ്പാദിച്ച സ്നേഹിതരില്‍നിന്നും ചില സഹായങ്ങള്‍ അദ്ദേഹത്തിനു തേടേണ്ടിവന്നു. എങ്കിലും പണിക്കാവശ്യമായ തുകയുടെ സിംഹഭാഗവും വികാരിയാത്തില്‍ നിന്നുതന്നെയാണ് അദ്ദേഹം ശേഖരിച്ചത്. ഇപ്രകാരം പള്ളികളില്‍നിന്നും ജനങ്ങളില്‍നിന്നും വൈദികരില്‍നിന്നും ശേഖരിച്ച പണത്തിനു പുറമെ മെച്ചപ്പെട്ടൊരു തുക മാര്‍ ളൂയിസ് മെത്രാന്‍റെ സ്നേഹിതരും കെട്ടിടം പണിക്കു നല്കുകയുണ്ടായിട്ടുണ്ട്. മാത്രമല്ല, ഇത്ര വലിയ സൗധത്തിന്‍റെ നിര്‍മ്മാണത്തില്‍ ഒരു ചില്ലിക്കാശുപോലും പാഴ്ച്ചെലവ് വരാന്‍ അദ്ദേഹംഅനുവദിച്ചില്ല. എന്തെന്നാല്‍ ഓരോ ചില്ലിക്കാശിന്‍റെയും മൂല്യം എത്ര വലുതാണെന്നു അദ്ദേഹത്തിനു നന്നായിട്ടറിയാമായിരുന്നു. അത് ആരും അദ്ദേഹത്തെ (ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടു പോലും) പഠിപ്പിക്കേണ്ടിയിരുന്നില്ല.

രണ്ടു മുദ്രകളാണ് മെത്രാസന മന്ദിരത്തിന്‍റെ മുന്‍വശത്ത് ആലേഖനം ചെയ്തിരിക്കുന്നത്. അതില്‍ ത്രിമകുടത്തോടും താക്കോലുകളോടുംകൂടി മുകളില്‍ കാണുന്ന അണ്ഡാകൃതിയിലുള്ള മുദ്ര എറണാകുളം വികാരിയാത്തു സ്ഥാപിച്ച 13-ാം ലെയോ മാര്‍പാപ്പയുടേതാണ്. ഭാരതത്തില്‍ ആദ്യമായി സുറിയാനിക്കാര്‍ക്കുവേണ്ടി രൂപതകള്‍ (വികാരിയാത്തുകള്‍) സ്ഥാപിക്കുകയും ഏതദ്ദേശീയ മെത്രാന്മാരെ അനുവദിച്ചു തരികയും ചെയ്ത 13-ാം ലെയോ മാര്‍പാപ്പയോടുള്ള ശാശ്വതമായ കടപ്പാടിന്‍റെയും നന്ദിയുടെയും പ്രതീകം കൂടിയാണിത്. അതിന് താഴെയുള്ള വൃത്താകൃതിയിലുള്ള മുദ്ര മാര്‍ ളൂയിസ് മെത്രാന്‍റേതു തന്നെയാണ്.
കൂടാതെ, അരമന കെട്ടിടത്തിന്‍റെ സ്ഥാപനത്തെക്കുറിച്ച് പഴയ മലയാളത്തിലും സുറിയാനിയിലും കരിങ്കല്ലില്‍ ആലേഖനം ചെയ്തു സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
എറണാകുളം പള്ളിക്കാര്‍ സ്ഥലം ദാനമായി നല്കിയതിന് കൃതജ്ഞതാസൂചകമായി “നൂറ്റുക്കഞ്ചും” “ആറിലൊന്ന്” വിഹിതവും മാര്‍ ളൂയിസ് മെത്രാന്‍ എറണാകുളം പള്ളിയില്‍നിന്നും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, എറണാകുളത്തെ പള്ളിമുറിയുടെ ഓട് ഇടുവിച്ചുകൊടുക്കുകയും ആണ്ടുതോറും പത്തുപറ അരിവച്ചു ധര്‍മ്മക്കഞ്ഞി വിതരണം ചെയ്യുന്നതിനും ഒരു റാസയും ഒപ്പീസും ചൊല്ലുന്നതിനും ആയിരം രൂപ പള്ളിയില്‍ ഏല്പിക്കുകയും പള്ളിയുടെ പുറംഭിത്തികള്‍ വെള്ളതേച്ചു ഭംഗിയാക്കുന്നതിനും പള്ളിയകത്ത് തറയോടു വിരിക്കുന്നതിനും ആവശ്യമായ പണം മാര്‍ ളൂയിസ് മെത്രാന്‍ അവര്‍ക്കു നല്കുകയും ചെയ്തിട്ടുണ്ട്. ആകയാല്‍ പള്ളിക്കാരും മെത്രാനച്ചനും തമ്മില്‍ ആഴമേറിയ സൗഹൃദം പുലര്‍ത്തി ജീവിച്ചുവെന്ന് പ്രത്യേകം പ്രസ്താവിക്കേണ്ടതില്ലല്ലോ.

ഏറെക്കുറെ പണികള്‍ പൂര്‍ത്തിയായ അരമന കെട്ടിടം 1900 ഏപ്രില്‍ 24-ന് മാര്‍ ളൂയിസ് മെത്രാന്‍ ആശീര്‍വ്വദിച്ചു. തൃശ്ശിവപ്പേരൂര്‍ വികാരി അപ്പസ്തോലിക്ക മാര്‍ യോഹന്നാന്‍ മേനാച്ചേരി മെത്രാനും ചങ്ങനാശ്ശേരി വികാരി അപ്പസ്തോലിക്ക മാര്‍ മത്തായി മാക്കീല്‍ മെത്രാനും 115 വൈദികരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. 60 കോല്‍ നീളത്തിലും 18 കോല്‍ വീതിയിലും മൂന്നു നിലകളായിട്ടാണ് കെട്ടിടം പണി തീര്‍ത്തത്”.
– ഫാദർ ഇഗ്നേഷ്യസ് പയ്യപ്പിള്ളി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *