#business
ടാറ്റാ ഗ്രൂപ്പിൻ്റെ സാരഥികൾ.
ടാറ്റാ ഗ്രൂപ്പിൻ്റെ തലവനായി രത്തൻ ടാറ്റയുടെ അർദ്ധ സഹോദരൻ നോയൽ റ്റാറ്റാ നിയമിതനായി.
മുൻകാല ചെയർമാൻമാരായ സർ ഡോറാബ് ടാറ്റ, സർ രത്തൻ ടാറ്റ, ജെ ആർ ഡി ടാറ്റ എന്നിവർക്ക് മക്കൾ ഉണ്ടായിരുന്നില്ല. രത്തൻ എൻ ടാറ്റ അവിവാഹിതനുമായിരുന്നു.
ഭാഗ്യവശാൽ നോയൽ ടാറ്റക്ക് മൂന്നു മക്കളുണ്ട് – ലിയ, മായ, നെവിൽ. മൂന്നു പേരും ടാറ്റാ കമ്പനികളിൽ ഇതിനകം തന്നെ സജീവമാണ്.
നോയൽ ടാറ്റയുടെ ഭാര്യ റ്റാറ്റാ ഗ്രൂപ്പിൻ്റെ 18 ശതമാനം ഓഹരികളുള്ള ഷാപ്പൂർജി പല്ലൻജി ഗ്രൂപ്പിൻ്റെ ഉടമ പല്ലൻജി മിസ്ത്രിയുടെ മകളാണ്. രണ്ടു വ്യവസായഭീമന്മാരും തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്ന അടുത്ത ബന്ധം രത്തൻ ടാറ്റയുടെ കാലത്ത് ശിഥിലമായി. അത് പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ് എന്ന വാർത്ത സന്തോഷകരമാണ്.
എന്നാൽ ടാറ്റയും മറ്റൊരു പ്രമുഖ വ്യവസായഗ്രൂപ്പായ കിർലോസ്കറുമായുള്ള ബന്ധം അധികം മാധ്യമശ്രദ്ധ ആകർഷിച്ചിട്ടില്ല. നോയൽ ടാറ്റയുടെ മകൻ നെവിൽ ടാറ്റ വിവാഹം ചെയ്തിരിക്കുന്നത് ടൊയോട്ട കിർലോസ്കർ ഗ്രൂപ്പ് കമ്പനികളുടെ ഉടമയായിരുന്ന വിക്രം കിർലോസ്കറുടെ എക സന്താനമായ മാനസിയെയാണ്.
മറ്റ് വ്യവസായ ഭീമന്മാരുടെ രീതികളിൽ നിന്ന് വ്യത്യസ്തമായി ഇരുവരുടെയും വിവാഹം വളരെ ലളിതമായി ഇരു കുടുംബങ്ങളുടെയും മാത്രം സാന്നിധ്യത്തിൽ മുംബൈയിൽ വെച്ചാണ് നടന്നത്.
വിക്രം കിർലോസ്കർ 2022 നവംബർ 29ന് ആകസ്മികമായി നിര്യാതനായതോടെ മാനസി ടാറ്റ ടൊയോട്ട കിർലോസ്കർ ഗ്രൂപ്പ് കമ്പനികളുടെ സാരഥയിയായി മാറി.
അമേരിക്കയിലെ റോഡ് ഐലൻഡ് സ്കൂൾ ഓഫ് ഡിസൈൻ ബിരുദധാരിയായ മാനസി, ടാറ്റയെപ്പോലെ തന്നെ സാമൂഹ്യപ്രതിബദ്ധതയുടെ കാര്യത്തിലും മുൻപന്തിയിലാണ്. കെയറിങ് വിത്ത് കളർ എന്ന സന്നദ്ധ സംഘടനയിലൂടെ കർണ്ണാടകയിലെ 3200 സ്കൂളുകൾക്കാണ് മാനസി സഹായമെത്തിക്കുന്നത്.
ടാറ്റാ മോട്ടോർസും ടൊയോട്ടയുമായി വാഹനനിർമ്മാണ രംഗത്ത് യോജിച്ച് പ്രവർത്തിക്കാൻ സാധ്യതയുണ്ടോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.
– ജോയ് കള്ളിവയലിൽ .
Posted inUncategorized